പി. ചിദംബരത്തെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു
ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ അറസ്റ്റിലായ മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരത്തെ കസ്റ്റഡിയില്‍ വിട്ടു. അഞ്ചു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടുകൊണ്ടാണ് പ്രത്യേക കോടതി ഉത്തരവ്. കൂടുതല്‍ ചോദ്യം ചെയ്യണമെന്ന സി.ബി.ഐയുടെ വാദം അംഗീകരിക്കുകയായിരുന്നു.
അന്വേഷണത്തില്‍ സഹകരിക്കുന്നില്ലെന്നും കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സി.ബി.ഐ വാദിച്ചു. ഇതംഗീകരിച്ച കോടതി, ഓഗസ്റ്റ് 26 വരെ അദ്ദേഹത്തെ കസ്റ്റഡിയില്‍ വയ്ക്കാന്‍ അനുവാദം നല്‍കുകയായിരുന്നു.
ബുധനാഴ്ച രാത്രിയാണ് നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ പി. ചിദംബരത്തെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് സി.ബി.ഐ ആസ്ഥാനത്തേക്കു കൊണ്ടുപോയ ചിദംബരത്തെ വ്യാഴാഴ്ച മൂന്നു മണിയോടെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
ദിവസവും അരമണിക്കൂര്‍ നേരം കുടുംബത്തിന് ചിദംബരത്തെ കാണാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
തന്റെ പേര് എഫ്.ഐ.ആറില്‍ ഇല്ലെന്നും കാര്യമായ ചോദ്യങ്ങളൊന്നും സി.ബി.ഐ ചോദിച്ചിട്ടില്ലെന്നും ചോദിച്ചതിന് ഉത്തരം നല്‍കിയിട്ടുണ്ടെന്നും ചിദംബരം കോടതിയില്‍ വാദിച്ചു. എന്നാല്‍ പ്രതിയുടെ പേര് എഫ്.ഐ.ആറില്‍ വേണമെന്ന് നിര്‍ബന്ധമില്ലെന്ന് പറഞ്ഞ് കോടതി ഇക്കാര്യം തള്ളി. മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബലും അഭിഷേക് മനു സിങ്‌വിയും ചിദംബരത്തിനു വേണ്ടി വാദിച്ചു. ചിദംബരവും സ്വയം വാദിച്ചെങ്കിലും ഇതെല്ലാം തള്ളുകയായിരുന്നു.
ഐ.എന്‍.എക്‌സ് മീഡിയ കേസ്
ഒന്നാം യു.പി.എ സര്‍ക്കാരില്‍ ചിദംബരം ധനമന്ത്രിയായിരിക്കെ, സ്റ്റാര്‍ ഇന്ത്യ മുന്‍ സി.ഇ.ഒ പീറ്റര്‍ മുഖര്‍ജി, ഭാര്യ ഇന്ദ്രാണി മുഖര്‍ജി എന്നിവരുടെ കമ്പനിയായ ഐ.എന്‍.എക്‌സ് മീഡിയയ്ക്കു വിദേശനിക്ഷേപം സ്വീകരിക്കാന്‍ അനുമതില്‍ നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നാണ് കേസ്. 2017 മെയ് 15നാണ് സി.ബി.ഐ കേസെടുത്തത്. കള്ളപ്പണം വെളുപ്പിച്ചതായി ആരോപിച്ച് കഴിഞ്ഞവര്‍ഷം എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റും (ഇ.ഡി) കേസെടുത്തിരുന്നു. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരവും കേസില്‍ അന്വേഷണം നേരിടുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."