അനധികൃത കൈയേറ്റം പൊളിച്ചുനീക്കാന്‍ തഹസില്‍ദാര്‍ നോട്ടിസ് നല്‍കി
ഇരിട്ടി: പയഞ്ചേരിമുക്കില്‍ പരമ്പരാഗത തോടും റോഡും കൈയേറി സ്വന്തം കെട്ടിടത്തോടൊപ്പം ചേര്‍ത്ത സ്വകാര്യ വ്യക്തിയുടെ നിര്‍മാണ പ്രവര്‍ത്തനമങ്ങള്‍ പൊളിച്ചുനീക്കാന്‍ ഇരിട്ടി തഹസില്‍ദാര്‍ ഉത്തരവിട്ടു.
പൊതു റോഡും നീരൊഴുക്കുള്ള തോടും കൈയേറിയാണ് നഗരസഭാ കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ പാലിക്കാതെ പയഞ്ചേരിമുക്കില്‍ സ്വകാര്യ വ്യക്തി അനധികൃത നിര്‍മാണപ്രവര്‍ത്തനം നടത്തിയത്. ഇവിടെ സ്ലാബ് നിര്‍മിച്ച് അതിന് മുകളില്‍ മതിലും പണിതുയര്‍ത്തിയിട്ടുണ്ട്. കെ.എസ്.ടി.പി റോഡും പരമ്പരാഗത തോടും കൈയേറി സ്ലാബിട്ട് ടൈല്‍സ് പാകി നിര്‍മിച്ച അനധികൃത നിര്‍മാണമാണ് അടിയന്തിരമായി പൊളിച്ച് നീക്കാനും റോഡും തോടും പൂര്‍വസ്ഥിതിയിലാക്കാനും ഇരിട്ടി തഹസില്‍ദാര്‍ കെ.കെ ദിവാകരന്‍ ഉത്തരവിട്ടത്. തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം സംഭവസ്ഥലം സന്ദര്‍ശിച്ചു. റോഡിന്റെയും തോടിന്റെയും ഘടന മാറ്റിക്കൊണ്ട് എളുപ്പം തിരിച്ചറിയാന്‍ പറ്റാത്ത തരത്തില്‍ രൂപം മാറ്റിയാണ് സ്വകാര്യ വ്യക്തി കൈയേറ്റം നടത്തിയിരിക്കുന്നത്. രണ്ട് ദിവസത്തിനകം പൂര്‍വസ്ഥിതിയിലാക്കാനാണ് തഹസില്‍ദാര്‍ കെട്ടിട ഉടമയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മലപ്പുറം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് വിവാദ കെട്ടിടം. തഹസില്‍ദാര്‍ക്കൊപ്പം ഇരിട്ടി താലൂക്ക് ഹെഡ് ക്വര്‍ട്ടേര്‍സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ ടി. ശശിധരന്‍, കീഴൂര്‍ വില്ലേജ് സ്‌പെഷ്യല്‍ വില്ലേജ് ഓഫിസര്‍ ടി. മനോജ് കുമാര്‍, വില്ലേജ് അസിസ്റ്റന്റ് എ. സുധിഷ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."