കാലിക്കറ്റ്-വെറ്ററിനറി സര്‍വകലാശാലകള്‍ ധാരണാപത്രം ഒപ്പുവച്ചു
തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാലയും കേരളാ വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് സര്‍വകലാശാലയും സംയുക്തമായി അന്താരാഷ്ട്ര പക്ഷി ഗവേഷണ കേന്ദ്രം തുടങ്ങുന്നു. കാലിക്കറ്റ് സര്‍വകലാശാലാ ക്യാംപസില്‍ തുടങ്ങുന്ന ഇന്റര്‍ യൂനിവേഴ്‌സിറ്റി കേന്ദ്രം ഈ രംഗത്ത് വിവിധ വിഷയങ്ങളെയും വകുപ്പുകളെയും സമന്വയിപ്പിക്കും.
പക്ഷി ഗവേഷണ മേഖലയില്‍ ആധുനിക പഠന ഗവേഷണ സൗകര്യങ്ങളുള്ള കേന്ദ്രമായിരിക്കുമിത്. അന്തര്‍ദേശീയ തലത്തില്‍ രാജ്യത്ത് ആദ്യമായി ആരംഭിക്കുന്ന പക്ഷി ഗവേഷണ കേന്ദ്രത്തില്‍ ഭാവിയില്‍ കണ്‍സര്‍വേഷന്‍ സയന്‍സിലും അനുബന്ധ വിഷയങ്ങളിലും റഗുലര്‍ കോഴ്‌സുകള്‍ തുടങ്ങും.
ഇന്റര്‍ യൂനിവേഴ്‌സിറ്റി തലത്തില്‍ സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരം ഒരു കേന്ദ്രം. ഇതുസംബന്ധിച്ച് ധാരണാപത്രം മന്ത്രി കെ. രാജുവിന്റെ സാന്നിധ്യത്തില്‍ കാലിക്കറ്റ് സര്‍വകലാശാലാ രജിസ്ട്രാര്‍ പ്രൊഫ. ഡോ. എം. മനോഹരന്‍, കേരളാ വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് സര്‍വകലാശാലാ രജിസ്ട്രാര്‍ പ്രൊഫ. ഡോ. ജോസഫ് മാത്യു എന്നിവര്‍ ഒപ്പുവച്ചു. അഞ്ചു വര്‍ഷത്തിനുള്ളില്‍ 100 കോടി രൂപയുടെ പദ്ധതി യാഥാര്‍ത്ഥ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഒരു മാസത്തിനുള്ളില്‍ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കും.
1200 തരം പക്ഷികളുള്ള രാജ്യത്തെ പക്ഷി ഗവേഷണം പ്രോത്സാഹിപ്പിക്കുക, പക്ഷിജന്തു ജന്യ രോഗങ്ങളായ ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ, എച്ച് 1 എന്‍ 1, നിപ തുടങ്ങിയ രോഗങ്ങള്‍ക്ക് ഫലപ്രദമായ പരിഹാരങ്ങള്‍ കണ്ടെത്തുക, പക്ഷി കേന്ദ്രീകൃത പരിസ്ഥിതി, ജനിതക, സ്വഭാവ, ന്യൂട്രീഷ്യന്‍, ഫിസിയോളജിക്കല്‍, പുനരുല്‍പ്പാദന രംഗങ്ങളില്‍ പഠനവും ഗവേഷണവും പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.
ഇന്ത്യയില്‍ ദേശീയ നിലവാരത്തിലുള്ള പക്ഷി ഗവേഷണ കേന്ദ്രമുള്ളത് യു.പി.യിലെ ബറേലിയിലാണ്. അവിടെ പ്രധാനമായും പൗള്‍ട്രി വിഭാഗത്തെക്കുറിച്ചാണ് ഗവേഷണം നടക്കുന്നത്. എന്നാല്‍ ഐ.എ.ആര്‍.സി പൗള്‍ട്രി വര്‍ഗത്തില്‍പ്പെട്ട പക്ഷികള്‍ക്ക് പുറമെ, ഇനിയും ശാസ്ത്രീയമായി പഠനങ്ങള്‍ നടന്നിട്ടില്ലാത്ത വന്യ പക്ഷി വര്‍ഗങ്ങളെക്കുറിച്ച് പഠനഗവേഷണങ്ങള്‍ നടത്തും.
ഖത്തര്‍ മൃഗശാലാ ഡയരക്ടര്‍ അടുത്തിടെ കാലിക്കറ്റ് സര്‍വകലാശാല സന്ദര്‍ശിച്ചപ്പോള്‍ ഈ കേന്ദ്രത്തെക്കുറിച്ച് ചര്‍ച്ച നടത്തിയിരുന്നു.
ഫാല്‍ക്കണ്‍ പോലുള്ള വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന പക്ഷികളെക്കുറിച്ചും കേന്ദ്രം ഗവേഷണം നടത്തും. തെരഞ്ഞെടുത്ത പക്ഷികളുടെ ജനിതക സ്വീക്വന്‍സിംഗ് നടത്തി വന്യപക്ഷി വര്‍ഗങ്ങളുടെ ജീനോം റിസോഴ്‌സ് ബാങ്കിങ്ങ് ഈ കേന്ദ്രത്തില്‍ ഉണ്ടാക്കും. ജി.ആര്‍.ബിയില്‍ ആണ്‍,പെണ്‍ പക്ഷികളുടെ ജേം പ്ലാസത്തിന്റെ ജൈവ സാമ്പിളുകള്‍ സംരക്ഷിക്കപ്പെടുകയും ചെയ്യും. പക്ഷികളുടെ സ്വഭാവം, ഏവിയന്‍ ഇക്കോളജി, ഏവിയന്‍ പോപ്പുലേഷന്‍, ദേശാടനം, ബേഡ് ഫിസിയോളജി, ജനിതക ജീനോമിക്‌സ്, ബയോ ഇന്‍ഫോര്‍മാറ്റിക്‌സ്, ജന്തുജന്യ രോഗങ്ങള്‍, പക്ഷികളില്‍ കാലാവസ്ഥാ വ്യതിയാനങ്ങളുടെ സ്വാധീനം തുടങ്ങിയ കാര്യങ്ങളും പഠനവിധേയമാക്കും.
രാജ്യത്തികനത്തുള്ള സര്‍വകലാശാലകള്‍ക്കിടയില്‍ മാത്രമല്ല അന്തര്‍ദേശീയമായി അറിവിന്റെയും വിദ്യാര്‍ഥി, അധ്യാപക കൈമാറ്റത്തിനും ഐ.എ.ആര്‍.സി. വഴിയൊരുക്കും.
പക്ഷി ശാസ്ത്രം, പരിസ്ഥിതി, ജൈവവൈവിധ്യം, സംരക്ഷണം തുടങ്ങിയ മേഖലകളില്‍ വിദ്യാര്‍ഥികള്‍ക്ക് പഠന സൗകര്യങ്ങളുണ്ടാവും. പരിസ്ഥിതി മന്ത്രാലയം, യു.ജി.സി, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍, ഐ.സി.എ.ആര്‍., ഡി.എസ്.റ്റി, സി.എസ്.ഐ.ആര്‍, ഡി.ബി.റ്റി. തുടങ്ങിയ കേന്ദ്ര, സംസ്ഥാന ഏജന്‍സികളുടെ സാമ്പത്തിക സഹകരണത്തോടെയാണ് ഈ കേന്ദ്രം പ്രവര്‍ത്തിക്കുക. തുടക്കത്തില്‍ സര്‍ട്ടിഫിക്കറ്റ,് ഡിപ്ലോമ കോഴ്‌സുകള്‍ നടത്തും. തുടര്‍ന്ന് ബിരുദ, ഗവേഷണ കോഴ്‌സുകളും ആരംഭിക്കും.
കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.കെ. മുഹമ്മദ് ബഷീര്‍, കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പ്രൊഫ.എം.ആര്‍.ശശീന്ദ്രനാഥ്, ഐ.എ.ആര്‍.സി. കോര്‍ഡിനേറ്റര്‍ ഡോ.സുബൈര്‍ മേടമ്മല്‍, ഡോ.എം.കെ.നാരായണന്‍, പ്രൊഫ. ജി.ഗിരീഷ് വര്‍മ്മ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."