വാവ് വാണിഭത്തിനൊരുങ്ങി പൊന്നാനി
പൊന്നാനി: മണ്ണും മനുഷ്യനും തമ്മിലുളള ബന്ധത്തിന്റെ നേര്‍ക്കാഴ്ചയൊരുക്കി നൂറ്റാണ്ടിന്റെ അനുഭവവുമായി കുറ്റിക്കാട് വാവ് വാണിഭം. സാധനങ്ങള്‍ പരസ്പരം കൈമാറി വിനിമയം നടന്നിരുന്ന (ബാട്ടര്‍ സമ്പ്രദായം) കാലം മുതല്‍ തുടങ്ങിയ കുറ്റിക്കാട് വാവ് വാണിഭം ഇന്നും സജീവമായി പൊന്നാനിയുടെ തെരുവീഥിയില്‍ നടക്കുന്നു. ദീപാവലിയോടനുബന്ധിച്ച മൂന്ന് ദിവസങ്ങളില്‍ പൊന്നാനി നഗരസഭയിലെ ചന്തപ്പടി മുതല്‍ എ.വി ഹൈസ്‌ക്കൂള്‍ വരെയുള്ള ഭാഗത്തെ പാതയോരമാണ് വാവ് വാണിഭത്തിന്റെ വേദി.
ഭാരതപ്പുഴയില്‍ ബലിതര്‍പ്പണത്തിനു വരുന്നവര്‍ അവശ്യസാധനങ്ങള്‍ പരസ്പരം കൈമാറ്റം ചെയ്യുന്നതിനായി കുറ്റിക്കാട് ക്ഷേത്ര പരിസരത്തൊരുക്കിയ പ്രത്യേക സൗകര്യമായിരുന്നു വാവുവാണിഭം. വിളയിച്ച ഉല്‍പ്പന്നങ്ങളാണ് ഇവിടെ കച്ചവട ചരക്കുകളായെത്തുക. കിഴങ്ങ് വര്‍ഗ്ഗത്തില്‍പ്പെട്ട പിടിക്കിഴങ്ങ്, മധുര കിഴങ്ങ്, ചക്കരക്കിഴങ്ങ്, കാവത്ത് എന്നിവയാണ് ആകര്‍ഷക ഇനങ്ങള്‍. കൂടാതെ കുവ്വ, കൂര്‍ക്ക, നെല്ലിക്ക, കരിമ്പ് എന്നിവയും വിവിധ തരത്തിലുളള മണ്‍പാത്രങ്ങള്‍, ഉലക്ക, വാഴക്കന്ന്, സ്വന്തമായി ഉല്‍പാദിപ്പിച്ച വിത്തുകള്‍ എന്നിവയും വില്‍പ്പനക്കെത്തും. ഈ ഉല്‍പ്പന്നങ്ങള്‍ക്കായി വാവ് വാണിഭം വരെ കാത്തിരിക്കുന്നവര്‍ ഏറെയാണ്.
പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ നിന്നുളള കര്‍ഷകരും കച്ചവടക്കാരുമാണ് വാവ് വാണിഭത്തിനായി പൊന്നാനിയിലെത്തുന്നവരില്‍ ഏറെയും. ആണ്ടിലൊരിക്കല്‍ നടക്കുന്ന കുറ്റിക്കാട്ടിലെ നാട്ടുചന്തക്ക് ഒന്നര നൂറ്റാണ്ടിന്റെ പഴക്കമുണ്ടെന്നാണ് കണക്കാക്കുന്നത്. കുറ്റിക്കാട് ക്ഷേത്രത്തോട് ചേര്‍ന്ന വാണിഭക്കളത്തിലായിരുന്നു വാവ് വണിഭം ആദ്യകാലത്ത് നടന്നിരുന്നത്. കാലങ്ങള്‍ പിന്നിട്ടപ്പോള്‍ വാണിഭക്കളത്തിലെ നാട്ടുചന്ത പാതയോരത്തേക്ക് മാറുകയായിരുന്നു. പ്രത്യേക സംഘടക സമിതികളോ മുന്നൊരുക്കങ്ങളോ ഇല്ലാതെ തന്നെ ദീപാവലിയോടനുബന്ധിച്ച ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ നിന്നായി പൊന്നാനിയിലെത്തുന്നവര്‍ പാരമ്പര്യ രീതിയില്‍ കച്ചവടം നടത്തി തിരിച്ചു പോകുന്ന രീതിയാണ് തുടര്‍ന്നുവരുന്നത്. വാവു വാണിഭത്തിന് പ്രദേശത്തെ സ്ഥിരം കച്ചവടക്കാര്‍ സൗകര്യമൊരുക്കുന്നതിനാല്‍ കാലങ്ങള്‍ പിന്നിട്ടിട്ടും തനിമ വിടാതെ പൊന്നാനിയുടെ സ്വന്തം നാട്ടുചന്ത ഇപ്പോഴും സജീവമായി തുടരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."