30 വര്‍ഷം മൂന്ന് വകുപ്പുകളില്‍ ഒരേ സമയം ജോലി; സര്‍ക്കാര്‍ ഉദ്യോഗസ്ഥന് പിടിയില്‍
പട്ന: ഒന്നും രണ്ടും വര്‍ഷമല്ല, സുരേഷ് റാം എന്ന അസി. എന്‍ജിനീയര്‍ 30 വര്‍ഷമാണ് ഒരേ സമയം മൂന്ന് വകുപ്പുകളില്‍ ജോലി ചെയ്തത് ! സംഭവം ബിഹാറിലാണ്.
സര്‍ക്കാരില്‍ വിവിധ വകുപ്പുകളില്‍ ജോലി ലഭിച്ചാല്‍ അതില്‍ ഏറ്റവും മെച്ചപ്പെട്ടതേതെന്ന് നോക്കിയാണ് പലരും പ്രവേശിക്കുന്നത്. എന്നാല്‍ സുരേഷ് റാം തനിക്ക് കിട്ടിയ മൂന്ന് ജോലികളിലും ഒരേസമയം ജോലിക്ക് കയറുകയും 30 വര്‍ഷം ഈ വകുപ്പുകളില്‍നിന്ന് ശമ്പളം കൈപ്പറ്റുകയും ചെയ്തുവെന്നതാണ് ഏറ്റവും ശ്രദ്ധേയം.
കിഷന്‍ഗഞ്ചിലെ കെട്ടിട നിര്‍മാണ വിഭാഗം, ജലസേചന വകുപ്പ് എന്നിവിടങ്ങളിലാണ് ഇയാള്‍ ഒരേസമയം ജോലി നോക്കിയത്.
1988ലാണ് ഇയാള്‍ ജൂനിയര്‍ എന്‍ജിനീയറായി കെട്ടിട നിര്‍മാണ വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. തുടര്‍ന്ന് സിറ്റി വാട്ടര്‍ റിസോഴ്സ് വിഭാഗത്തില്‍ പ്രവേശന ഉത്തരവ് വന്നു. ഇതേ തസ്തികയിലേക്ക് വീണ്ടും നിയമന ഉത്തരവ് ഇയാളെ തേടിയെത്തി. കിട്ടിയ നിയമന ഉത്തരവൊന്നും ഇയാള്‍ മടക്കിയില്ലെന്നതാണ് പ്രത്യേകത. ഇത്തരത്തില്‍ 30 വര്‍ഷമാണ് ഇയാള്‍ മൂന്നിടങ്ങളിലും ജോലി ചെയ്തത്. അവസാനം ധനകാര്യ മാനേജ്മെന്റിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മൂന്നിടത്തായി ഒരേ സമയം ജോലി ചെയ്യുന്ന സുരേഷ് റാമിനെക്കുറിച്ചുള്ള വിവരം പുറത്തുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."