കൂര്‍ക്കഞ്ചേരിക്കാര്‍ ഉണര്‍ന്നത് ദുരന്തവാര്‍ത്തയുടെ ഞെട്ടലില്‍
കൂര്ക്കഞ്ചേരിയില്നിന്നു മൂകാംബികാ ക്ഷേത്രദര്‍ശനത്തിനു പുറപ്പെട്ട കുടുംബത്തിലെ അംഗങ്ങളാണ് മരിച്ചത്
തൃശൂര്‍: കൂര്‍ക്കഞ്ചേരിക്കാര്‍ ഇന്നലെ ഉണര്‍ന്നതു നാടിനെ നടുക്കിയ ദുരന്തവാര്‍ത്ത കേട്ട്. കണ്ണൂര്‍ പയ്യന്നൂര്‍ ദേശീയപാത സെന്റര്‍ സ്കൂള്‍ സ്റ്റോപ്പില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 4.15ഓടെയുണ്ടായ വാഹനാപകടത്തില്‍ കൂര്‍ക്കഞ്ചേരി സ്വദേശികളായ ഒരു കുടുംബത്തിലെ നാലുപേരാണ് മരിച്ചത്.
മംഗളൂരുവില്‍നിന്നു ചാലക്കുടിയിലേക്കു ഡീസലുമായി പോവുകയായിരുന്ന ടാങ്കര്‍ ലോറിയില്‍ ദിശമാറി എത്തിയ ഇവര്‍ സഞ്ചരിച്ച റിനോള്‍ട്ട് ഡെസ്റ്റര് കാര്‍ ഇടിച്ചുകയറുകയായിരുന്നുവെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു.
കൂര്ക്കഞ്ചേരിയില്നിന്നു കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രദര്‍ശനത്തിനു പുറപ്പെട്ടതായിരുന്നു അപകടത്തില്‍ മരിച്ച കുടുംബാംഗങ്ങള്‍. ഇടിയുടെ ശബ്ദം കേട്ടെത്തിയ നാട്ടുകാരാണു രക്ഷാപ്രവര്‍ത്തനത്തില്‍ ആദ്യം ഏര്‍പ്പെട്ടത്. പിന്നാലെ പയ്യന്നൂരില്‍നിന്നു പൊലിസും അഗ്നിശമനസേനയും എത്തി രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്കി. സംഭവസ്ഥലത്ത് തന്നെ ബിന്ദുലാല്‍ (45) മരിച്ചു. പരുക്കേറ്റവരെ കിട്ടിയ വാഹനങ്ങളില്‍ പരിയാരം മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു. ബിന്ദുലാലിന്റെ മകള്‍ ദിയയും സഹോദരീ പുത്രന് തരുണും മെഡിക്കല്‍ കോളജില്‍ എത്തുമ്പോഴേക്കും മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ സഹോദരിയുടെ മകള്‍ ഐശ്വര്യ രാവിലെ 8.45ഓടെയും മരണത്തിനു കീഴടങ്ങി. നാലുപേര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
സഊദിയില്‍ നിന്നു ചൊവ്വാഴ്ച നാട്ടിലെത്തിയ ബിന്ദുലാലും കുടുംബവും അന്നു രാത്രിയാണു കൊല്ലൂര്‍ മൂകാംബികാ ക്ഷേത്ര ദര്‍ശനത്തിനായി പുറപ്പെട്ടത്. ടാങ്കര്‍ ലോറി ഡ്രൈവര്‍ മംഗളൂരു സ്വദേശി രവീന്ദ്രയെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അപകടത്തെ തുടര്‍ന്നു ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗത തടസമുണ്ടായി. ക്രെയിന്‍ കൊണ്ടുവന്ന് തകര്‍ന്ന കാര്‍ എടുത്തുമാറ്റിയാണു ഗതാഗതം പുനഃസ്ഥാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."