മാവോയിസ്റ്റ് സാന്നിധ്യം: മേഖലകളില്‍ നിരീക്ഷണം ശക്തമാക്കും
പാലക്കാട് : അട്ടപ്പാടി ഉള്‍പ്പെടെ മാവോയിസ്റ്റുകളുടെ സാന്നിധ്യം സജീവമായ മേഖലകളില്‍ പൊലിസ് ഇടപെടല്‍ ശക്തമാക്കും. അട്ടപ്പാടിയിലും ജില്ലയിലെ മറ്റു ചില സ്ഥലങ്ങളിലും മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചു വരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ നീക്കം.
കഴിഞ്ഞയാഴ്ച അട്ടപ്പാടിയില്‍ നിന്ന് ഡാനിഷ് എന്ന മാവോയിസ്റ്റിനെ പൊലിസ് പിടികൂടിയിരുന്നു. ഡാനിഷില്‍ നിന്നു ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് പൊലിസ് ഇത്തരം മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇരുപതിലേറെ മാവോയിസ്റ്റുകള്‍ അട്ടപ്പാടിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
വിവിധ ആദിവാസി ഊരുകളില്‍ ഇവര്‍ക്ക് സ്വാധീനം ഉണ്ടാക്കാനായിട്ടുണ്ടെന്നും പൊലിസ് കരുതുന്നു. അട്ടപ്പാടിയിലെ ചില സമരങ്ങളില്‍ ഇവര്‍ ഇടപെട്ടിരുന്നതായും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു.ഇവര്‍ക്ക് സഹായം ചെയ്യുന്ന ചിലരെക്കുറിച്ച് പൊലിസിന് ഇപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ ഇവരെ ചോദ്യം ചെയ്യാനുള്ള സാധ്യതയും പൊലിസ് തള്ളിക്കളയുന്നില്ല. ജില്ലയില്‍ അട്ടപ്പാടി കേന്ദ്രീകരിച്ച് മാവോയിസ്റ്റുകളെ കണ്ടെത്താനുള്ള ശ്രമത്തിന് അഭ്യന്തരവകുപ്പിന്റെ അംഗീകാരം ലഭിച്ചതോടെ ഇവിടെ കൂടുതല്‍ പോലിസ് സേനാംഗങ്ങളെ നിയമിക്കും.
ഇതിനിടെ കഴിഞ്ഞ ദിവസം അട്ടപ്പാടി കരുവാര ഊരില്‍ ആറംഗ മാവോവാദി സംഘം എത്തി. മണിക്കൂറുകളോളം ഊരില്‍ ചിലവഴിച്ചാണ് ഇവര്‍ മടങ്ങിയത്. ഇപ്പോള്‍ അട്ടപ്പാടി കേന്ദ്രീകരിച്ച് ഇരുപതംഗ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവര്‍ തമിഴ്നാട് അതിര്‍ത്തികളിലും ഇപ്പോള്‍ സജീവമാണെന്നും തമിഴ്നാട് ക്യൂ ബ്രാഞ്ച് ഉദ്യോഗസ്ഥരും പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."