തസ്തിക മാറ്റം: മുന്‍നില തുടരും
തിരുവനന്തപുരം: വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ 2014 ജനുവരി 3ന് മുന്‍പ് വിശേഷാല്‍ ചട്ടപ്രകാരം താഴ്ന്ന വിഭാഗം ജീവനക്കാര്‍ക്ക് പത്തു ശതമാനത്തിനുമേല്‍ തസ്തികമാറ്റ നിയമനം അനുവദിച്ചിരുന്നത് തുടരാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ഇതിനുവേണ്ടി ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിന്റെ 2014 ജനുവരി 3ന്റെ ഉത്തരവ് ഭേദഗതി ചെയ്യും. മലപ്പുറം സര്‍ക്കാര്‍ വനിതാ കോളജില്‍ ഒരു സീനിയര്‍ സൂപ്രണ്ടിന്റെയും ഒരു എല്‍.ഡി. ക്ലാര്‍ക്കിന്റെയും തസ്തിക സൃഷ്ടിക്കാനും, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസില്‍ (കിറ്റ്‌സ്) 15 തസ്തികകള്‍ സൃഷ്ടിക്കാനും, ഓയില്‍ പാം ഇന്ത്യ ലിമിറ്റഡില്‍ 3 മെക്കാനിക്കല്‍ അസിസ്റ്റന്റ് തസ്തിക പുനരുജ്ജീവിപ്പിക്കാനും, കോതമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയായി മാറ്റുന്നതിന് അനുമതി നല്‍കാനും കല്‍പ്പറ്റ മുന്‍സിഫ് കോടതിയെ മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയായി മാറ്റുന്നതിനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
പാലക്കാട് ശബരി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ (ഹിന്ദി), അരീക്കോട് സുല്ലമുസലം ഓറിയന്റല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ (മലയാളം), കാസര്‍കോട് കൊടലമൊഗ്രു എസ്.വി.വി. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ (കന്നട), കാസര്‍കോട് നീര്‍ച്ചാല്‍ എം.എസ്. കോളജ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ (കന്നട), കാസര്‍കോട് ഷേനി ശ്രീ ശാരദാംബ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ (കന്നട), കാസര്‍കോട് പടന്ന വി.കെ.പി.എച്ച്. എം.എം.ആര്‍ വി.എച്ച്.എസ്.എസ് (മലയാളം), കാസര്‍കോട് ധര്‍മ്മത്തടുക്ക ശ്രീദുര്‍ഗാ പരമേശ്വരി എ.എച്ച്.എസ്.എസ് (കന്നട) എന്നീ വിദ്യാലയങ്ങളില്‍ ഓരോ ഉപഭാഷ തസ്തിക സൃഷ്ടിക്കാനും തീരുമാനിച്ചു.
ഔഷധിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുമ്പോള്‍ അപകടം സംഭവിച്ച് വലതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട പി.എസ്. മനേഷിന് ഇതേ സ്ഥാപനത്തില്‍ ജനറല്‍ വര്‍ക്കര്‍ വിഭാഗത്തില്‍ മാനുഷിക പരിഗണനയില്‍ സ്ഥിരം നിയമനം നല്‍കാന്‍ തീരുമാനിച്ചു.
പട്ടികജാതി വികസന വകുപ്പിനു കീഴില്‍ കണ്ണൂര്‍ ജില്ലയിലെ പെരിങ്ങോമില്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ സ്ഥാപിക്കുന്നതിന് 8 തസ്തികകള്‍ സൃഷ്ടിക്കാനും, സംസ്ഥാന തൊഴിലുറപ്പ് മിഷന്റെയും ജില്ലാതല ഓഫീസുകളുടെയും പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് ഒരു ടെക്‌നിക്കല്‍ എക്‌സ്‌പെര്‍ട്ടിന്റെയും (കൃഷി), രണ്ട് അസിസ്റ്റന്റിന്റെയും തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ടെക്‌നിക്കല്‍ എക്‌സ്‌പെര്‍ട്ടിനെ ഡെപ്യൂട്ടേഷന്‍ വഴിയും അസിസ്റ്റന്റിനെ കരാര്‍ അടിസ്ഥാനത്തിലുമായിരിക്കും നിയമിക്കുക.
മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളികള്‍ക്ക് നിയമപ്രകാരം ലഭിക്കേണ്ട വേതനം തൊഴിലുടമ നല്‍കാതിരുന്നാല്‍ അതിനെതിരെ ഹരജി ബോധിപ്പിക്കാന്‍ തൊഴിലാളികള്‍ക്ക് അവകാശം നല്‍കുന്നതിന് 1971ലെ കേരള മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് പെയ്‌മെന്റ് ഓഫ് ഫെയര്‍ വേജസ് ആക്ട് ഭേദഗതി ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."