അതിര്‍ത്തി തര്‍ക്കം: കേരളവും തമിഴ്‌നാടും സംയുക്ത സര്‍വെ ആരംഭിച്ചു
തൊടുപുഴ: കമ്പംമെട്ട് ചെക്‌പോസ്റ്റിലെ അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ കേരളവും തമിഴ്‌നാടും സംയുക്ത സര്‍വേ ആരംഭിച്ചു. കമ്പംമെട്ട് വനംവകുപ്പ് ഓഫിസില്‍ ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍, തേനി ആര്‍.ഡി.ഒ രവിചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചക്കൊടുവിലാണ് ഇന്നലെ സര്‍വേ നടപടികള്‍ ആരംഭിച്ചത്. കമ്പംമെട്ട് ചെക്‌പോസ്റ്റിനു സമീപം തമിഴ്‌നാടുമായി തര്‍ക്കം നിലനില്‍ക്കുന്ന സ്ഥലങ്ങളിലാണ് സര്‍വേ.
ദേവികുളം സബ് കലക്ടറുടെ നേതൃത്വത്തിലാണ് സര്‍വേ ആരംഭിച്ചത്. തമിഴ്‌നാടിന്റെ ഭാഗത്തു നിന്നു തേനി ആര്‍.ഡി.ഒ ആണ് സര്‍വേക്ക് നേതൃത്വം നല്‍കുന്നത്. സര്‍വേനടക്കുന്നതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നിന്നും വന്‍ പൊലിസ് സന്നാഹവും സ്ഥലത്തെത്തിയിരുന്നു.
ജില്ല പൊലിസും അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി. കമ്പംമെട്ട് ചെക്‌പോസ്റ്റിനു സമീപത്ത് നിന്നും ഒന്നരകിലോമീറ്റര്‍ അകലെയുള്ള സര്‍വേ കല്ലില്‍ നിന്നാണ് ഇരുസംസ്ഥാനങ്ങളും സബ് കലകടറുടെയും ആര്‍ഡിഒയുടയെും ഇരുസംസ്ഥനാങ്ങളുടെയും റവന്യൂ അധികൃതരുടെയും നേതൃത്വത്തില്‍ സര്‍വേ പുരോഗമിക്കുന്നത്.
നിലവില്‍ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും കൈവശമുള്ള സര്‍വേ രേഖകള്‍ കൃത്യമാണ്. എന്നാല്‍ കാണാതായ അതിര്‍ത്തിക്കല്ലുകള്‍ പുനസ്ഥാപിക്കാനും, ചിലയിടങ്ങളിലെ നേരിയതോതിലുള്ള വ്യത്യാസങ്ങള്‍ പരിഹരിക്കാനുമാണ് സര്‍വേ. നിലവില്‍ സര്‍വേ രേഖകളുടെ അടിസ്ഥാനത്തില്‍ തര്‍ക്കമൊന്നുമില്ലെന്നും വിഷയം സര്‍വേ നടപടികള്‍ പൂര്‍ത്തീകരിച്ചശേഷം രമ്യമായി പരിഹരിക്കുമെന്നും സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ അറിയിച്ചു.
അണക്കരമെട്ടില്‍ തമിഴ്‌നാട് നിര്‍മിച്ച വാച്ച് ടവര്‍ കേരളത്തിന്റെ ഭൂമിയിലേക്ക് കയറ്റിവെച്ചിരുക്കുന്നവെന്ന പ്രശ്‌നവും ചര്‍ച്ചയില്‍ ഉയര്‍ന്നു. ഇരു സംസ്ഥാനങ്ങളുടെയും ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി പ്രശ്‌നം പരിഹരിക്കാനും കമ്പംമെട്ട് വനംവകുപ്പ് ഓഫിസില്‍ ചേര്‍ന്ന ചര്‍ച്ചയില്‍ തീരുമാനമായി.
ഉടുമ്പന്‍ചോല തഹസില്‍ദാര്‍ പി.എസ് ഭാനുകുമാര്‍, അഡീഷണല്‍ തഹസില്‍ദാര്‍ എം.കെ ഷാജി, കമ്പംമെട്ട് എസ്‌ഐ ഷനല്‍കുമാര്‍, തമിഴ്‌നാട് ഉത്തമപാളയം ഡിഎഫ്ഒ അബ്ദുള്‍ ഖാദര്‍, സര്‍വ്വേയര്‍ എ.ഡി ശാന്തി, ഉത്തമപാളയം തഹസില്‍ദാര്‍ കുമാര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."