സുരക്ഷയൊരുക്കുന്നതില്‍ വീഴ്ച മുഖ്യമന്ത്രിക്ക് അതൃപ്തി
തിരുവനന്തപുരം: തുലാമാസ പുജയ്ക്ക് നടതുറക്കുന്നതോടനുബന്ധിച്ച് ശബരിമലയില്‍ സംഘര്‍ഷമുണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിട്ടും പൊലിസ് സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ച.
ഇന്നലെ പമ്പയിലും നിലയ്ക്കലിലും സന്നിധാനത്തും സംഘര്‍ഷ സാധ്യതയുണ്ടെന്നും തുലാമസാ പൂജയ്ക്ക് നട തുറക്കുമ്പോള്‍ സ്ത്രീ ഭക്തര്‍ വരാന്‍ സാധ്യതയുണ്ടെന്നും കൂടുതല്‍ സുരക്ഷയൊരുക്കണമെന്നുമായിരുന്നു തിങ്കളാഴ്ച ഇന്‍ലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഇത് അവഗണിച്ചു.
കോടതി വിധി വന്നതിനു ശേഷം വനിതാ പൊലിസ് ഉള്‍പ്പെടെ കനത്ത സുരക്ഷ നല്‍കണമെന്ന് മുഖ്യമന്ത്രി ഡി.ജി.പിയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
തുടര്‍ന്ന് ഡി.ജി.പി 500 വനിതാ പൊലിസുകാരെ ശബരിമലയില്‍ നിയോഗിക്കാമെന്നും സുരക്ഷ ഒരുക്കാമെന്നും മുഖ്യമന്ത്രിക്ക് ഉറപ്പു നല്‍കി.
എന്നാല്‍ പിന്നീട് ദേവസ്വം ബോര്‍ഡുമായി നടത്തിയ ചര്‍ച്ചയില്‍ ഇപ്പോള്‍ കൂടുതല്‍ സുരക്ഷ വേണ്ടെന്നും മണ്ഡല മകര വിളക്ക് സമയത്ത് മതിയെന്നും തീരുമാനിക്കുകയായിരുന്നു.
തീരുമാനമെടുത്ത യോഗത്തില്‍ എ.ഡി.ജി.പി അനില്‍കാന്തും ദക്ഷിണാമേഖലാ ഐ.ജി മനോജ് എബ്രഹാമുമാണ് പങ്കെടുത്തതത്.
ഡി.ജി.പി പങ്കെടുത്തിരുന്നില്ല. തിങ്കളാഴ്ച 50ല്‍ താഴെ പൊലിസുകാരെ മാത്രമാണ് വിന്യസിച്ചത്. എന്നാല്‍ ചൊവ്വാഴ്ച രാവിലെ പമ്പയിലേയ്ക്ക് പോയ മാധ്യമ പ്രവര്‍ത്തകരെയും ബസുകളിലെത്തിയ സ്ത്രീകളെയും തടയുകയും ചെയ്തു.
ഇതേതുടര്‍ന്ന് വാര്‍ത്താസമ്മേളനത്തിനിടെ വിവരം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനു ശേഷമാണ് കൂടുതല്‍ സുരക്ഷ ഒരുക്കാന്‍ ഡി.ജി.പി നിര്‍ദേശം നല്‍കിയത്.
ഇതിനു ശേഷമാണ് ദക്ഷിണ മേഖലാ എ.ഡി.ജി.പി അനില്‍കാന്ത്, തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ പൊലിസ് പമ്പയിലേയ്ക്ക് പോയത്.
ഇന്നലെ വെളുപ്പിന് നിലയ്ക്കലിലെ പന്തല്‍ പൊളിച്ചു മാറ്റിയ പൊലിസ് വന്‍ സുരക്ഷയാണ് ഇവിടെ ഒരുക്കിയത്. എന്നാല്‍ തിരുവനന്തപുരത്തുള്ള ഒരു ഉന്നത പെലിസ് ഉദ്യോഗസ്ഥന്റെ നിര്‍ദേശപ്രകാരം നിലയ്ക്കലിലുള്ള പൊലിസ് പിക്കറ്റിങ് പിന്‍വലിച്ചു.
തുടര്‍ന്നാണ് കെ.പി ശശികലയുടെ നേതൃത്വത്തില്‍ സമരാനുകൂലികള്‍ നിലയ്ക്കലില്‍ പ്രവേശിക്കുകയും പന്തല്‍ വീണ്ടും കെട്ടുകയും ഉച്ചയ്ക്ക് ശേഷം അക്രമാസക്തമാകുകയും ചെയ്തത്. ഇന്നലെ ഉച്ചയോടെ മുഖ്യമന്ത്രി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ വിളിച്ചു ആവശ്യത്തിന് സുരക്ഷ ഒരുക്കാത്തതില്‍ അതൃപ്തി അറിയിക്കുകയും ചെയ്തു.
ഇതേ തുടര്‍ന്ന് നൂറ് വനിതാ പൊലിസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ എഴുന്നൂറോളം സായുധസേനാംഗങ്ങളെ ശബരിമലയിലേയ്ക്ക് അടിയന്തരമായി വിന്യസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."