കശ്മിര്‍: കേന്ദ്ര നടപടിയില്‍ പ്രതിഷേധിച്ച് മലയാളി ഐ.എ.എസ് ഉദ്യോഗസ്ഥന്‍ രാജിവച്ചു
ന്യൂഡല്‍ഹി: കഴിഞ്ഞവര്‍ഷത്തെ പ്രളയകാലത്ത് ദുരിതാശ്വാസ പ്രവര്‍ത്തകര്‍ക്കൊപ്പം പ്രവര്‍ത്തിക്കുകയും ചുമടെടുക്കുകയും ചെയ്ത് മാതൃകയായ മലയാളി ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ സിവില്‍ സര്‍വിസില്‍ നിന്ന് രാജിവച്ചു. 2012 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ വ്യാഴാഴ്ചയാണ് കേന്ദ്ര ഉദ്യോഗസ്ഥ മന്ത്രാലയത്തിന് രാജിക്കത്ത് നല്‍കിയത്.
ജമ്മുകശ്മിരിനുള്ള പ്രത്യേക അവകാശങ്ങള്‍ എടുത്തുകളഞ്ഞ് സംസ്ഥാനത്തെ വിഭജിച്ചതുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് രാജി. സ്വതന്ത്രമായി അഭിപ്രായങ്ങള്‍ പറയാന്‍ സര്‍വിസ് ചട്ടങ്ങള്‍ തടസമാകുന്നുവെന്ന് കണ്ണന്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇക്കാര്യങ്ങള്‍ രാജിക്കത്തില്‍ സൂചിപ്പിച്ചിട്ടില്ല. പകരം, സര്‍വിസില്‍ നിന്ന് രാജിവയ്ക്കാന്‍ അനുവദിക്കണമെന്ന് മാത്രമാണ് ഒറ്റപ്പേജ് വരുന്ന കത്തിലുള്ളത്.
സര്‍വിസില്‍ പ്രവര്‍ത്തിക്കുന്നത് സഹജീവികളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും സംരക്ഷിക്കാനുള്ള അവസരമാകുമെന്നാണ് കരുതിയിരുന്നതെന്ന് ഈ മാസം 20ന് കണ്ണന്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ 21നാണ് അദ്ദേഹം രാജിക്കത്ത് സമര്‍പ്പിച്ചത്. പിന്നാലെ 23ന് അദ്ദേഹം ഹോങ്കോങില്‍ നടന്നുവരുന്ന ചൈനീസ് വിരുദ്ധ പ്രക്ഷോഭങ്ങളുടെ വാര്‍ത്താലിങ്കുകള്‍ ട്വിറ്ററില്‍ പങ്ക് വച്ചു.
കഴിഞ്ഞ പ്രളയകാലത്ത് കേരളത്തിലെ വിവിധ ദുരിതാശ്വാസ ക്യാംപുകളില്‍ എത്തി അവിടെ സേവനങ്ങളില്‍ സജീവമായിരുന്നു കണ്ണന്‍. ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ആണെന്ന് അറിയിക്കാതെയായിരുന്നു സേവനം. പിന്നീടാണ് ചുമടെടുത്തയാള്‍ ഐ.എ.എസ് ഉദ്യോഗസ്ഥനും കലക്ടറും ആണെന്ന വിവരം പുറത്തുവരുന്നത്. കലക്ടര്‍ മുഹമ്മദ് സഫീറുല്ലയാണ് കണ്ണനെ തിരിച്ചറിഞ്ഞത്. ഇതോടെ കണ്ണന്‍ ചുമടെടുത്ത ചിത്രങ്ങള്‍ക്ക് സാമൂഹിക മാധ്യമങ്ങളില്‍ വന്‍ പ്രചാരം ലഭിച്ചു. കോട്ടയം ജില്ലയിലെ പുതുപ്പള്ളി സ്വദേശിയായ കണ്ണന്‍ ഇപ്പോള്‍ ദാദര്‍ ആന്‍ഡ് നാഗര്‍ ഹവേലി വൈദ്യുത പാരമ്പര്യേതര ഊര്‍ജ വകുപ്പില്‍ സെക്രട്ടറിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."