അമിത വേഗതയില്‍ വന്ന ബസ് ഗേറ്റും മതിലും തകര്‍ത്ത് വീടിനുള്ളിലേയ്ക്ക് പാഞ്ഞുകയറി
കാട്ടാക്കട: അമിത വേഗതയില്‍ വന്ന ബസ് ഗേറ്റും മതിലും തകര്‍ത്ത് വീടിനുള്ളിലേയക്ക് പാഞ്ഞുകയറി. കാട്ടാക്കട അഞ്ചുതെങ്ങിന്‍മൂട് സുരേഷ് മന്ദിരത്തിലാണ് കെ.എസ്.ആര്‍.റ്റി.സി ബസ് ഇടിച്ചുകയറിയത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് സംഭവം. തിരുവനന്തപുരത്തുനിന്നും ഊരൂട്ടമ്പലം വഴി കാട്ടാക്കടയിലേയ്ക്ക് വരികയായിരുന്ന കാട്ടാക്കട ഡിപ്പോയിലെ ബസാണ് അപകടത്തില്‍ പെട്ടത്. സംഭവത്തില്‍ ഡ്രൈവര്‍ ഉള്‍പ്പടെ നാലുപേര്‍ക്ക് പരുക്കേറ്റു.
ബസ് തൂങ്ങാംപാറയ്ക്കും അഞ്ചുതെങ്ങിന്‍മൂടിനും ഇടയിലെ കൊടും വളവില്‍ വച്ച് നിയന്ത്രണം തെറ്റി സമീപത്തെ കനാലിനു മുകളിലെ പാലത്തിലൂടെ കടന്നു വീടിന്റെ ഗേറ്റും മതിലും തകര്‍ത്ത് ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവര്‍ രാജ്കുമാര്‍, കിളിയൂര്‍ സ്വദേശി ലീല(52), മണ്ഡപത്തിന്‍കടവ് സ്വദേശി ഓമന(65), വിളപ്പില്‍ശാല സ്വദേശി അമ്മുക്കുട്ടി(71) എന്നിവരെ പരുക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസിലുണ്ടായിരുന്ന നിസാര പരുക്കേറ്റവര്‍ കാട്ടാക്കടയിലും പരിസരങ്ങളിലുമുള്ള ആശുപത്രികളിലും ചികിത്സ തേടി.
വളവില്‍ നിയന്ത്രണം വിട്ട ബസ് വിമുക്ത ഭടനായ സുരേഷിന്റെ വീടിനു മുന്നിലെ പാലത്തിലൂടെ ഇടിച്ചു കയറി ഗേറ്റും കൈവരികളും തകര്‍ത്തുവീട്ടിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. ഈസമയം ബസില്‍ മുപ്പതോളം യാത്രക്കാര്‍ ഉണ്ടായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ചു എത്തിയ അഗ്‌നിശമനസേനയും പൊലിസും പരുക്കേറ്റവരെ വിവിധ ആശുപത്രികളിലാക്കി. വീടിന്റെ മുന്‍ വശത്ത് ആളില്ലാത്തതിനാലും വീടില്‍ കയറാന്‍ നിര്‍മിച്ച പാലത്തിലൂടെ ബസ് കയറിയതിനാലും വന്‍ ദുരന്തം ഒഴിവാവുകയായിരുന്നു. ബസിന്റെ മുന്‍വശവും ഗ്ലാസും പൂര്‍ണമായും തകര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."