ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വെറും കടലാസല്ല
ഇന്ത്യയുടെ തെക്കു ഭാഗത്തുള്ള പശ്ചിമഘട്ട മലനിരകളും സമീപപ്രദേശങ്ങളും നേരിടുന്ന പാരിസ്ഥിതിക വെല്ലുവിളികളെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി ഇന്ത്യാഗവണ്‍മെന്റിന്റെ വനം-പരിസ്ഥിതി മന്ത്രാലയം രൂപീകരിച്ച സമിതിയാണ് വെസ്റ്റേണ്‍ ഘട്ട് ഇക്കോളജി എക്‌സ്‌പേര്‍ട്ട് പാനല്‍. പരിസ്ഥിതി സംരക്ഷണ മേഖലയിലെ 14 വിദഗ്ധര്‍ അടങ്ങിയ സമിതി തയാറാക്കിയ റിപ്പോര്‍ട്ട് സമിതിയുടെ അധ്യക്ഷനായ മാധവ് ഗാഡ്ഗിലിന്റെ പേരിലാണ് അറിയപ്പെടുന്നത്. 1942 ല്‍ മഹാരാഷ്ട്രയിലെ പൂനെയിലാണ് മാധവ് ഗാഡ്ഗില്‍ ജനിച്ചത്. ജീവ ശാസ്ത്ര പഠനത്തിന് ശേഷം ഹാര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റിയില്‍നിന്നു ഡോക്ടറേറ്റ് കരസ്ഥമാക്കി. ശാന്തി സ്വരൂപ് ഭട്‌നാഗര്‍ അവാര്‍ഡ്, വിക്രം സാരാഭായ് അവാര്‍ഡ്, പത്മശ്രീ-പത്മഭൂഷണ്‍ പുരസ്‌കാരങ്ങള്‍ എന്നിവ നേടിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ശാസ്ത്രകാര്യ ഉപദേശക സമിതി അംഗം, അന്താരാഷ്ട്ര ശാസ്ത്ര സാങ്കേതിക ഉപദേശക സമിതി അധ്യക്ഷന്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു.
ഖനനവും ഖനി അവശിഷ്ടങ്ങളും
വന്‍ തോതിലുള്ള ഖനനം ഗുരുതരമായ പരിസ്ഥിതി ആഘാതം സൃഷ്ടിക്കുന്നതായി സമിതിയുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. പല ഖനികളിലും ഗണ്യമായ അളവില്‍ വെള്ളം പമ്പ് ചെയ്ത് കളയുന്നുണ്ട്. ഇതു ഭൂജലത്തെ പ്രതികൂലമായി ബാധിക്കുന്നതായി പല പഠനങ്ങളും വിലയിരുത്തിയിട്ടുണ്ട്. ഇപ്രകാരം അനിയന്ത്രിതമായി ഒഴുക്കിക്കളയുന്ന ഭൂജലം സമീപ പ്രദേശങ്ങളിലെ കിണറുകളുടെ വരള്‍ച്ചയ്ക്കും കൃഷിനാശത്തിനും കാരണമാകുന്നു. മാത്രമല്ല പല ഖനികളിലും ഖനനത്തിനു ശേഷം ബാക്കി വരുന്ന അവശിഷ്ടങ്ങള്‍ വീണ്ടും ഖനനം ചെയ്ത് വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നുണ്ട്. ഇതു മൂലം ഖനികളിലെ ധാതുക്കള്‍ തീര്‍ന്നു പോയി ഖനനം അവസാനിപ്പിക്കുമ്പോള്‍ ഖനി മൂടാന്‍ സാധിക്കാതെ വരുന്നു. അതോടൊപ്പം അനിയന്ത്രിതമായ രീതിയില്‍ കൂട്ടിയിടുന്ന ഖനി അവശിഷ്ടങ്ങള്‍ കൃഷി ഭൂമിയെ സാരമായി ബാധിക്കുന്നു. പരിസ്ഥിതി ക്ലിയറന്‍സില്‍ അനുവദിച്ചതില്‍ കൂടുതല്‍ ഖനനം നടത്തുന്ന ഖനികള്‍, വന്യമൃഗ സങ്കേതങ്ങളിലുള്ള ഖനികള്‍, കുടിവെള്ളത്തിന് ഉപയോഗിക്കുന്ന അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശങ്ങളിലുള്ള ഖനികള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാനാണ് ഈ വിഷയത്തിലുള്ള സമിതിയുടെ ശുപാര്‍ശ. ജല മാപ്പിങ് നടത്താതെ ഒരു ഖനനത്തിനും അനുമതി നല്‍കരുതെന്നും മഴവെള്ള സംഭരണത്തിലൂടെ ഖനനത്തില്‍ നഷ്ടപ്പെടുന്ന ജലം സംരക്ഷിക്കണമെന്നും പരാമര്‍ശമുണ്ട്.
മണല്‍ ഖനനം
പല നദികളും അമിതമായ മണല്‍ ഖനനം മൂലം ദുരിതമനുഭവിക്കുന്നവയാണ്. വര്‍ധിച്ച തോതിലുള്ള മണല്‍ ഖനനം ജലനിരപ്പ് താഴാനും ജലത്തിന്റെ ഗുണമേന്മ നഷ്ടപ്പെടുത്താനും ജല ക്ഷാമമുണ്ടാക്കാനും കാരണമാകുന്നു. ഖനനം മൂലം നദിയുടെ ആഴം വര്‍ധിക്കുന്നത് നദി സമുദ്രനിരപ്പില്‍നിന്നു താഴാനും ഉപ്പുവെള്ളം കയറാനും സാഹചര്യമൊരുക്കുന്നു. മാത്രമല്ല മത്സ്യം പോലെയുള്ള ജലജന്യ ജീവികളുടെ പ്രജനനത്തെ സാരമായി ബാധിക്കുന്നു. കൃത്യമായ മണല്‍ ഓഡിറ്റിങ് നടത്താനും ആറ്റു മണലിനു പകരം ഉപയോഗപ്പെടുത്താവുന്ന വസ്തുക്കളുടെ ഉപയോഗം പ്രോത്സാഹപ്പെടുത്താനും സമിതി ശുപാര്‍ശ ചെയ്യുന്നുണ്ട്.
വന നശീകരണം
നദീതട പദ്ധതികള്‍, തടി വ്യവസായം, തോട്ടങ്ങള്‍ എന്നിവയ്ക്കായി നദിയുടെ വൃഷ്ടി പ്രദേശങ്ങളിലെ വന നശീകരണം പരിസ്ഥിതി ആഘാതം സൃഷ്ടിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതു നദികള്‍ക്ക് ഉറവ നല്‍കുന്ന ചെറു നീര്‍ച്ചാലുകളുടെ ശോഷണത്തിനോ നാശത്തിനോ കാരണമാകുന്നുണ്ട്. വന നശീകരണം മൂലം നദിപ്രവാഹ ശക്തി ഗണ്യമായി കുറയുന്നുണ്ട്.
ആവോളം ആശങ്ക
കണ്ടല്‍ക്കാടുകള്‍ ഉള്‍പ്പടെയുള്ള ആവാസ കേന്ദ്രങ്ങളുടെ നശീകരണം, വ്യാവസായിക മാലിന്യങ്ങളും കീടനാശിനികളും കൊണ്ടുള്ള മാലിന്യങ്ങള്‍, നദികളിലെ മാലിന്യ നിക്ഷേപം, നദികളില്‍ വിദേശ മത്സ്യങ്ങളെ കടത്തി വിടല്‍, അശാസ്ത്രീയ രീതിയിലുള്ള മത്സ്യബന്ധനം, അനധികൃതമായ അലങ്കാര മത്സ്യകൃഷി, മണല്‍ ഖനനം,ശുദ്ധ ജലതടാകത്തിലെ അതിരു കടന്ന ടൂറിസം, നദി പരിപാലനത്തിന്റേയും സംരക്ഷണത്തിന്റേയും അഭാവം എന്നിവ റിപ്പോര്‍ട്ടില്‍ ഉത്കണ്ഠ ഉയര്‍ത്തുന്ന പ്രശ്‌നങ്ങളായി സൂചിപ്പിക്കുന്നുണ്ട്. വ്യവസായ ശാലകള്‍ പുറംതള്ളുന്ന രാസമാലിന്യങ്ങള്‍ മത്സ്യങ്ങള്‍ ചത്തൊടുങ്ങാന്‍ കാരണമാകുന്നുണ്ട്. റേഡിയോ ആക്റ്റീവ് ഘടകങ്ങള്‍, ഫ്‌ളൂറൈഡുകള്‍, വിവിധ ആസിഡുകള്‍ തുടങ്ങിയവ ഈ മാലിന്യങ്ങളില്‍ കാണപ്പെടുന്നുണ്ട്. കേരളത്തിലെ നദികളില്‍ കാണപ്പെടുന്ന വിദേശ മത്സ്യങ്ങളുടെ അനിയന്ത്രിതമായ കടന്നു കയറ്റം നാടന്‍ മത്സ്യ ഇനങ്ങളുടെ നിലനില്‍പ്പിനു ഭീഷണിയാകുന്നുണ്ട്. മത്സ്യസങ്കേതങ്ങള്‍ നിര്‍മിക്കാനും മത്സ്യപ്രജനന കാലത്ത് മത്സ്യബന്ധനത്തിന് നിരോധമേര്‍പ്പെടുത്താനും സമിതി ശുപാര്‍ശ ചെയ്യുന്നുണ്ട്.
ഏകവിള കൃഷിയില്‍നിന്ന്
ബഹുവിളയിലേക്ക്
ബ്രിട്ടീഷുകാരുടെ കാലം തൊട്ടാണ് പശ്ചിമഘട്ടത്തില്‍ ഏക വിള കൃഷി ആരംഭിക്കുന്നത്. ഇതുവന്‍ തോതിലുള്ള പാരിസ്ഥിതി ആഘാതം സൃഷ്ടിക്കുമെന്ന് സമിതി വിലയിരുത്തുന്നു. ഏക വിളയില്‍ നിന്നു ബഹുവിളയിലേക്ക് മാറുന്നതുവഴി മണ്ണൊലിപ്പ് തടയാനും മണ്ണിന്റെ ഗുണമേന്മ മെച്ചപ്പെടുത്താനും സാധിക്കും. ജലം പിടിച്ചു നിര്‍ത്താനുള്ള ശേഷിയും ഉത്പാദന വരുമാനക്ഷമത ഉയര്‍ത്താനും സാധിക്കും. തോട്ടങ്ങളിലും പാറയിടുക്കുകളിലുമുള്ള ബണ്ട് നിര്‍മാണ രീതി ഉപേക്ഷിക്കാനും പകരം മണ്ണൊലിപ്പ് തടയാന്‍ സാധിക്കുന്ന സസ്യനിര വളര്‍ത്തിയെടുക്കാനും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.
കളനാശിനികളുടെ ഉപയോഗം
വര്‍ധിച്ച തോതിലുള്ള കളനാശിനികളുടെ ഉപയോഗം ജൈവ വൈവിധ്യത്തിന് ഭീഷണിയാകുന്നുണ്ട്. കൂടുതല്‍ പ്രതിരോധ ശേഷിയുള്ള കളകളുടെ വര്‍ധനവിനും ഇതു കാരണമാകുന്നു. തൊഴിലാളികളെ ഉപയോഗപ്പെടുത്തിയോ യന്ത്രസഹായത്താലോ പരിഹാരം കാണാനും ഇതിനു സര്‍ക്കാര്‍ സബ്‌സിഡി നല്‍കാനും സമിതി ശുപാര്‍ശ ചെയ്യുന്നുണ്ട്.
കീടനാശിനിപ്രയോഗവും
ജൈവ വളവും
കീടനാശിനികള്‍ക്കെതിരേ രാസവളം ഉപയോഗപ്പെടുത്തുന്ന രീതിയെ സമിതി നിരുത്സാഹപ്പെടുത്തുന്നുണ്ട്. പശ്ചിമഘട്ടത്തിലെ രാസവള പ്രയോഗം സമതലങ്ങളിലേക്കു വ്യാപിക്കാനും ഇതു ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നം സൃഷ്ടിക്കുകയും ചെയ്യുന്നു. രാസ വളങ്ങള്‍ക്കു പകരം ജൈവവളങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ സമിതി ശുപാര്‍ശ ചെയ്യുന്നുണ്ട്. രാസവളങ്ങള്‍ക്ക് കൂടുതല്‍ വെള്ളം ആവശ്യമുണ്ട്. ഇതു പശ്ചിമഘട്ടത്തിലെ ജലചൂഷണത്തിന് കാരണമാകും. തോട്ടങ്ങളില്‍വച്ചുതന്നെ ജൈവവളം നിര്‍മിക്കുന്നതിനെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. രാസവളങ്ങളില്‍ നിന്നു മാറി ജൈവ കൃഷിയിലേക്കെത്തുമ്പോള്‍ ആദ്യത്തെ രണ്ടു-മൂന്നു വര്‍ഷങ്ങളിലുണ്ടാകുന്ന വിള നഷ്ടത്തിന് സര്‍ക്കാര്‍ നഷ്ട പരിഹാരം നല്‍കണം. മാത്രമല്ല ധാരാളം ജലവും വെള്ളവും ആവശ്യമായ ഇന്നത്തെ വിത്തിനങ്ങളില്‍നിന്നു മാറി കുറച്ച് വെള്ളവും വളവും ആവശ്യമായ വിത്തിനങ്ങള്‍ തെരഞ്ഞെടുക്കുന്നതിനെക്കുറിച്ചും ചിന്തിക്കേണ്ടതുണ്ട്.
വന്യജീവികളും കൃഷിയും
പശ്ചിമഘട്ടത്തിലെ വന്യജീവികള്‍ മുഖേന കൃഷി നാശം സംഭവിക്കുന്ന പ്രദേശങ്ങളില്‍ വന്യജീവികള്‍ക്ക് ആകര്‍ഷകമല്ലാത്ത വിളകള്‍ കൃഷി ചെയ്യുന്നതിനെക്കുറിച്ച് സമിതി വിലയിരുത്തുന്നുണ്ട്. വിളകള്‍ മാറ്റിയുള്ള കൃഷി രീതിയിലൂടെ സസ്യഭുക്കായ മൃഗങ്ങളുടെ ശല്യം തടയാനാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല ആനകള്‍ സഞ്ചരിച്ചിരുന്ന പ്രദേശങ്ങള്‍ വെട്ടിത്തെളിച്ച് കൃഷി ചെയ്യുന്ന രീതി ഉപേക്ഷിക്കുകയും വേണം. ഇത്തരത്തില്‍ കൃഷി നാശം വരുന്ന കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ മതിയായ നഷ്ട പരിഹാരം നല്‍കണം. ഇട നിലക്കാരെ ഒഴിവാക്കി കര്‍ഷകര്‍ക്ക് പരമാവധി ലാഭം ലഭിക്കാനുള്ള മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കണം.
അണക്കെട്ട് നിര്‍മാണവും
ഭൂമി കൈയേറ്റവും
പല നദികളിലേയും ജലം അണകെട്ടുകയോ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ക്കായി വഴി തിരിച്ചു വിടുകയോ ചെയ്യുന്നുണ്ട്. ഇത് പ്രകൃതി നിയമത്തിനെതിരും പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കുന്നതുമാണ്. അണക്കെട്ടുകളുടെ നിര്‍മാണം നദീ ജല പ്രവാഹത്തെ സ്വാധീനിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നദിയുടെ പ്രവാഹ വേഗം, താഴേക്ക് ഒഴുകുന്ന ജലത്തിന്റെ അളവ് എന്നിവ അണക്കെട്ടുകള്‍ മാറ്റി മറിക്കുന്നു. അതോടൊപ്പം വിവിധ നദികളെ സംയോജിപ്പിച്ച് നദിയുടെ ഗതി തിരിച്ചുവിടുന്ന അവസരത്തില്‍ അണക്കെട്ടിനു താഴെയുള്ള നദിയുടെ സ്വാഭാവികമായ ഒഴുക്ക് അപ്രത്യക്ഷമാകുന്നു. ഇതു പല പ്രദേശങ്ങളിലും വെള്ളപ്പൊക്കത്തിനും വരള്‍ച്ചയ്ക്കും കാരണമാകും. അണക്കെട്ട് നിര്‍മ്മാണത്തിനോടനുബന്ധിച്ച് നടത്തുന്ന ഭൂമികൈയേറ്റവും വന നശീകരണവും താഴ്‌വാരത്തെ ജലസംഭരണികളില്‍ വന്‍ തോതില്‍ എക്കല്‍ അടിഞ്ഞു കൂടാന്‍ കാരണമാകുന്നു. മലഞ്ചെരിവുകള്‍ക്കും തടാകങ്ങള്‍ക്കും ക്വാറികളും ക്രഷറുകളും വന്‍ തോതില്‍ ഭീഷണി ഉയര്‍ത്തുന്നുണ്ട്. പാറപ്പൊടി വായു, മണ്ണ്, ജലം എന്നിവയെ മലിനമാക്കും. ഇവ വൃക്ഷ നാശത്തിനും കാരണമാകുന്നു.
അമിതമായ ഊര്‍ജ ഉപയോഗം
വികസനത്തിനാവശ്യമായ ഊര്‍ജവും വൈദ്യുതിയും കണ്ടെത്തുന്നതിന് ഓരോ കാലത്തും പുതിയ പദ്ധതികള്‍ ആരംഭിക്കാറുണ്ട്. ഇത്തരത്തിലുള്ള അമിതമായ ഊര്‍ജ ഉത്പാദന പ്രൊജക്റ്റുകള്‍ വരുത്തിവയ്ക്കുന്ന പാരിസ്ഥിതിക സാമൂഹ്യ ആഘാതങ്ങളെക്കുറിച്ച് സമിതി വിലയിരുത്തുന്നുണ്ട്. പശ്ചിമഘട്ടത്തിലെ സംവേദനക്ഷമതയുള്ള ഭാഗത്തെ ഊര്‍ജ ഉത്പാദന പ്ലാന്റുകള്‍ ജൈവ ആവാസ വ്യവസ്ഥ ഘടനയെ ബാധിക്കുന്നുണ്ട്. വന്‍ തോതിലുള്ള വന നശീകരണത്തിനും ജന്തുജാലങ്ങളുടെ നാശത്തിനും കാരണമാകുന്നു.
തെര്‍മല്‍ പ്ലാന്റുകളില്‍നിന്നു പുറംതള്ളുന്ന ചൂടുകാറ്റ് വനങ്ങളുടെ നിലവാരത്തെ ബാധിക്കുകയും മാലിന്യങ്ങള്‍ ജലസ്രോതസുകളെ മലിനമാക്കുകയും ചെയ്യുന്നു. ഇത് എത്തിച്ചേരുന്ന ജലാശയങ്ങളിലെ ജലജീവികളെ സാരമായി ബാധിക്കുന്നു. കാറ്റാടിപ്പാടങ്ങള്‍ പോലെയുള്ള പാരമ്പര്യ ഊര്‍ജ്ജ പ്ലാന്റുകളുടെ നിര്‍മാണം ആ പ്രദേശത്തെ ജൈവ ആവാസ വ്യവസ്ഥയില്‍ കാര്യമായ മാറ്റമുണ്ടാക്കുന്നുണ്ട്. ഇവ നിര്‍മിക്കാന്‍ പശ്ചിമഘട്ടത്തില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങളിലേക്ക് സഞ്ചരിക്കാന്‍ റോഡുകള്‍ നിര്‍മിക്കേണ്ടതുണ്ട്. ഇത് വന്‍ തോതിലുള്ള വന നശീകരണത്തിനും ആവാസ വ്യവസ്ഥാവ്യതിയാനത്തിനും കാരണമാകും. ഉരുള്‍പൊട്ടല്‍, മണ്ണൊലിപ്പ് എന്നിവയായിരിക്കും ഫലം. ഊര്‍ജ്ജ ഉപഭോക്താക്കളെ ബോധവല്‍ക്കരിച്ച് ഊര്‍ജ്ജ ആഢംബരം കുറയ്ക്കാന്‍ റിപ്പോര്‍ട്ടില്‍ സമിതിയുടെ നിര്‍ദേശമുണ്ട്.
വിനോദത്തിന്റെ മലകയറല്‍
പശ്ചിമഘട്ടത്തിലെ ടൂറിസ വളര്‍ച്ച വന്‍ തോതിലുള്ള ടൂറിസ്റ്റ് സ്ഥാപനങ്ങളുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. അനിയന്ത്രിതമായ ടൂറിസം മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം വര്‍ധിപ്പിക്കാനും ടൂറിസ പ്രദേശങ്ങളില്‍ മാലിന്യ വര്‍ധനവിനും കാരണമാകുന്നു. വനങ്ങളിലെ തീപിടിത്തത്തിനും വര്‍ധിച്ച തോതിലുള്ള ജല ഉപയോഗത്തിനും വഴിവയ്ക്കുന്നു. ഇക്കോ ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനും ടൂറിസ പ്രദേശത്ത് വാഹനങ്ങള്‍, പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ എന്നിവ നിരോധിക്കാനും സമിതി നിര്‍ദേശിക്കുന്നുണ്ട്. മല മുകളിലുള്ള ടൂറിസ്റ്റ് ഹോമുകള്‍ നിരോധിക്കാനും വ്യവസ്ഥയുണ്ട്.
ഗതാഗതം
റോഡുകള്‍ മനുഷ്യ ആവാസ കേന്ദ്രങ്ങളുടെ വികസനത്തിനും ഉപയോഗത്തിനും മാറ്റം വരുത്തും. ഇത് ആവാസ വ്യവസ്ഥകളുടെ താളം തെറ്റിക്കും. വന്‍ തോതിലുള്ള വന നശീകരണമുണ്ടാക്കും. വന്യജീവികളുടെ നിലനില്‍പ്പ് അപകടത്തിലാക്കും. മല മുകളിലൂടെ കടന്നു പോകുന്ന റോഡിനു വേണ്ടി ധാരാളം പാറകള്‍ പൊട്ടിക്കേണ്ടി വരും. ഇതു ശബ്ദമലിനീകരണത്തിനും മഴക്കാലത്തെ ഉരുള്‍പ്പൊട്ടലിനും കാരണമാകും. പശ്ചിമഘട്ടത്തില്‍ കൃത്യമായി ഓഡിറ്റിങ് നടത്താതെ മേജര്‍ റോഡുകളോ റെയില്‍വേ ലൈനുകളോ പാടില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. വന്യ മൃഗങ്ങള്‍ക്കു കടന്നു പോകാന്‍ സൗകര്യമുള്ള വിധത്തിലായിരിക്കണം പുതിയ പ്രൊജക്റ്റിന് അംഗീകാരം നല്‍കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."