പൊതുമേഖലാ ബാങ്കുകളിലെ സര്‍ക്കാര്‍ നോമിനി സര്‍ക്കാര്‍-റിസര്‍വ് ബാങ്ക് ഏറ്റുമുട്ടല്‍
ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കുകളുടെ (പി.എസ്.യു) ഡയരക്ടര്‍ ബോര്‍ഡിലെ സര്‍ക്കാര്‍ നോമിനിയുടെ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനും റിസര്‍വ് ബാങ്കിനും ഭിന്നാഭിപ്രായം. ബാങ്ക് തട്ടിപ്പുകള്‍ വ്യാപകമാകുകയും അതിന്റെ പേരില്‍ റിസര്‍വ് ബാങ്ക് പഴികേള്‍ക്കുകയും ചെയ്ത സാഹചര്യത്തിലാണ് പൊതുമേഖലാ ബാങ്കുകളുടെ ഡയരക്ടര്‍ ബോര്‍ഡുകളില്‍നിന്നു സര്‍ക്കാരിന്റെ പ്രതിനിധിയെ എത്രയും വേഗം പിന്‍വലിക്കണമെന്നു റിസര്‍വ് ബാങ്ക് നിലപാടെടുത്തത്. എന്നാല്‍, ഈ ആവശ്യം ധനമന്ത്രാലയം തള്ളിയിരിക്കുകയാണ്.
പൊതുമേഖലാ ബാങ്കുകളെ നിയന്ത്രിക്കാന്‍ കൂടുതല്‍ അധികാരം നല്‍കണമെന്നു റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടെങ്കിലും അതും ധനമന്ത്രാലയം തള്ളി. റിസര്‍വ് ബാങ്കിന് ഇപ്പോള്‍തന്നെ എല്ലാ സ്വകാര്യ ബാങ്കുകളെയും നിയന്ത്രിക്കാനുള്ള അധികാരമുണ്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ധനമന്ത്രാലയത്തിന്റെ നടപടി.
പഞ്ചാബ് നാഷനല്‍ ബാങ്കില്‍നിന്ന് ആയിരക്കണക്കിനു കോടി രൂപയുടെ വായ്പ സ്വന്തമാക്കി മുങ്ങിയ വജ്രവ്യാപാരി നീരവ് മോദിയുടെ കേസ് വെളിച്ചത്തായതോടെയാണ് പൊതുമേഖലാ ബാങ്കുകളിലെ സര്‍ക്കാര്‍ പ്രതിനിധിയെ പിന്‍വലിക്കണമെന്ന നിലപാട് റിസര്‍വ് ബാങ്ക് സ്വീകരിച്ചത്. മിക്ക ബാങ്ക് തട്ടിപ്പുകളിലും സര്‍ക്കാര്‍ നോമിനികള്‍ക്കും പങ്കുള്ളതായി വ്യക്തമായ സാഹചര്യത്തിലായിരുന്നു ഈ ആവശ്യം.
നീരവ് മോദി വിഷയത്തില്‍ റിസര്‍വ് ബാങ്കിനു മേല്‍നോട്ടപ്പിഴവുണ്ടായതായി കേന്ദ്രസര്‍ക്കാര്‍ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍, റിസര്‍വ് ബാങ്കിന്റെ മേല്‍നോട്ടാധികാരം പരിമിതമാണെന്നും ബാങ്കുകളെ ഓഡിറ്റ് ചെയ്യുക, തിരുത്താന്‍ ആവശ്യപ്പെടുക തുടങ്ങിയവ അതിന്റെ പരിധിയില്‍ വരുന്നില്ലെന്നുമാണ് റിസര്‍വ് ബാങ്കിന്റെ മറുപടി. ഈ സാഹചര്യത്തിലാണ് തങ്ങള്‍ക്കു കൂടുതല്‍ അധികാരം വേണമെന്നു റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ പ്രതിനിധികളായ ബാങ്ക് ഡയരക്ടര്‍മാര്‍ വായ്പകള്‍ നല്‍കുന്നതു സംബന്ധിച്ചു തീരുമാനമെടുക്കുന്ന നയരൂപീകരണ സമിതിയുടെ ഭാഗമാകരുതെന്നും റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യവും കേന്ദ്രസര്‍ക്കാര്‍ തള്ളുകയാണുണ്ടായത്.
സ്വകാര്യ ബാങ്കുകളുടെ കാര്യത്തില്‍ റിസര്‍വ് ബാങ്കിനു പൊതുമേഖലാ ബാങ്കുകള്‍ക്കുമേല്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ നിയന്ത്രണാധികാരമുണ്ട്. സ്വകാര്യ ബാങ്കുകളുടെ ചെയര്‍മാനെയും മാനേജിങ് ഡയരക്ടറെയും നീക്കാനും നിയമിക്കാനും അധികാരമുണ്ട്. ഡയരക്ടര്‍മാരുടെ യോഗം വിളിക്കാനും നിരീക്ഷകരെ നിയമിക്കാനും മാനേജ്‌മെന്റ് അംഗങ്ങളെ നീക്കംചെയ്യാനും റിസര്‍വ് ബാങ്കിനു കഴിയും. എന്നാല്‍, പൊതുമേഖലാ ബാങ്കുകളുടെ കാര്യത്തില്‍ ഇത്തരം അധികാരങ്ങളില്ല.
ഈ സാഹചര്യത്തില്‍ ബാങ്കുകളുടെ ഡയരക്ടര്‍ ബോര്‍ഡിലിരിക്കുന്ന ചില പ്രത്യേക താല്‍പര്യമുള്ളവര്‍ സ്വകാര്യ വ്യക്തികളെ സഹായിക്കുന്ന നിലപാടെടുക്കുകയാണെന്നും ഇത് ഇല്ലാതാക്കാന്‍ നോമിനികളെ പിന്‍വലിക്കണമെന്നുമാണ് റിസര്‍വ് ബാങ്കിന്റെ ആവശ്യം.
കൂടാതെ, പൊതുമേഖലാ ബാങ്കുകളെയും റിസര്‍വ് ബാങ്കിന്റെ പ്രവര്‍ത്തനാധികാര പരിധിയിലേക്കു കൊണ്ടുവരണമെന്നും റിസര്‍വ് ബാങ്ക് ആവശ്യപ്പെടുന്നുണ്ട്. അങ്ങനെ വന്നാല്‍ വായ്പകള്‍ നല്‍കുന്നതു നിരീക്ഷിക്കാനും ഇടപെടാനും കഴിയുമെന്നുമാണ് റിസര്‍വ് ബാങ്ക് ചൂണ്ടിക്കാട്ടുന്നത്. സര്‍ക്കാര്‍ നോമിനികളെ ഒഴിവാക്കണമെന്ന ആവശ്യം റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജനും ഉന്നയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."