വ്യത്യസ്തം, വിഭവ സുലഭം; സ്വാദൂറും വിഭവങ്ങളുമായി സിറ്റിയിലെ റമദാന് സ്റ്റാളുകള്‍
കണ്ണൂര്‍സിറ്റി: പണ്ടാരിക്കു പോലും പേരറിയാത്ത നോമ്പ്തുറ വിഭവങ്ങളോടെയാണ് ഇത്തവണ കണ്ണൂര്‍ സിറ്റിയിലെ റമദാന് സ്റ്റാളുകള്‍ ഒരുക്കിയിരിക്കുന്നത്. മുട്ടമാല, കോഴിയട, ഇറച്ചിപ്പത്തിരി, കൈവീശല്‍, പഴം നുള്ളിയിട്ടത്, മുട്ടാപ്പം, ഏലാഞ്ചി, ഇഡലി അപ്പം, കോഴിക്കാല്, കായ്പ്പോള, കല്ലുമ്മക്കായ്, ബീഫ് ഉന്നക്കയ ഇങ്ങനെ പോകുന്നു പലഹാരങ്ങളുടെ നിര. നാല്പതിലേറെ വരുന്ന വഴിയോര സ്റ്റാളുകളിലും ഹോട്ടലുകളിലും ബേക്കറികളിലും വില്പന തകൃതിയാണ്. സിറ്റിയിലെ ബേണ്ട് മുറിക്ക് സമീപത്തു മാത്രമായിരുന്നു കഴിഞ്ഞ വര്‍ഷങ്ങളിലെ വിപണന കേന്ദ്രമെങ്കില്‍ ഇത്തവണ സിറ്റിയിലെ മുക്കിലും മൂലയിലും വിഭവങ്ങള്‍ക്കായി പ്രത്യേക സ്റ്റാളുകളുണ്ട്. രുചിപ്പെരുമ നാവിന്തുമ്പില് തൊട്ടതോടെ ഒട്ടേറെപേര്‍ ഇവ വാങ്ങുന്നതിനായി ഇവിടെയെത്തുകയാണ്. കല്ല്യാണ വീടുകളിലും സല്‍ക്കാരങ്ങളിലും മാത്രമുണ്ടായിരുന്ന മുട്ടമാലയടക്കം ഇത്തവണ നോമ്പ്തുറ വിഭവങ്ങളുടെ കൂട്ടത്തിലെത്തിയിട്ടുണ്ട്. ഉച്ച മുതല്‍ തുടങ്ങുന്ന വില്പന വൈകുന്നേരത്തോടെ സജീവമാകും. എട്ടു രൂപ മുതല്‍ 25 രൂപ വരെയാണ് വിഭവങ്ങളുടെ വില തുടങ്ങുന്നത്. സ്റ്റാളുകളില്‍ നിന്നും സമീപത്തെ വീടുകളിലും വിഭവങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. പഴയ വിഭവങ്ങള്‍ കൂടാതെ ദിവസവും പല തരത്തിലുള്ള പരീക്ഷണവും ഇവര്‍ നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."