കണ്‍സ്യൂമര്‍ഫെഡ് 3500 ഓണചന്തകള്‍ തുറക്കും
കൊച്ചി: സംസ്ഥാന സഹകരണ വകുപ്പിന്റെ ഓണം വിപണികള്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍ പ്രവര്‍ത്തിക്കുമെന്ന് ചെയര്‍മാന്‍ എം. മെഹബൂബ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കണ്‍സ്യൂമര്‍ ഫെഡ് മുഖേനയാണ് വിപണികള്‍ പ്രവര്‍ത്തിക്കുക.
അതിജീവനത്തിന്റെ ഓണമായി അഭിമാനത്തോടെ കണ്‍സ്യൂമര്‍ഫെഡ് എന്ന സന്ദേശം മുന്‍നിര്‍ത്തിയാണ് ഇത്തവണ ഓണം വിപണികള്‍ പ്രവര്‍ത്തിക്കുന്നത്.സംസ്ഥാനത്തിന്റെ എല്ലാഭാഗത്തും മിതമായ നിരക്കില്‍ അവശ്യസാധനങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 3500 ഓണചന്തകളാകും തുറക്കുക. 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ പൊതുവിപണിയിലെ വിലയേക്കാള്‍ കുറച്ച് സപ്ലൈകോ നല്‍കുന്ന സബ്‌സിഡി നിരക്കില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം. ഈ ഓണക്കാലത്ത് കണ്‍സ്യൂമര്‍ഫെഡ് 300 കോടി രൂപയുടെ വില്‍പ്പന നടത്താനാണ് ലക്ഷ്യമിടുന്നത്. 200കോടി രൂപയുടെ സബ്‌സിഡി സാധനങ്ങളുടെ വില്‍പനയും 100കോടി രൂപയുടെ നോണ്‍ സബ്‌സിഡി സാധനങ്ങളുടെ വില്‍പനയുമാണ് ലക്ഷ്യമിടുന്നത്.
വിപണന കേന്ദ്രങ്ങള്‍ സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ കണ്ടെത്തി ജോയിന്റ് രജിസ്ട്രാര്‍മാരുടെ നിര്‍ദേശപ്രകാരം യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയില്‍ 331 കേന്ദ്രങ്ങളും കൊല്ലത്ത് 342 കേന്ദ്രങ്ങളും എറണാകുളത്ത് 317 കേന്ദ്രങ്ങളും തുറക്കും. തൃശൂരിലായിരിക്കും ഏറ്റവും കൂടുതല്‍ കേന്ദ്രങ്ങള്‍ തുറക്കുക. 364 കേന്ദ്രങ്ങളായിരിക്കും ഇവിടെ തുറക്കുക.
നിത്യോപയോഗ സാധനങ്ങള്‍ക്ക് പുറമെ മറ്റു ഉല്‍പന്നങ്ങളും 10 മുതല്‍ 30 ശതമാനം വരെ വിലക്കുറവിലാണ് വില്‍പനക്ക് എത്തിക്കുന്നത്. വിപണിയിലെത്തുന്ന ഉല്‍പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തും. കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനം വഴി ഇ ഓക്ഷന്‍ വഴിയാണ് ഓണവിപണിയിലേക്കുള്ള സാധനങ്ങള്‍ വാങ്ങുക.
അതേസമയം ഓണത്തിന് ആവശ്യമുള്ള അരി സംഭരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന വാര്‍ത്ത തെറ്റാണെന്നും ചെയര്‍മാന്‍ പറഞ്ഞു. മാനേജിങ് ഡയറക്ടര്‍ ആര്‍. സുരേഷ് ഐ.പി.എസ് , അഡ്വ. ഇസ്മയില്‍, ഏക്‌സ്‌ക്യൂട്ടീവ് ഡയറക്ടര്‍ കെ.പി കുറുപ്പ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."