കാട്ടുപന്നി വേട്ട: ഒരാള്‍ പിടിയില്‍; മുഖ്യപ്രതി ഓടി രക്ഷപ്പെട്ടു
നിലമ്പൂര്‍: കാട്ടുപന്നിയെ വേട്ടയാടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. പാതാര്‍ എഴുവമ്പലം ചെറുവേലില്‍ മുരളി (46) യെയാണ് മാംസം സഹിതം കാഞ്ഞിരപ്പുഴ ഡെപ്യൂട്ടി റെയ്ഞ്ചര്‍ ടി.പി മുഹമ്മദും സംഘവും പിടികൂടിയത്. കേസിലെ മുഖ്യപ്രതിയായ എഴുവമ്പാടം ആലയ്ക്കല്‍ സുഭാഷ് ഓടി രക്ഷപ്പെട്ടു.
പന്നിയിറച്ചി പാകം ചെയ്യുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നു വൈകിട്ട് അഞ്ചരയോടെ നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒയുടെ സെര്‍ച്ച് വാറന്‍ഡുമായി ഇരുവരുടെയും വീടുകളില്‍ നടത്തിയ പരിശോധനയിലാണ് അഞ്ചര കിലോ ഇറച്ചി കണ്ടെടുത്തത്. കത്തികള്‍, പന്നിയുടെ തൊലി, പാത്രങ്ങള്‍ എന്നിവയും പിടികൂടി.മേഖലയിലെ പ്രധാന നായാട്ടുകാരാണ് ഇവരെന്നും കാലങ്ങളായി കാട്ടുപന്നിയെ വേട്ടയാടി മാംസം വില്പന നടത്തുന്നവരാണെന്നും വനപാലകര്‍ പറഞ്ഞു. സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ പി. മണിലാല്‍, എം. അബ്ദുര്റഹിമാന്, മനോജ് എബ്രഹാം, ജയരാജന്, സി.വി പ്രവീണ്‍, സി.എ റഷീദ് എന്നിവരും ഉദ്യോഗസ്ഥ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ മഞ്ചേരി വനം കോടതി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."