അങ്കമാലിയിലെ തെരുവുനായ ശല്യം: നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു
അങ്കമാലി: നഗരസഭാ പ്രദേശത്ത് അലഞ്ഞു തിരിഞ്ഞു നടക്കുന്ന തെരുവുനായ്ക്കളുടെ എണ്ണം കൂടിയിട്ടും ഇവയെ പിടികൂടി വന്ധ്യംകരണം നടത്തുന്നതിന് നഗരസഭ അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിക്ഷേധം ശക്തമാകുന്നു. കുടുംബശ്രീ മിഷന്‍ സംസ്ഥാന തലത്തില്‍ നടത്തിയ പരിശീലന പരിപാടിയില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റ് നേടിയ ആള്‍ നഗരസഭാ പ്രദേശത്ത് ഉണ്ടായിട്ടും ഇയാളുടെ സേവനം പ്രയോജനപ്പെടുത്തി തെരുവ് നായ്ക്കളെ നിയന്ത്രിക്കാത്തതിലാണ് പ്രതിഷേധം ശക്തമായിട്ടുള്ളത്.
വന്ധ്യംകരണ നടപടികള്‍ നടത്തുന്നതിനായി സര്‍ക്കാര്‍ മൃഗാശുപത്രിയില്‍ ഉള്ള സ്ഥലസൗകര്യം ഉപയോഗിക്കാമെന്ന് ഇരുന്നിട്ടും നഗരസഭ അധികൃതര്‍ ഒന്നും ചെയ്യാത്തതില്‍ ജനങ്ങള്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. ആദ്യകാലങ്ങളില്‍ പന്നിയെ വളര്‍ത്തിക്കൊണ്ടിരുന്ന വിശലമായ സ്ഥലസൗകര്യം സര്‍ക്കാര്‍ മൃഗാശുപത്രിയിലുണ്ട്. ഈ സൗകര്യം ഉപയോഗപ്പെടുത്തി വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്താനാകും.
തെരുവുനായ ശല്യം രുക്ഷമായിട്ടുള്ള അങ്ങാടിക്കടവ് റോഡ് , പഴയ നാസ് തിയറ്റര്‍ എന്നിവിടങ്ങളില്‍ അധ്യയന വര്‍ഷം ആരംഭിച്ചതോടെ സ്‌കൂളില്‍ പോകുന്ന പിഞ്ചുകുട്ടികള്‍ ഭീതിയോടെയാണ് പുറത്തിറങ്ങുന്നത്. കൂടാതെ തെരുവുനായകള്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരെയുള്ള ആക്രമണം നിത്യസംഭവമായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം നായത്തോട് പന്നിക്കുഴിച്ചാല്‍ പാടത്ത് കെട്ടിയിട്ടിരുന്ന ആടിനെ നായ്ക്കള്‍ ആക്രമിച്ച് കൊന്നിരുന്നു. മണി വേലായുധന്റെ മൂന്ന് ആടുകളിലൊന്നിനെയാണ് നായക്കൂട്ടം കൊന്നത്. അങ്കമാലി പ്രദേശത്തെ തെരുവ് നായ് ശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് നഗരസഭാ കൗണ്‍സിലര്‍ ടി.ടി.ദേവസിക്കുട്ടി നഗരസഭാ സെക്രട്ടറിക്ക് പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."