പ്രതീക്ഷയ്‌ക്കൊത്തുയരാതെ മട്ടന്നൂര്‍ ടൗണ്‍ സ്‌ക്വയര്‍
മട്ടന്നൂര്‍: ഉദ്ഘാടനം കഴിഞ്ഞു അഞ്ചു മാസമാകാറായിട്ടും പ്രവര്‍ത്തനക്ഷമമാകാതെ മട്ടന്നൂര്‍ ടൗണ്‍ സ്‌ക്വയര്‍.
ടൂറിസം മേഖലയിലേക്കു സഹകരണ സംഘങ്ങളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ടൗണ്‍ സ്‌ക്വയര്‍ നടത്തിപ്പില്‍ സംഘങ്ങളെക്കൂടി പരിഗണിക്കാമെന്നായിരുന്നു മന്ത്രിയുടെ നിര്‍ദേശം. എന്നാല്‍ നാലുമാസമാകാറായിട്ടും ഒരു പദ്ധതിയും ആരംഭിച്ചിട്ടില്ല. മടന്നൂര്‍ നഗരത്തിനു തൊട്ടടുത്ത് രാജ്യാന്തര വിമാനത്താവളം അടുത്ത മാസം ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് അധികൃതരുടെ മെല്ലെപ്പോക്ക്. മേയ് 14നാണു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ടൗണ്‍ സ്‌ക്വയര്‍ ഉദ്ഘാടനം ചെയ്തത്. എന്നാല്‍ ഇതിനു മാസങ്ങള്‍ക്കു മുന്‍പേ കോഴിക്കോട് കേന്ദ്രമായ ഏജന്‍സിക്കു ടൗണ്‍ സ്‌ക്വയറിന്റെ നടത്തിപ്പു നല്‍കാന്‍ ഡി.ടി.പി.സി ധാരണയിലെത്തി. പത്രപ്പരസ്യം നല്‍കിയാണ് ഏജന്‍സിയെ നിശ്ചയിച്ചത്.
ടൗണ്‍ സ്‌ക്വയര്‍ യാഥാര്‍ഥ്യമാകുമോ എന്നു പോലും ധാരണയില്ലാതിരുന്ന സമയത്ത് അതിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഏജന്‍സികളെ ക്ഷണിച്ചപ്പോള്‍ സഹകരണ സംഘങ്ങളും പ്രാദേശിക സംരംഭകരും മുന്നോട്ടുവന്നില്ല. ഉദ്ഘാടനത്തിനു മാസങ്ങള്‍ക്കു മുന്‍പു കരാര്‍ ക്ഷണിച്ചതും ഏജന്‍സിയെ ഏല്‍പിച്ചതും ഉചിതമായില്ലെന്ന് ഇ.പി ജയരാജന്‍ ചൂണ്ടിക്കാണിച്ചിരുന്നു. ആംഫി തിയറ്റര്‍, കഫ്റ്റീരിയ, ശുചിമുറി, പാര്‍ക്കിങ് ഏരിയ, കളിസ്ഥലം, ഇരിപ്പിടം, സെക്യൂരിറ്റി കാബിന്‍ എന്നിവയാണു ടൗണ്‍ സ്‌ക്വയറിലുള്ളത്. പാര്‍ക്കിങ് സൗജന്യമായതിനാല്‍ കരാറെടുക്കുന്ന സ്ഥാപനത്തിനു കഫ്റ്റീരിയ വഴി മാത്രമാണു വരുമാനം. കരാറിനു താല്‍പര്യം പ്രകടിപ്പിച്ച ഏജന്‍സിയെ ഒഴിവാക്കിയ ഡി.ടി.പി.സി പുതിയ സ്ഥാപനത്തെ കണ്ടെത്താത്തതിനാല്‍ ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ടൗണ്‍ സ്‌ക്വയറിന്റെ പ്രയോജനം ജനങ്ങള്‍ക്കു കിട്ടുന്നില്ല. ടൗണ്‍ സ്‌ക്വയര്‍ തുറന്നു കൊടുത്തിട്ടുണ്ടെങ്കിലും ആംഫി തിയറ്റര്‍, കഫ്റ്റീരിയ, ശുചിമുറി എന്നിവ പ്രവര്‍ത്തിക്കുന്നില്ല. നഗരത്തില്‍ പൊതുമരാമത്ത് വകുപ്പ് വിശ്രമ മന്ദിരത്തിനു ചേര്‍ന്നാണു ടൗണ്‍ സ്‌ക്വയര്‍. നഗരവാസികള്‍ക്കു വൈകുന്നേരങ്ങള്‍ ചെലവഴിക്കാന്‍ നഗരത്തിലുള്ള ഏക ഇടം ഇതാണ്. വിമാന സര്‍വിസ് തുടങ്ങുന്നതോടെ നഗരത്തില്‍ തിരക്കു കൂടുമെന്നതിനാല്‍, ടൗണ്‍ സ്‌ക്വയര്‍ എത്രയും വേഗം പ്രവര്‍ത്തന ക്ഷമമാക്കണമെന്നാണ് ആവശ്യം. ടൗണ്‍ സ്‌ക്വയര്‍ ഉടന്‍ തുറന്നുകൊടുക്കാന്‍ ടെന്‍ഡര്‍ നടപടി ഉടന്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് നഗരസഭ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."