തുഷാര്‍ അറസ്റ്റിലായത് പത്തൊമ്പതര കോടിയുടെ വണ്ടിചെക്കു കേസില്‍: തവണകളായി കാശ് നല്‍കാമെന്നേറ്റങ്കിലും നല്‍കിയില്ല, സ്വാധീനം ഉപയോഗിച്ച് ഒഴിഞ്ഞുമാറി, തുഷാര്‍ കുരുങ്ങിയതിന്റെ കഥയിങ്ങനെ
ആലപ്പുഴ: തുഷാര്‍ വെള്ളാപ്പള്ളിയെ യു.എ.ഇ പൊലിസ് അറസ്റ്റ് ചെയ്തത് പത്തൊമ്പതര കോടി രൂപയുടെ ചെക്കു കേസില്‍. പത്തു വര്‍ഷം മുമ്പ് തൃശൂര്‍ സ്വദേശിയായ ബിസിനസ് പങ്കാളിക്ക് വണ്ടിച്ചെക്ക് നല്‍കിയെന്ന കേസിലാണ് അറസ്റ്റ്. പല തവണ ആവശ്യപ്പെട്ടിട്ടും തുഷാര്‍ പണം നല്‍കിയില്ല. ബിസിനസ് പൊളിഞ്ഞ് നാട്ടിലേക്ക് കടന്ന തുഷാര്‍ പിന്നീട് രാഷ്ട്രീയത്തില്‍ സജീവമായി. പലതവണ നാസില്‍ അബ്ദുള്ളയ്ക്ക് കാശ് കൊടുത്തുതീര്‍ക്കാമെന്നേറ്റിരുന്നെങ്കിലും സ്വാധീനം ഉപയോഗിച്ച് തുഷാര്‍ ഒഴിഞ്ഞുമാറുകയായിരുന്നുവെന്നാണ് പരാതിക്കാരന്‍ പറയുന്നത്.
അന്ന് അജ്മാനില്‍ ബോയിംഗ് എന്ന പേരില്‍ തുഷാര്‍ നിര്‍മാണ കമ്പനി നടത്തുമ്പോള്‍ ഉപകരാര്‍ ജോലികള്‍ ഏല്‍പിച്ചത് നാസില്‍ അബ്ദുള്ളയെയായിരുന്നു. അതിനായി നല്‍കിയ വണ്ടിച്ചെക്ക് കേസിലാണ് ഇപ്പോള്‍ പോലിസ് നടപടി ഉണ്ടായിരിക്കുന്നത്.
യു.എ.ഇ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. പത്തുമില്യണ്‍ യു.എ.ഇ ദിര്‍ഹത്തിന്റെ വണ്ടിചെക്ക് കേസില്‍ അറസ്റ്റിലായ തുഷാര്‍ ഇപ്പോള്‍ യു.എ.ഇയില്‍ ജയിലിലാണ്.
പണം തരാന്‍ തുഷാര്‍ തയാറല്ലെന്ന് മനസിലാക്കിയ നാസില്‍ ഒടുവില്‍ തുഷാറിനെ ഗള്‍ഫിലേക്ക് ക്ഷണിച്ചു. സ്വദേശിയുടെ മധ്യസ്ഥതയില്‍ ഒത്തുതീര്‍പ്പിനു തയാറാണെന്ന് അറിയിച്ചായിരുന്നു ക്ഷണിച്ചത്. ഇതുപ്രകാരം ചൊവ്വാഴ്ച രാത്രി അജ്മാനിലെത്തിയ തുഷാറിനെ താമസസ്ഥലത്ത് വച്ച് നാസിലിന്റെ പരാതിയില്‍ പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തുഷാര്‍ വെള്ളാപ്പള്ളിയെ കള്ളം പറഞ്ഞ് വിളിച്ചു വരുത്തി കുടുക്കുകയായിരുന്നുവെന്ന് വെള്ളാപള്ളി നടേശന്‍. മനപ്പൂര്‍വം കുടുക്കുകയായിരുന്നു. നിയമപരമായി പ്രശ്‌നത്തെ നേരിടുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഇടപാടാണ് ഇതെന്നും തുഷാറിനെ ഇന്ന് തന്നെ ജാമ്യം കിട്ടുമെന്നാണ് പ്രതീക്ഷയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."