പുനരധിവാസം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഏല്‍പിക്കണം: ലീഗ്
കോഴിക്കോട്: പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഏല്‍പിക്കണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. പ്രളയത്തില്‍ സകലതും നഷ്ടമായവരെ അടുത്തറിയാനും അവരുടെ പ്രശ്‌നങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും കഴിയുക തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ്. പുനരധിവാസ നടപടികള്‍ക്ക് ആവശ്യമായ ഫണ്ട് പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും കൈമാറണം. പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെടാനും വികേന്ദ്രീകരണം നടക്കാനും ഇത് ഉപകരിക്കും. ഫണ്ട് കൂടുതല്‍ ആവശ്യമുള്ള പഞ്ചായത്തുകള്‍ക്ക് സ്ഥിതിവിവര കണക്കുകളുടെ അടിസ്ഥാനത്തില്‍ അധിക തുക അനുവദിക്കണമെന്നും കെ.പി.എ മജീദ് ആവശ്യപ്പെട്ടു.
പ്രളയാനന്തര സാഹചര്യം മുന്‍നിര്‍ത്തി നിര്‍ബന്ധിത വകയിരുത്തലുകള്‍ ഒഴിവാക്കാന്‍ പഞ്ചായത്തുകള്‍ക്ക് അനുമതി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രയാസപ്പെടുന്നവരെ അടിയന്തരമായി സഹായിക്കുന്നതിന് മുന്‍ഗണന നല്‍കണം. മറ്റു പദ്ധതികള്‍ പിന്നെയും നടത്താവുന്നതാണ്. പെര്‍ഫോമന്‍സ് ഓഡിറ്റ് വിഭാഗത്തെ ഉപയോഗപ്പെടുത്തി ഈ സംവിധാനങ്ങള്‍ക്ക് കാര്യക്ഷമമായ നിരീക്ഷണം ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."