ചൂഷണത്തിനിരയായി റെയില്‍വേ താത്കാലിക ശുചീകരണ തൊഴിലാളികള്‍
ഒലവക്കോട്: റെയില്‍വേ സ്റ്റേഷനുകളില്‍ 1500 ലധികം വരുന്ന താത്കാലിക ശുചീകരണ തൊഴിലാളികള്‍ മിനിമം വേതനം പോലും ലഭിക്കാതെ വലയുമ്പോള്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ഈ ചൂഷണത്തിനു കൂട്ടുനില്‍ക്കുന്നതോടെ ട്രെയിനുകള്‍ വന്നുനില്‍ക്കുമ്പോഴും ഇവ കടന്നുപോയതിനുശേഷം മലീമസവും ദുര്‍ഗന്ധപൂരിതവുമാകുന്ന റെയില്‍വേ സ്റ്റേഷനുകള്‍ ശുചീകരിക്കുകയും വൃത്തിയാക്കുകയും ചെയ്യുന്ന കരാര്‍ തൊഴിലാളികളുടെ അവസ്ഥ ദയനീയമാണ്.
ഭക്ഷണാവശിഷ്ടങ്ങളും കക്കൂസ് മാലിന്യങ്ങളും ഉള്‍പ്പെടെ അറപ്പുളവാക്കുന്നവയെ മുഴുവന്‍ കഴുകിക്കളഞ്ഞ് വൃത്തിയാക്കുന്ന ഇവരുടെ കദനകഥകള്‍ കാണാതെ പോകുകയാണ് അധികൃതര്‍ റെയില്‍വേയും കരാറുകാരും ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുമ്പോള്‍ കരാര്‍ തൊഴിലാളികളുടെ രക്ഷയ്ക്ക് ഇവരുടെ സംഘടനകളും എത്തുന്നില്ലെന്നുള്ളതാണ് വാസ്തവം.
പൊതുമിനിമം വേതനം ലഭ്യമാക്കാന്‍ ആവശ്യമായ നടപടികളില്‍ നിന്നും റെയില്‍വേയും കരാറുകാരനും സംഘടനാപ്രതിനിധികളും ഒളിച്ചോടുകയാണെന്നാണ് തൊഴിലാളികളുടെ പരാതി. 250 രൂപ ദിവസക്കൂലിക്കാണ് താത്ക്കാലിക ശുചീകരണ തൊഴിലാളികള്‍ ജോലി നോക്കുന്നത്.
ദിവസം എട്ടു മണിക്കൂര്‍ വീതം അഞ്ചു ഷിഫ്റ്റുകളായാണ് ജോലി ക്രമീകരിച്ചിരിക്കുന്നത്. 2017 ജനുവരി 19 മുതല്‍ ദിവസവേതനം 350 രൂപയാക്കി ഉയര്‍ത്തിക്കൊണ്ട് കേന്ദ്ര ലേബര്‍ കമ്മീഷണര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഇപ്പോഴും 250 രൂപ മാത്രമാണ് തങ്ങള്‍ക്കു ലഭിക്കുന്നതെന്നാണ് തൊഴിലാളികള്‍ പറയുന്നത്. കരാര്‍ കാലാവധി അവസാനിച്ച മാര്‍ച്ച് 31ന് മുമ്പ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച മിനിമം കൂലിവര്‍ധനവ് റെയില്‍വേ തന്നെ വഹിക്കണമെന്ന നിലപാടിലാണ് കരാറുകാര്‍. എന്നാല്‍ കൂലി നല്‍കേണ്ടത് കരാര്‍ എടുത്ത ഏജന്‍സിയാണെന്നാണ് റെയില്‍വേ നിലപാട്. ഇവര്‍ തമ്മിലുള്ള വാഗ്വാദം മുറുകുകയും തൊഴിലാളി സംഘടനകള്‍ നോക്കുകുത്തികളാകുന്ന സാഹചര്യമാണ് ഉള്ളത്. ഉത്തരവ് പുറത്തുവന്ന തീയതി തൊട്ടു മാര്‍ച്ച് വരെയുള്ള വേതനം നടപ്പാക്കിയാല്‍ തന്നെ മോശമല്ലാത്ത ഒരു തുക തങ്ങള്‍ക്കു ലഭിക്കുമെന്ന് തൊഴിലാളികള്‍ പറയുന്നു.
കേരളത്തിലാകെ വിവിധ റെയില്‍വേ സ്റ്റേഷനുകളിലായി 1500നു പുറത്ത് കരാര്‍ തൊഴിലാളികളുള്ള ഇതില്‍ 70 പേര്‍ പാലക്കാട്ടാണ്. കഴിഞ്ഞ മാര്‍ച്ചില്‍ നിലവിലുണ്ടായിരുന്ന കരാര്‍ അവസാനിച്ചിരുന്നു.
പുതിയ കരാറില്‍ റെയില്‍വേ തുക ഉയര്‍ത്തി നല്‍കിയാല്‍ തൊഴിലാളികള്‍ക്ക് പുതുക്കിയതോടെ വേതനം നല്‍കുന്നതില്‍ കരാറുകാര്‍ക്ക് എതിര്‍പ്പില്ലെന്നാണ് സൂചന. റെയില്‍വേ ഈ വാദം പരിശോധിക്കുന്നുണ്ട്.
പുതിയ കരാര്‍ നല്‍കുമ്പോള്‍ ഉയര്‍ത്തിയ വേതനത്തിന്റെ കുടിശ്ശിക പരിശോധിക്കുമെന്നു സൂചനയുള്ളതാണ് തൊഴിലാളികളുടെ ആശ്വാസം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."