ഉന്നത ബന്ധമുള്ളവര്‍ക്ക് പി.എസ്.സി പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് കിട്ടുന്നത് എങ്ങനെയെന്ന് ഹൈക്കോടതി
കൊച്ചി: ഉന്നത ബന്ധമുള്ളവര്‍ക്ക് പി.എസ്.സി പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കു കിട്ടുന്ന അവസ്ഥയെങ്ങനെയുണ്ടായെന്നു ഹൈക്കോടതി. സ്വാധീനമുള്ളവര്‍ക്ക് ചോദ്യപേപ്പറും ഉത്തരങ്ങളും ലഭ്യമാക്കുന്ന അവസ്ഥയെങ്ങനെയുണ്ടായെന്നും കോടതി ആരാഞ്ഞു. നാലാം പ്രതി സഫീര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത് അറസ്റ്റിനു തടസമാണോയെന്നും കോടതി ആരാഞ്ഞു. മുന്‍ കേന്ദ്രമന്ത്രി സുപ്രിം കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടും അറസ്റ്റു നടന്നെങ്കില്‍ എന്തുകൊണ്ടാണ് സഫീറിനെ അറസ്റ്റു ചെയ്യാന്‍ കഴിയാത്തതെന്നും കോടതി ചോദിച്ചു.
ഭരണകക്ഷിയില്‍ അല്ലാത്തവരാണെങ്കില്‍ ഇതു തന്നെയാണോ അവസ്ഥയെന്നും കോടതി ചൂണ്ടിക്കാട്ടി. കൊടിയുടെ നിറമല്ല കുറ്റത്തിന്റെ ഗൗരവമാണ് കണക്കിലെടുക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബി സുധീന്ദ്രകുമാറാണ് പൊലിസിനും പി.എസ്.സിക്കുമെതിരേ രൂക്ഷമായ വിമര്‍ശനമുന്നയിച്ചത്. പരീക്ഷാഹാളില്‍ മൊബൈല്‍ ഫോണുകള്‍ എപ്രകാരമാണ് അനുവദനീയമാകുന്നതെന്നും പി.എസ്.സിക്കെതിരേ വിമര്‍ശനമുന്നയിച്ചു. പരീക്ഷാഹാളില്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നതിനു പ്രത്യേക പരിഗണനയുണ്ടോയെന്നും സര്‍ക്കാരിനോട് ആരാഞ്ഞു. യൂനിവേഴ്‌സിറ്റി കോളജിലെ വധശ്രമക്കേസിലെ പ്രതികളായ ശിവരഞ്ജിത്ത്, നസീം എന്നിവര്‍ക്ക് പി.എസ്.സി പരീക്ഷയ്ക്ക് ഉത്തരങ്ങള്‍ സന്ദേശമായി അയച്ചു നല്‍കി സഹായിച്ചുവെന്നാണ് സഫീറിനെതിരെയുള്ള ആരോപണം.
യൂനിവേഴ്‌സിറ്റി കോളജിലെ വിദ്യാര്‍ഥി അഖിലിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളാണ് ശിവരഞ്ജിത്തും നസീമും. പ്രതികള്‍ സഫീറുമായി ഗൂഢാലോചന നടത്തിയെന്നും ഇയാളുടെ മൊബൈലില്‍ നിന്നാണ് ഉത്തരങ്ങള്‍ അയച്ചതെന്നും പൊലിസ് കോടതിയെ അറിയിച്ചു. മൊബൈല്‍ ഫോണ്‍ പരീക്ഷാ ഹാളിലെത്തിച്ചത് ഉന്നത സ്വാധീനമുള്ളതുകൊണ്ടാണെന്നു മനസിലാവുമെന്നും കോടതി വ്യക്തമാക്കി. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതു തന്നെ നിയമവിരുദ്ധമാണെന്നും വിലയിരുത്തി.
പരീക്ഷാ നടത്തിപ്പില്‍ പി.എസ്.സിക്ക് വീഴ്ചയുണ്ടായിട്ടുണ്ടെന്നും തന്നെ കരുവാക്കുകയാണെന്നും സഫീര്‍ ബോധിപ്പിച്ചു. വീഴ്ച മറച്ചുവെക്കാന്‍ തനിക്കെതിരേ കെട്ടിച്ചമച്ച കേസാണിതെന്ന് ഹരജിക്കാരന്‍ കോടതിയെ അറിയിച്ചു. സഫീറിന്റെ ഹരജി ഓഗസ്റ്റ് 27 നു വീണ്ടും പരിഗണിക്കും. കേസിലെ മൂന്നാം പ്രതി അമറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ 30ന് പരിഗണിക്കാനായി മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."