ഉദ്യോഗസ്ഥനെ തള്ളിയിട്ട് മയക്കുമരുന്നുമായി കാറില്‍ രക്ഷപ്പെട്ടയാളെ പിന്തുടര്‍ന്ന് പിടികൂടി
യുവാവില്‍ നിന്ന് ലഹരിഗുളികകളും കഞ്ചാവും പിടികൂടി
സംഭവം എക്‌സൈസിന്റെ വാഹനപരിശോധനക്കിടെ
സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങ ചെക്‌പോസ്റ്റില്‍ വാഹനപരിശോധനക്കിടെ എക്‌സൈസ് ഇന്‍സ്‌പെക്ടറെ തള്ളിതാഴെയിട്ട് രക്ഷപ്പെട്ട യുവാവിനെ ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്ന് സാഹസികമായി പിടികൂടി. മലപ്പുറം അങ്ങാടിപ്പുറം ആലിക്കല്‍ അജ്‌നാസ്(26) ആണ് പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്നും എം.ഡി.എം.എ ലഹരിമരുന്നും കണ്ടെടുത്തു.
ബുധനാഴ്ച വൈകിട്ടാണ് മുത്തങ്ങയില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. സംഭവത്തെക്കുറിച്ച് എക്‌സൈസ് പറയുന്നത് ഇങ്ങനെ: മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ വാഹനപരിശോധനക്കിടെയാണ് മാരുതി റിറ്റ്‌സ് കാറില്‍ മൈസൂര്‍ ഭാഗത്തുനിന്നും അജ്‌നാസ് എത്തിയത്. തുടര്‍ന്ന് വാഹനം പരിശോധനക്കായി നിറുത്തി. തുടര്‍ന്ന് കാറിന്റെ ബോണറ്റ് തുറക്കാനായി ആവശ്യപ്പെട്ടു. ഈ സമയം ചെക്‌പോസ്റ്റിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബൈജുവിനെ തള്ളിതാഴെയിട്ട് വാഹനവുമായി ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് മറ്റൊരു വാഹനത്തില്‍ പിന്തുടര്‍ന്നെങ്കിലും കണ്ടെത്താനായില്ല.
പിന്നീട് ബത്തേരി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടറെ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ ഇവര്‍ ഇയാളെ പിന്തുടര്‍ന്ന് ചീരാലിലെത്തി. ഈസമയം അജ്‌നാസ് സഞ്ചരിച്ച കാറിന്റെ ടയര്‍ പഞ്ചറവാകുയും ഇത് നന്നാക്കുന്നതിനായി ഇയാള്‍ ടൗണിലെ ഒരു കടയില്‍ വാഹനം നിര്‍ത്തിയിട്ടിരിക്കുകയുമായിരുന്നു. എക്‌സൈസ് ഉദ്യോഗസ്ഥരെ കണ്ടതോടെ ഇയാള്‍ കടയുടെ പിന്നിലൂടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. പുറകെയെത്തിയ ഉദ്യോഗസ്ഥര്‍ ഒരു സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തില്‍ വച്ച് ഇയാളെ സാഹസികമായി കീഴടക്കുകയാണുണ്ടായതെന്ന് എക്‌സൈസ് അധികാരികള്‍ പറഞ്ഞു.
പിന്നീട് ഇയാളെ പരിശോധിച്ചപ്പോള്‍ മൊബൈല്‍ കവറില്‍ നിന്നും 390 മില്ലിഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. തുടര്‍ന്ന് ചോദ്യംചെയ്യലില്‍ ചെക്ക്‌പോസ്റ്റില്‍ നിന്നും രക്ഷപ്പെട്ട് വരുന്ന വഴിക്ക് കൈയിലുണ്ടായിരുന്ന കഞ്ചാവ് വഴിയിലുപേക്ഷിച്ചതായും അജ്‌നാസ് പറഞ്ഞു.
ഇതിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാരുടെ സഹായത്തോടെ നമ്പികൊല്ലിയിലെ പുഴവക്കില്‍ നിന്നും അജ്‌നാസ് ഉപേക്ഷിച്ചതായി പറയുന്ന അഞ്ചുകിലോ കഞ്ചാവ് കണ്ടെടുക്കുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."