കടകംപള്ളിയ്ക്ക് പാര്‍ട്ടിയുടെ ശാസന
തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് പാര്‍ട്ടി ശാസന. സെക്രട്ടേറിയറ്റ് യോഗം നടക്കുന്നതിനിടെ എ.കെ.ജി സെന്ററില്‍ വിളിച്ചു വരുത്തിയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ശാസിച്ചത്. ഇന്നലെ രാവിലെ രണ്ട് യുവതികളുമായി പൊലിസ് സന്നിധാനത്ത് എത്തിയപ്പോള്‍ പരസ്യമായി പ്രതികരിച്ചതിനാണ് ശാസന ഏറ്റു വാങ്ങേണ്ടി വന്നത്. വിശ്വാസികള്‍ക്ക് ശബരിമലയിലെത്താന്‍ എല്ലാവിധ സംരക്ഷണവും നല്‍കുമെന്നും എന്നാല്‍ ആക്റ്റിവിസ്റ്റുകളെ അനുവദിക്കില്ലെന്നും കടകംപള്ളി പറയുകയും പൊലിസിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.
യുവതികളെ സന്നിധാനത്തേക്ക് എത്തിക്കുന്നതിന് മുന്‍പ് അവരുടെ പശ്ചാത്തലം പൊലിസ് അന്വേഷിക്കേണ്ടതായിരുന്നുവെന്നും ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാന്‍ അനുവദിക്കില്ലെന്നും ഇക്കാര്യത്തില്‍ പൊലിസിന് വീഴ്ചയുണ്ടായതായി സംശയിക്കണമെന്നുമായിരുന്നു കടകംപള്ളി പ്രതികരിച്ചത്. തുടര്‍ന്ന് കടകംപള്ളിയെ തിരുത്തി മന്ത്രി ഇ.പി ജയരാജനും രംഗത്തെത്തി. കോടതി വിധി സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്നാണെന്നും അവിടെ വിശ്വാസികള്‍ക്ക് മാത്രമല്ലെന്നും ആക്റ്റിവിസ്റ്റുകള്‍ക്കും പോകാമെന്നും പ്രതികരിച്ചു. ഇതിനു ശേഷം ഇന്നലെ നടന്ന സി.പി.എം അവൈലബിള്‍ സെക്രട്ടറിയേറ്റില്‍ വിഷയം ചര്‍ച്ചയായി.
രണ്ട് യുവതികള്‍ മല കയറിയത് കോടതി വിധിയുടെ അടിസ്ഥാനത്തിലാണെന്നും അവിടെ ആക്റ്റിവിസ്‌റ്റോ വിശ്വാസിയോ അവിശ്വാസിയോ എന്ന് നോക്കേണ്ടതില്ലെന്നും മല കയറാനെത്തുന്നവര്‍ക്ക് സുരക്ഷ ഒരുക്കേണ്ടത് പൊലിസിന്റെ കടമയാണെന്നും പൊലിസിന്റെ മനോവീര്യം തകര്‍ക്കുന്നതാണ് മന്ത്രിയുടെ പ്രസ്താവനയെന്നും ബി.ജെ.പിയ്ക്ക് കൂടുതല്‍ ഊര്‍ജം പകര്‍ന്ന പ്രസ്താവനയാണ് മന്ത്രി നടത്തിയതെന്നും അഭിപ്രായമുയര്‍ന്നു. ഇതേ തുടര്‍ന്നാണ് കടകംപള്ളിയെ എ.കെ.ജി സെന്ററില്‍ വിളിച്ചു വരുത്തിയത്. ശബരിമല വിഷയത്തില്‍ പരസ്യമായി പ്രതികരിക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് കടകംപള്ളിയോട് കോടിയേരി പറഞ്ഞു. മാത്രമല്ല, ചാനലുകള്‍ തല്‍സമയം കാണിക്കുമ്പോള്‍ ഐ.ജിയെ ദേവസ്വം ബോര്‍ഡ് പി.ആര്‍.ഒയുടെ ഫോണില്‍ വിളിച്ച് യുവതികളെ തിരികെ അയക്കണമെന്ന് നിര്‍ദേശിക്കേണ്ടിയിരുന്നില്ലെന്നും ഐ.ജിയെയോ ഡി.ജി.പിയെയോ നേരിട്ട് വിളിക്കുകയാണ് വേണ്ടിയിരുന്നതെന്നും കോടിയേരി സൂചിപ്പിച്ചു.
വൈകിട്ട് വാര്‍ത്താ സമ്മേളനത്തില്‍ കടകംപള്ളിയുടെ നിലപാട് പാടേ തള്ളി കോടിയേരി ബാലകൃഷ്ണന്‍ പരസ്യമായി രംഗത്തു വന്നു. വിശ്വാസികളാണെങ്കില്‍ ആക്റ്റിവിസ്റ്റുകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്നാണ് സി.പി.എമ്മിന്റെ നിലപാടെന്ന് കോടിയേരി പറഞ്ഞു. വിശ്വാസത്തിന്റെ ഭാഗമായി അവിടെ കടക്കണമെന്നാഗ്രാഹിക്കുന്ന സ്ത്രീ, ആക്റ്റിവിസ്റ്റായാലും അവര്‍ക്ക് പ്രവേശനം കൊടുക്കണം. ഒരു സ്ത്രീയില്‍ ആക്റ്റീവിസ്റ്റുമുണ്ടാകും അല്ലാത്തായാളുമുണ്ടാകും. വരുന്നയാള്‍ ആക്റ്റിവിസ്റ്റാണോ അല്ലയോ എന്ന് നോക്കി പ്രവേശനം കൊടുക്കാന്‍ പറ്റില്ല. അത്തരമൊരു നിലപാട് സര്‍ക്കാരിനില്ലെന്നും ഇക്കാര്യത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിലപാട് പാര്‍ട്ടിയുടെ നിലപാടെല്ലെന്നും കോടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."