50 എല്‍.പി.ജി വിതരണ സ്ഥാപനങ്ങള്‍ക്ക് കൂടി അനുമതി
കോഴിക്കോട്: സംസ്ഥാനത്ത് 50 എല്‍.പി.ജി വിതരണ സ്ഥാപനങ്ങള്‍ക്കു കൂടി അനുമതി നല്‍കിയതായി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐ.ഒ.സി) പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എല്‍.പി.ജി വിതരണ ചാര്‍ജ് ഉപഭോക്താക്കള്‍ നല്‍കുന്നത് ഒഴിവാക്കാന്‍ സംസ്ഥാനത്ത് കൂടുതല്‍ വിതരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കും.
നിലവില്‍ 49.79 ലക്ഷം ഉപഭോക്താക്കളും മൂന്ന് പ്ലാന്റുകളും 308 വിതരണ സ്ഥാപനങ്ങളുമാണ് ഐ.ഒ.സിക്കുള്ളത്. പുതുവൈപ്പിനിലെ ടെര്‍മിനലിന്റെ പ്രവൃത്തി പുരോഗമിക്കുകയാണെന്നും ഐ.ഒ.സി പാചകവാതക വിഭാഗത്തിന്റെ സംസ്ഥാന തലവന്‍ സി.എന്‍ രാജേന്ദ്രന്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയനുസരിച്ച് രാജ്യത്തെ ആദ്യ പുകരഹിത അടുക്കളയെന്ന പദ്ധതി ആദ്യം നടപ്പാകുക കേരളത്തിലാകുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ നിന്ന് പൈപ്പ് ലൈന്‍വഴി എല്‍.പി.ജി എത്തിക്കാനുള്ള പദ്ധതിക്ക് സര്‍ക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്.
പാചകവാതക ടാങ്കറുകള്‍ അപകടത്തില്‍പ്പെട്ടാല്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി അത്യാധുനിക സൗകര്യങ്ങളുള്ള എമര്‍ജന്‍സി റെസ്‌പോണ്‍സ് വാഹനം കോഴിക്കോട് പ്ലാന്റില്‍ എത്തിച്ചിട്ടുണ്ട്. പാചകവാതകത്തിനൊപ്പം പെട്രോളിയവുമായി ബന്ധപ്പെട്ടുള്ള അപകടങ്ങളില്‍ രക്ഷാപ്രര്‍ത്തനം നടത്താന്‍ ഈ വാഹനത്തിന് കഴിയും.
വാര്‍ത്താസമ്മേളനത്തില്‍ കമ്യൂണിക്കേഷന്‍ ജനറല്‍ മാനേജര്‍ സബിത നടരാജ്, ഡി.ജി.എം തോമസ് ജോര്‍ജ് ചെറായില്‍, ചീഫ് ഏരിയ മാനേജര്‍ എസ്.എസ്.ആര്‍ കൃഷ്ണമൂര്‍ത്തി എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."