വെള്ളൂരില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞു
പയ്യന്നൂര്‍: ദേശീയപാതയില്‍ വെള്ളൂരില്‍ പാചകവാതകം കയറ്റിവന്ന ബുള്ളറ്റ് ടാങ്കര്‍ ലോറി വൈദ്യുത തൂണിലിടിച്ചു മറിഞ്ഞു. പാചകവാതകം ചോരാത്തതിനാല്‍ വന്‍ അപകടം ഒഴിവായി. ഡ്രൈവര്‍ സതീഷിനു (25) നിസാര പരുക്കേറ്റു. ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ വെള്ളൂര്‍ ഗവ. ഹൈസ്‌കൂള്‍ ബസ് സ്റ്റോപ്പിനു സമീപമായിരുന്നു അപകടം. മംഗളൂരുവില്‍നിന്ന് ഐ.ഒ.സിയുടെ പാചകവാതകം നിറച്ചുവരികയായിരുന്ന ടാങ്കര്‍ലോറിയാണ് അപകടത്തില്‍പ്പെട്ടത്. വളവില്‍ നിയന്ത്രണംവിട്ട ടാങ്കര്‍ ലോറി ദേശീയപാതയ്ക്കു കുറുകെ മറിയുകയായിരുന്നു. വാതകചോര്‍ച്ച ഇല്ലാത്തതിനാല്‍ വന്‍ദുരന്തം വഴിമാറുകയായിരുന്നു. അപകട വിവരമറിഞ്ഞയുടന്‍ കെ.എസ്.ഇ.ബി പ്രദേശത്ത് വൈദ്യുതി ബന്ധം വിച്ഛേദിച്ചു. അഗ്നിശമന സേനയും സി.ഐ ഒ.കെ വിനോദ് കുമാര്‍, എസ്.ഐ കെ.പി ഷൈന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസും സ്ഥലത്തെത്തി വാതകചോര്‍ച്ച ഇല്ലെന്ന് ഉറപ്പുവരുത്തിയതിനു ശേഷമാണ് ആളുകളെ അപകടസ്ഥലത്തേക്കു പോകാന്‍ അനുവദിച്ചത്.
മംഗളൂരുവില്‍നിന്ന് ഐ.ഒ.സിയുടെ വിദഗ്ധരെത്തി പാചകവാതകം മറ്റു ടാങ്കറിലേക്കു മാറ്റി രാത്രിയോടെ ഗതാഗതം പുനഃസ്ഥാപിച്ചു. എട്ടുമണിക്കൂറോളം സമയമെടുത്താണു പാചകവാതകം ടാങ്കറിലേക്കു മാറ്റിയത്. അപകടത്തെ തുടര്‍ന്നു പയ്യന്നൂരിനും കാലിക്കടവിനും ഇടയിലെ ദേശീയപാതയിലെ വാഹനഗതാഗതം പൂര്‍ണമായും സ്തംഭിപ്പിച്ചു. കാസര്‍കോട് ഭാഗത്തുനിന്നുവരുന്ന വാഹനങ്ങള്‍ കാലിക്കടവ്-തൃക്കരിപ്പൂര്‍ വഴി പയ്യന്നൂരിലേക്കും കണ്ണൂര്‍ ഭാഗത്തു നിന്നുവരുന്ന വാഹനങ്ങള്‍ പയ്യന്നൂര്‍ പെരുമ്പയില്‍ നിന്നു തൃക്കരിപ്പൂര്‍ വഴി കാലിക്കടവിലൂടെയുമാണു കടത്തിവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."