ശബരിമലയുടെ പേരില്‍ നടക്കുന്നത് രാഷ്ട്രീയ സമരം: മന്ത്രി കടകംപള്ളി
ശബരിമല: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്നതു രാഷ്ട്രീയ സമരമാണെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
സമരത്തെ രാഷ്ട്രീയമായിത്തന്നെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല തീര്‍ഥാടനത്തിനു മുന്നോടിയായി സന്നിധാനത്തു നടന്ന ഉന്നതതല അവകലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
സുപ്രിംകോടതി വിധി നടപ്പാക്കാതിരിക്കാന്‍ സര്‍ക്കാരിനാകില്ല. സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് അക്രമം നടത്തുന്നവരെ തിരിച്ചറിഞ്ഞുകഴിഞ്ഞു.
വിശ്വാസികളുടെ വികാരത്തെ മാനിക്കുന്നുവെന്നു സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയതാണ്. പ്രതിഷേധങ്ങള്‍ക്ക് എതിരല്ല. എന്നാല്‍, ഇതിന്റെ പേരില്‍ അക്രമം നടത്തുന്നത് സംഘ്പരിവാറാണെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമപ്രവര്‍ത്തകരായ പെണ്‍കുട്ടികളെയടക്കം വലിച്ചിറക്കി പ്രാകൃതമായ രീതിയിലാണ് കൈയേറ്റം ചെയ്തത്.
ശാന്തമായ അന്തരീക്ഷത്തില്‍ തീര്‍ഥാടനം നടത്താനുള്ള ഭക്തരുടെ ആവശ്യം നിറവേറ്റുകയാണ് സര്‍ക്കാരിന്റെ കടമ. വിധിയില്‍ അഭിപ്രായവ്യത്യാസമുള്ള വിശ്വാസികളെ അനുരഞ്ജനത്തിലൂടെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കും. വിധി അടിച്ചേല്‍പ്പിക്കാനല്ല ഉദ്ദേശിക്കുന്നത്. എന്നാല്‍, അക്രമികളെ വേണ്ടവിധത്തില്‍തന്നെ കൈകാര്യം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
കോണ്‍ഗ്രസും ബി.ജെ.പിയും നടത്തുന്നതു രാഷ്ട്രീയമായ നീക്കമാണ്. അതിനെ രാഷ്ട്രീയമായിത്തന്നെ നേരിടും. കോടതി വിധി നടപ്പാക്കേണ്ടെന്ന് ഒരു കോണ്‍ഗ്രസ് നേതാവോ ബി.ജെ.പി നേതാവോ പറഞ്ഞിട്ടില്ല.
പ്രായഭേദമന്യേ ശബരിമലയില്‍ സ്ത്രീകള്‍ക്കു പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ടു കോടതിയെ സമീപിച്ചത് ആര്‍.എസ്.എസ് അനുഭാവികളാണ്. 12 വര്‍ഷം നീണ്ടുനിന്ന നിയമപോരാട്ടത്തില്‍ ബി.ജെ.പിയോ കോണ്‍ഗ്രസോ കക്ഷി ചേര്‍ന്നതുമില്ല.
ഇവരുടെയെല്ലാം നിലപാട് സ്ത്രീപ്രവേശനം ആകാമെന്നതാണ്. ഇതെല്ലാം മറച്ചുവച്ചാണ് ഇപ്പോള്‍ രാഷ്ട്രീയ ലാഭത്തിനുവേണ്ടി സമരത്തിനിറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."