മധ്യസ്ഥനായി വീണ്ടും കുവൈത്ത് അമീര്‍
കുവൈത്ത് സിറ്റി: ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചതിനെ തുടര്‍ന്ന് മേഖല അഭിമുഖീകരിക്കുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ലോക രാജ്യങ്ങള്‍ക്കിടയില്‍ നയതന്ത്ര ചര്‍ച്ചകള്‍ സജീവം. ബന്ധം വിച്ഛേദിക്കാത്ത ജി.സി.സി രാജ്യമായ കുവൈത്ത് പ്രശ്‌ന പരിഹാരത്തിനായി മുന്‍പന്തിയിലുണ്ട്. കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് സഊദിയിലെത്തി.
ഇന്ന് ചര്‍ച്ചകള്‍ക്കായി അദ്ദേഹം സഊദിയിലേക്ക് പോകുമെന്നായിരുന്നു ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ ഥാനി വ്യക്തമാക്കിയത്. എന്നാല്‍ കുവൈത്ത് അമീര്‍ നേരത്തേ യാത്രതിരിക്കുകയായിരുന്നു. ഖത്തര്‍ സുതാര്യവും ആത്മാര്‍ഥതയുള്ളതുമായ ചര്‍ച്ചകളാണ് പ്രതീക്ഷിക്കുന്നത്.
മേഖലയിലെ ശത്രുക്കള്‍ അവരുടെ അഭിലാഷങ്ങള്‍ ഖത്തറിന് മേല്‍ അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നത്. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതും സന്തോഷകരമായ കാര്യമല്ലെന്നും മന്ത്രി വിശദീകരിച്ചിരുന്നു. കുവൈത്ത് വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയാറാണെന്ന് കുവൈത്ത് അറിയിച്ചിരുന്നു.
തന്റെ സഊദി സന്ദര്‍ശനവേളയില്‍ ഖത്തര്‍ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് സഹായം നല്‍കുന്നതായി അയല്‍രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ പറഞ്ഞിരുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രശ്‌നത്തോട് ട്വിറ്ററിലൂടെ പ്രതികരിച്ചു. മേഖലയെ അസ്ഥിരപ്പെടുത്താനാണ് ഇറാന്റെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടക്കുന്നത്. ഇത്തരം ശ്രമങ്ങള്‍ക്കെതിരേയും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരേയും മധ്യപൗരസ്ത്യ ദേശത്തെ മുസ്‌ലിം രാജ്യങ്ങള്‍ നേതൃത്വം നല്‍കണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നതായി ഖത്തറിന് നേരെയും വിരല്‍ ചൂണ്ടിയിരുന്നുവെന്നും ട്രംപ് ട്വീറ്റ് ചെയ്തു.
ഇത്തരം ആവശ്യം ഉന്നയിച്ച് രണ്ടാഴ്ചക്ക് ശേഷമാണ് തീവ്രവാദം ആരോപിച്ച് സഹോദര രാജ്യങ്ങള്‍ ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും അവാസനിപ്പിച്ചിരിക്കുന്നത്.
അല്‍ജസീറ ഉള്‍പ്പെടെയുള്ള ഖത്തര്‍ ന്യൂസ് സൈറ്റുകള്‍ സഊദിയും ഈജിപ്തും ബഹ്‌റൈനും യു.എ.ഇയും ട്രംപിന്റെ സന്ദര്‍ശന വാരത്തില്‍ തന്നെ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. കുവൈത്തിനൊപ്പം തുര്‍ക്കിയും പ്രശ്‌നപരിഹാരത്തിന് രംഗത്തുണ്ട്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിനുമായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ചര്‍ച്ച നടത്തി.
ചര്‍ച്ചയ്ക്ക് റഷ്യ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഗള്‍ഫ് ബന്ധങ്ങള്‍ സാധാരണ നിലയിലാക്കുന്നതിന് സഹായം ചെയ്യാന്‍ തുര്‍ക്കി സന്നദ്ധമാണെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി വ്യക്തമാക്കിയിരുന്നു. ജി.സി.സി രാജ്യങ്ങളായ സഊദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍ എന്നിവക്കൊപ്പം യമന്‍, ഈജിപ്ത്, കിഴക്കന്‍ ലിബിയ, മാലദ്വീപ് എന്നിവയാണ് ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ചത്.
സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങള്‍ കഴമ്പില്ലാത്തതെന്ന് പ്രവാസികള്‍
പ്രതിസന്ധിയില്‍ പേടി വേണ്ടെന്ന് ഖത്തര്‍ മലയാളികള്‍
ദോഹ: ഖത്തറിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ആശങ്കപ്പെടാനില്ലെന്ന് നാട്ടിലുള്ളവരോട് ഖത്തര്‍ മലയാളികള്‍. അടിയന്തര സാഹചര്യത്തെ കുറിച്ച് സാമൂഹിക മാധ്യമങ്ങളില്‍ ആശങ്കകള്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ടെങ്കിലും അതിലൊന്നും പേടിക്കേണ്ടെന്നാണ് മലയാളികള്‍ ഫോണ്‍ വഴി നാട്ടിലുള്ളവരോട് പറയുന്നത്. പ്രചരിപ്പിക്കപ്പെടുന്ന വാര്‍ത്തകളിലേറെയും കഴമ്പില്ലാത്തതാണെന്ന് പ്രവാസികള്‍ പറയുന്നു.
നയതന്ത്ര പ്രശ്‌നങ്ങള്‍ ആഴ്ചകള്‍ക്കകം പരിഹരിക്കപ്പെടുമെന്നാണ് മലയാളികള്‍ക്കുള്ളത്. പ്രതിസന്ധി തുടര്‍ന്നാല്‍ ഉപജീവനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഉറപ്പാണ്. ഇവിടുത്തെ ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ കാര്യത്തില്‍ വിദേശകാര്യ മന്ത്രാലയവും ആശങ്കയറിയിച്ചിട്ടുണ്ട്. ഭക്ഷ്യക്ഷാമമാണ് ഖത്തര്‍ നേരിടുന്ന പ്രധാന വെല്ലുവിളി. ഇത് പരിഹരിക്കാന്‍ ഇറാന്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. മൂന്നുഭാഗവും കടലിനാല്‍ ചുറ്റപ്പെട്ട ഖത്തര്‍ കരയുമായി അതിര്‍ത്തി പങ്കിടുന്നത് സഊദിയുമായാണ്. സഊദിയുമായി ബന്ധിപ്പിക്കുന്ന പ്രധാനപാത കഴിഞ്ഞ ദിവസം അടച്ചു. ഈപാതയിലൂടെയാണ് ഭൂരിഭാഗം ഭക്ഷ്യധാന്യങ്ങളുമെത്തുന്നത്. സഊദിയില്‍ നിന്നാണ് ഭക്ഷണവസ്തുക്കള്‍ ഖത്തര്‍ വാങ്ങുന്നത്. നയതന്ത്ര പ്രശ്‌നത്തെ തുടര്‍ന്ന് ഖത്തറിലെ മാളുകളിലും ഗ്രോസറികളിലും വന്‍തിരക്കാണ് അനുഭവപ്പെട്ടത്.
ഇത്തരം സ്ഥാപനങ്ങളിലെ നടത്തിപ്പുകാരിലും ജീവനക്കാരിലും മലയാളികളാണ് കൂടുതലും. ഭക്ഷ്യസാധനങ്ങള്‍ പൂഴ്ത്തിവയ്ക്കുന്നതിനും വിലക്കയറ്റം ഉണ്ടാക്കുന്നതിനും അമിതമായി വാങ്ങിക്കൂട്ടുന്നതിനും മന്ത്രിസഭ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
വിവിധ രാജ്യങ്ങളില്‍ നിന്ന് ഭക്ഷ്യ ഇറക്കുമതിയുള്ളതിനാല്‍ ഭക്ഷ്യക്ഷാമമുണ്ടാകില്ലെന്ന് മലയാളി വ്യവസായികള്‍ പറയുന്നു. ഇതു ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് സൂപ്പര്‍മാര്‍ക്കറ്റുകളില്‍ തിരക്ക് കുറഞ്ഞിട്ടുണ്ട്. ഇറാന്‍, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഭക്ഷ്യസാധനങ്ങളെത്തിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.
ഉപരോധം മറികടക്കാന്‍ ഖത്തര്‍ വ്യോമയാന പാത മാറ്റി
ദോഹ: ഉപരോധം മറികടക്കാന്‍ വ്യോമയാന പാത മാറ്റി ഖത്തര്‍. ഇറാനു മുകളിലൂടെയാണ് ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങള്‍ ഇപ്പോള്‍ പറക്കുന്നത്.
ഇതു യാത്രയുടെ ദൈര്‍ഘ്യവും ചെലവും വര്‍ധിപ്പിക്കുമെന്ന് ട്രാവല്‍ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു.
ദോഹ കൂടാതെ ദുബൈ, റിയാദ് വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചാണ് ഖത്തര്‍ എയര്‍വേയ്‌സ് സര്‍വിസുകള്‍ നടത്തിയിരുന്നത്.
എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഇറാനാണ് ഖത്തര്‍ എയര്‍വേയ്‌സിന്റെ ട്രാന്‍സിറ്റ് പോയിന്റ്.യമന്‍, സഊദി, യു.എ.ഇ, ബഹ്‌റൈന്‍ എന്നിവിടങ്ങളിലേക്ക് സര്‍വിസ് നടത്തുന്ന വിമാനങ്ങള്‍ യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കും വഴി തിരിച്ചുവിടാനും ഖത്തര്‍ ആലോചിക്കുന്നുണ്ട്. കേരളത്തില്‍ നിന്നുള്ള ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങളും മുടക്കമില്ലാതെ സര്‍വിസ് നടത്തി.
2022ലെ ലോകകപ്പ്: ആശങ്ക അറിയിച്ച് ഫിഫ
ദോഹ: സഊദി അറേബ്യയുള്‍പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചതോടെ 2022ലെ ഖത്തര്‍ ലോകകപ്പ് നടത്തിപ്പില്‍ ആശങ്കയറിയിച്ച് അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫ രംഗത്ത്. ഖത്തര്‍ ലോകകപ്പ് സംഘാടനസമിതിയുമായി നിരന്തര സമ്പര്‍ക്കത്തിലാണെന്ന് ഫിഫ അറിയിച്ചു. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളുടെ ഇടയില്‍ നിലനില്‍ക്കുന്ന നയതന്ത്രപ്രതിസന്ധിയെക്കുറിച്ച് ഫിഫ അഭിപ്രായപ്രകടനത്തിന് മുതിര്‍ന്നില്ല.
ഖത്തര്‍ ലോകകപ്പ് സംഘാടകസമിതിയും എഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനും സംഭവത്തില്‍ പ്രതികരിക്കാന്‍ തയാറായില്ല.
മാധ്യമപ്രവര്‍ത്തകര്‍ രാജിവച്ചു
ജിദ്ദ: ഖത്തറിലെ മാധ്യമങ്ങളില്‍ നിന്ന് രാജിവച്ച് സഊദിയിലേക്ക് മടങ്ങുന്നവര്‍ക്ക് തങ്ങളുടെ ചാനലില്‍ ജോലി നല്‍കുമെന്ന് രോറ്റാന ചാനല്‍ അറിയിച്ചു. ഖത്തറുമായി ബന്ധങ്ങള്‍ വഷളായതിനെത്തുടര്‍ന്ന് പ്രമുഖ ഖത്തര്‍ സ്‌പോര്‍ട്‌സ് ചാനല്‍ ബി.ഇന്നില്‍ നിന്ന് സഊദി പൗരന്മാര്‍ രാജിവച്ചുവെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. അറബ് കോടീശ്വരന്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരന്റെ ഉടമസ്ഥതയിലുള്ളതാണു രോറ്റാന ചാനല്‍ ശൃംഖല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."