മഴക്കെടുതി: അടിയന്തിര നടപടികളുമായി ജില്ലാ ഭരണകൂടം
കാക്കനാട്: മഴക്കാലത്തെ വെള്ളക്കെട്ടും പകര്‍ച്ച വ്യാധികളും തടയാന്‍ ജില്ലയില്‍ യുദ്ധകാല നടപടിക്ക് തീരുമാനം. കൊച്ചി കോര്‍പറേഷന്‍ പരിധിയിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാനും ധാരണയായി. കൊച്ചി കോര്‍പറേഷന്‍ ഉള്‍പ്പെടെ എട്ട് ഡിപ്പാര്‍ട്ട്‌മെന്റുകളെ സംയോജിപ്പിച്ച് നടപകള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫിറുല്ല അറയിച്ചു. ഡിപ്പാര്‍ട്ട്‌മെന്റുകളുടെ നടപടികള്‍ ഏകോപിപ്പിക്കാന്‍ കലക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ബുധനാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും.
വെള്ളംകെട്ടിലായ പ്രദേശങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ക്ക് സാധ്യതയുള്ളതിനാല്‍ കൊച്ചി കോര്‍പറേഷന്‍ പിരിധിയില്‍ ആരോഗ്യ പരിശോധന ക്യാംപുകള്‍ തുടങ്ങും. നഗരസഭ ആരോഗ്യ വിഭാഗവും എന്‍.യു.എച്ചും സംയുക്തമായി ഇതിന് നടപടിയെടുക്കും. ആവശ്യമായ ഫണ്ട് അതത് ഡിപ്പാര്‍ട്ട് മെന്റുകള്‍ ചെലവഴിക്കാനും യോഗത്തില്‍ തീരുമാനമായി. ഫണ്ടിന്റെ അപര്യാപ്തത ശുചീകരണ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്ന് കലക്ടര്‍ വ്യക്തമാക്കി.
വെള്ളക്കെട്ട് പരിഹരിക്കാന്‍ കോര്‍പ്പറേഷനുമായി സഹകരിക്കാതെ മാറി നിന്ന പല ഡിപ്പാര്‍ട്ടുമെന്റുകളും കലക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ അനുകൂല നിലപാട് സ്വീകരിച്ചതില്‍ നഗരസഭ പ്രതിനിധികള്‍ സന്തുഷ്ടി പ്രകടിപ്പിച്ചു. കൊച്ചി മെട്രോ, കൊച്ചി പോര്‍ട്ട് ട്രസ്റ്റ്, റെയില്‍വേ, പൊതുമരാമത്ത്, ദേശീയ പാത അതോറിട്ടി, ജി.സി.ഡി.എ, ജലസേചന വകുപ്പുകള്‍ കൊച്ചി കോര്‍പ്പറേഷന്‍ നേതൃത്വത്തില്‍ വെള്ളക്കെട്ട് പരിഹരിക്കാന്‍ സഹകരിക്കും. ടൗണ്‍ഹാള്‍, എം.ജി റോഡ്, പത്മ, ഷേണായി ജങ്ഷനുകള്‍, എറണാകുളം സൗത്ത്, ഇടപ്പള്ളി ബാങ്ക് ജങ്ഷന്‍ മുതല്‍ പേട്ട വരെയും സഹോദരന്‍ അയ്യപ്പന്‍ റോഡ് എന്നിവടങ്ങളില്‍ മെട്രോയുടെ നേതൃത്വത്തിലായിരിക്കും വെള്ളക്കെട്ട് ദുരീകരിക്കാന്‍ നടപടിയെടുക്കുമെന്ന് മെട്രോ പ്രതിനിധികള്‍ യോഗത്തില്‍ അറിയിച്ചു.
തേവര, കല്‍വത്തി, തോപ്പുപടി എന്നിവങ്ങളില്‍ കൊച്ചിന്‍ പോര്‍ട്ടിന്റെ സഹായത്തോടെ ഡ്രൈജിങ് നടത്തി വെള്ളക്കെട്ട് ഒഴിവാക്കും. സൗത്ത്, നോര്‍ത്ത് റെയില്‍ വേ സ്റ്റേഷനുകള്‍ക്ക് പരിധിയിലുള്ള 21 കള്‍വര്‍ട്ടുകള്‍ റെയില്‍ വേയുടെ നേതൃത്വത്തില്‍ ശുചീകരണം നടത്തും. പാര്‍ക്ക് അവന്യു റോഡ്, ഷണ്‍മുഖന്‍ റോഡ്, ഫോര്‍ഷോ റോഡ്, പേരണ്ടൂര്‍ തോട്, കലൂര്‍ റിങ് ബണ്ട്, ലുലുമാള്‍ ജങ്ഷന്‍ റിങ് ബണ്ട് എന്നിവടങ്ങളില്‍ റോഡുകളുടെയും സ്ലാബുകളുടെയും അറ്റകുറ്റപ്പണികളും അറ്റകുറ്റപ്പണികള്‍ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലും, ബാങ്ക് ജങ്ഷന്‍, ചന്ദ്രത്തില്‍, ഇടപ്പള്ളി, പെരിങ്ങാട്ട് റോഡ് ( വൈറ്റില മുതല്‍ പാലാരിവെട്ടം വരെ) കല്‍വെര്‍ട്ട് ശുചീകരണം ദേശീയ പാത അതോറിട്ടിയുടെയും, കലൂര്‍ കവന്ത്ര റോഡില്‍ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ജി.സി.ഡി.എ യുടെയും നേതൃത്വത്തില്‍ വേഗത്തിലാക്കും.
ഇടപ്പള്ളി തോട് ശുചീകരണം ജലസേചന വകുപ്പ് വഹിക്കും. വലിയതോട് ശുചീകരണം കോര്‍പ്പറേഷന്‍ നേതൃത്വത്തില്‍ പുരോഗമിക്കുകയാണെന്ന് നഗരസഭ ജനപ്രതിനിധികള്‍ അറിയിച്ചു. കൊച്ചി നഗരസഭ ജനപ്രതിനിധികള്‍ ഉള്‍പ്പെടെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."