പൊലിസ് രക്തസാക്ഷി ദിനാചരണം ഈവര്‍ഷം മുതല്‍ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച്
കാളികാവ്: സംസ്ഥാനത്ത് പൊലിസ് രക്തസാക്ഷി ദിനാചരണ പരിപാടികളില്‍ ഈ വര്‍ഷം മുതല്‍ മാറ്റം വരുത്തി.
ജില്ലാ ആസ്ഥാനങ്ങളില്‍ നടത്തിയിരുന്ന രക്തസാക്ഷി ദിനാചരണം പൊലിസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് നടപ്പാക്കാനാണ് നിര്‍ദേശം. ഞായറാഴ്ച രക്തസാക്ഷി ദിനാചരണം നടത്താനുള്ള പ്രത്യേക മാര്‍ഗനിര്‍ദേശം ജില്ലാ പൊലിസ് മേധാവി നല്‍കിയിട്ടുണ്ട്. ഡിവൈ.എസ്.പി, സി.ഐ, എസ്.ഐ എന്നിവരില്‍ സ്റ്റേഷന്‍ ചുമതലയുള്ളവര്‍ ദിനാചരണത്തിന് നേതൃത്വം നല്‍കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. പൊലിസ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി നാലടി ഉയരത്തില്‍ വെള്ളപൊതിഞ്ഞ രക്തസാക്ഷി സ്തൂപം ഒരുക്കണം.
സ്തൂപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് പൊലിസുകാരുടെ ഓര്‍മ പുതുക്കേണ്ടത്. സ്റ്റുഡന്റ്‌സ് പൊലിസ്, വിരമിച്ച പൊലിസുകാര്‍, മത്സ്യബന്ധന മേഖലയിലെ സമാധാനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങിയവരെ ചടങ്ങില്‍ പങ്കെടുപ്പിക്കാവുന്നതാണ്. ചടങ്ങ് ലളിതമായിരിക്കണമെന്നും പ്രത്യേക നിര്‍ദേശമുണ്ട്.
1959ല്‍ ചൈനീസ് പട്ടാളത്തിന്റെ വെടിവയ്പ്പില്‍ പത്ത് പൊലിസുകാര്‍ മരണപ്പെടുകയും ഏഴു പേര്‍ക്ക് ഗുരുതര പരുക്ക് പറ്റുകയും ചെയ്തു.
സംഭവത്തെ അനുസ്മരിച്ചാണ് രാജ്യവ്യാപകമായി എല്ലാ വര്‍ഷവും ഒക്ടോബര്‍ 21 പൊലിസ് രക്തസാക്ഷി ദിനമായി ആചരിക്കുന്നത്. പൊലിസുകാരുടെ മനോവീര്യം വര്‍ധിപ്പിക്കാനും രക്തസാക്ഷി ദിനാചരണത്തില്‍ കൂടുതല്‍ പേരുടെ പങ്കാളിത്തം ഉറപ്പുവരുത്താനുമാണ് ദിനാചരണം സ്റ്റേഷന്‍ തലത്തിലേക്ക് മാറ്റിയത്. ദിനാചരണത്തോടൊപ്പം സംസ്ഥാനത്ത് തിരഞ്ഞെടുത്ത പൊലിസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് സാമാധാന റാലികള്‍ ഉള്‍പെടെയുള്ള പരിപാടികള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."