ഗള്‍ഫ് പ്രതിസന്ധി: കുവൈത്ത് മധ്യസ്ഥതയില്‍ പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായി
റിയാദ്: ജിസിസി അംഗത്വ രാജ്യമായ ഖത്തറിനെതിരെ ഉപരോധവുമായെത്തിയ അറബ് രാജ്യങ്ങളെ മയപ്പെടുത്തുന്നതിയായുള്ള ശ്രമങ്ങളുടെ ഭാഗമായി അനുരജ്ഞന ചര്‍ച്ചകളുമായി കുവൈത് അമീര്‍ സഊദിയിലെത്തി.
പ്രശ്‌നത്തില്‍ മുഖ്യ പങ്കു വഹിക്കുന്ന രാജ്യമെന്ന നിലയിലാണ് സഊദിയിലെത്തി അദ്ദേഹം ചര്‍ച്ചകള്‍ നടത്തിയത്. പുതിയ സംഭവ വികാസങ്ങളെ കുറിച്ച് കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍അഹമദ് അല്‍ജാബിര്‍ അല്‍സബാഹ്, തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവുമായാണ് ചൊവ്വാഴ്ച്ച രാത്രിയോടെ ചര്‍ച്ചകള്‍ നടത്തിയത്. വൈകിട്ട് ജിദ്ദയിലെത്തിയ കുവൈത്ത് അമീര്‍ പ്രാഥമിക ചര്‍ച്ചക്ക് ശേഷം കുവൈത്തിലേക്ക് തിരിച്ചുപോയി.
ഖത്തറിനെതിരെ സഊദി അറേബ്യ അടക്കമുള്ള രാജ്യങ്ങള്‍ നയതന്ത്ര ബന്ധം വിഛേദിച്ചതിനെ തുടര്‍ന്ന് പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് കുവൈത്ത് ആദ്യ ഘട്ടത്തില്‍ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ജിദ്ദയിലെത്തി സല്‍മാന്‍ രാജാവുമായി ശൈഖ് ജാബിര്‍ അല്‍സബാഹ് കൂടിക്കാഴ്ച നടത്തിയത്. സഊദി രണ്ടാം കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍, മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ഫൈസല്‍, മന്ത്രിമാരായ ഡോ. മന്‍സൂര്‍ ബിന്‍ മിത്അബ്, മിത്അബ് ബിന്‍ അബ്ദുല്ല, ഡോ. മുസാഇദ് ബിന്‍ മുഹമ്മദ് അല്‍ഐബാന്‍, ഡോ. ഇബ്രാഹീം അല്‍അസ്സാഫ്, മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ജദ്ആന്‍ എന്നിവര്‍ സഊദി അറേബ്യന്‍ ഭാഗത്ത് നിന്ന് ചര്‍ച്ചയില്‍ പങ്കെടുത്തു.
കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് സബാഹ് അല്‍സബാഹ്, ഇന്‍ഫര്‍മേഷന്‍ മന്ത്രി ശൈഖ് മുഹമ്മദ് അബ്ദുല്ല അല്‍സബാഹ്, വിദേശകാര്യ സഹമന്ത്രി ശൈഖ് ഡോ. അഹമ്മദ് നാസിര്‍ അല്‍സബാഹ്, കുവൈത്ത് അംബാസഡര്‍ സാമിര്‍ ജാബിര്‍ അല്‍സബാഹ് എന്നിവര്‍ കുവൈത്ത് അമീറിനോടൊപ്പമുണ്ടായിരുന്നു. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തു വിട്ടിട്ടില്ല. തിങ്കളാഴ്ച വൈകീട്ട് മക്ക ഗവര്‍ണര്‍ കുവൈത്തിലെത്തി കുവൈത്ത് അമീറുമായി ചര്‍ച്ച നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."