അസം പൗരത്വപട്ടിക: അപ്പീല്‍ കാലാവധി 120 ദിവസമായി ഉയര്‍ത്തും
ന്യൂഡല്‍ഹി: അസം അന്തിമ പൗരത്വപട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് ഫോറിനര്‍ ട്രൈബ്യൂണലില്‍ അപ്പീല്‍ നല്‍കാനുള്ള സമയ പരിധി ആവശ്യമെങ്കില്‍ 60 ദിവസത്തില്‍നിന്ന് 120 ദിവസമാക്കി ഉയര്‍ത്തും. അന്തിമ പൗരത്വപട്ടിക പ്രസിദ്ധീകരിക്കാന്‍ പത്തുദിവസം മാത്രം ബാക്കിയിരിക്കെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം.
അന്തിമ പട്ടിക പ്രസിദ്ധീകരിച്ച ശേഷം 60 ദിവസത്തിനുള്ളില്‍ പട്ടികയില്‍നിന്ന് പുറത്തായ എല്ലാവര്‍ക്കും അപ്പീല്‍ നല്‍കാന്‍ കഴിയാത്ത സാഹചര്യമുണ്ടായാലാണ് ഇത് 120 ദിവസമായി ഉയര്‍ത്തുക. ഡല്‍ഹിയില്‍ ആഭ്യന്തരമന്ത്രി അമിത്ഷായുടെ അധ്യക്ഷതയില്‍ അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, അസം ചീഫ് സെക്രട്ടറി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
പട്ടികയില്‍നിന്ന് പുറത്താക്കപ്പെടുന്നവര്‍ക്ക് ഫോറിനര്‍ ട്രൈബ്യൂണലില്‍ അപ്പീല്‍ നല്‍കാനും രേഖകള്‍ സമര്‍പ്പിക്കാനുമുള്ള അവസരവും നല്‍കും.
പട്ടികയില്‍ ഉള്‍പ്പെട്ടില്ലെന്ന കാരണത്താല്‍ ഒരാളെ വിദേശിയായി കണക്കാക്കില്ല. അപ്പീലിന് ശേഷം ട്രൈബ്യൂണലായിരിക്കും ഒരാള്‍ വിദേശിയാണോ അല്ലയോ എന്ന് പ്രഖ്യാപിക്കുക. എല്ലാ പ്രദേശത്തും മതിയായ ഫോറിനര്‍ ട്രൈബ്യൂണലുകള്‍ സ്ഥാപിക്കാനും തീരുമാനിച്ചു.
അപ്പീല്‍ നല്‍കേണ്ടവര്‍ക്ക് ആവശ്യമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമസഹായം നല്‍കും. പട്ടിക പ്രസിദ്ധീകരിക്കുന്ന സാഹചര്യത്തില്‍ ക്രമസമാധാനം ഉറപ്പാക്കാന്‍ അസമില്‍ കേന്ദ്രസേനയെ വിന്യസിക്കാനും തീരുമാനിച്ചു. സുപ്രിംകോടതിയുടെ മേല്‍നോട്ടത്തിലാണ് പൗരത്വപട്ടിക തയാറാക്കുന്നത്.
പട്ടികയില്‍ സാംപിള്‍ പരിശോധന വേണമെന്ന് കേന്ദ്രസര്‍ക്കാരും അസം സര്‍ക്കാരും ആവശ്യപ്പെട്ടിരുന്നെങ്കിലും സുപ്രിംകോടതി അനുമതി നല്‍കിയില്ല. 2018 ജൂലൈയില്‍ പുറത്തിറക്കിയ കരട് പട്ടികയില്‍ 41 ലക്ഷം പേരാണ് പുറത്തായത്.
അതില്‍ 36 ലക്ഷം പേര്‍ പട്ടിക തയാറാക്കുന്ന സമിതിയ്ക്കു മുന്‍പാകെ അപ്പീല്‍ നല്‍കി. പട്ടികയില്‍ ഉള്‍പ്പെട്ട രണ്ടു ലക്ഷം പേര്‍ക്കെതിരേ ആക്ഷേപം ഉന്നയിക്കപ്പെട്ടു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലുള്ള തിരുത്തലുകള്‍ക്ക് ശേഷമായിരിക്കും അന്തിമപ്പട്ടിക തയാറാക്കുന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."