'ഹൃദ്രോഗിയായ സഹോദരന് ഡോക്ടറെ കാണാന്‍ പറ്റാത്ത സ്ഥിതിയാണ്'; പ്രവേശനം നിഷേധിച്ച് മടങ്ങുകയായിരുന്ന രാഹുല്‍ ഗാന്ധിക്കു മുന്നില്‍ പൊട്ടിക്കരഞ്ഞ് കശ്മീരി സ്ത്രീ- വീഡിയോ
ശ്രീനഗര്‍: ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിനായി പോയെങ്കിലും ശ്രീനഗര്‍ വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കളെ പൊലിസ് സമ്മതിച്ചിരുന്നില്ല. എന്നാല്‍ കശ്മീരിലെ ദയനീയ സ്ഥിതി അവിടെ നിന്നുള്ള സ്ത്രീ വിമാനത്തില്‍ വച്ച് രാഹുലിനോട് വിശദീകരിക്കുന്നതിന്റെ വീഡിയോ ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്.
ശ്രീനഗറില്‍ നിന്ന് ഡല്‍ഹിയിലേക്ക് നേതാക്കള്‍ തിരിച്ച വിമാനത്തില്‍ കശ്മീര്‍ വാസിയായ ഒരു സ്ത്രീയാണ് തന്റെ സങ്കടം അറിയിച്ച് രാഹുല്‍ ഗാന്ധിക്ക് മുന്‍പിലെത്തിയത്. ഓഗസ്റ്റ് അഞ്ചു മുതല്‍ കശ്മീര്‍ അശാന്തമാണെന്നും രക്ഷിക്കണമെന്നും കരഞ്ഞ് അഭ്യര്‍ഥിക്കുന്നതാണ് വീഡിയോ. ഒടുവിലെ സ്ത്രീയെ സാന്ത്വനിപ്പിക്കാന്‍ രാഹുല്‍ ഗാന്ധി അവരുടെ കയ്യില്‍ പിടിക്കുന്നു. ഒപ്പമുള്ളവരാണ് ഈ വീഡിയോ പകര്‍ത്തി ട്വീറ്റ് ചെയ്തത്.
കശ്മീര്‍ പ്രവേശനം നിഷേധിക്കപ്പെട്ട് തിരികെയെത്തിയ പ്രതിപക്ഷ സംഘത്തിലെ അംഗമായ ഗുലാം നബി ആസാദ് ഇതിനെക്കുറിച്ച് പറഞ്ഞത് കല്ലിനെപ്പോലും കരയിക്കുന്ന കാര്യങ്ങളാണ് കശ്മീരിലുള്ളവര്‍ വെളിപ്പെടുത്തുന്നതെന്നാണ്.
'ഞങ്ങളുടെ കുട്ടികള്‍ക്ക് വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കുന്നില്ല. ഓഗസ്റ്റ് അഞ്ച് മുതല്‍ താഴ്‌വര അശാന്തമാണ്. എന്റെ സഹോദരന് ഹൃദയ സംബന്ധമായ രോഗങ്ങളുണ്ട്. എന്നാല്‍, അദ്ദേഹത്തിന് കഴിഞ്ഞ പത്ത് ദിവസമായി ഡോക്ടറെ കാണാന്‍ പോലും പറ്റാത്ത സാഹചര്യമാണ്. ഞങ്ങള്‍ ആകെ പ്രശ്‌നത്തിലാണ്'- വീഡിയോയില്‍ സ്ത്രീ പറയുന്നു.
श्रीनगर से वापस आते वक्त फ्लाइट में एक महिला @RahulGandhi से अपनी मुश्किल बताते हुए। pic.twitter.com/f8mzgaskhx
— Arun Kumar Singh (@arunsingh4775) August 24, 2019
കാര്യങ്ങള്‍ പറയുന്നതിനിടെ സ്ത്രീ പൊട്ടിക്കരയുകയും സ്വരമുയര്‍ത്തി സംസാരിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍, രാഹുല്‍ ഗാന്ധിയും മറ്റ് പ്രതിപക്ഷ നേതാക്കളും ഏറെ ക്ഷമയോടെ സ്ത്രീ പറയുന്നതെല്ലാം കേള്‍ക്കുന്നുണ്ട്. രാഹുല്‍ ഗാന്ധി സ്ത്രീയുടെ കൈകള്‍ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിക്കുകയും ചെയ്യുന്നു.
രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കളടങ്ങുന്ന സംഘത്തെ ശ്രീനഗറില്‍ നിന്ന് തിരിച്ചുവിടുകയായിരുന്നു. വിമാനത്താവളത്തിന് പുറത്തേക്ക് പോകാന്‍ നേതാക്കളെ അനുവദിച്ചില്ല. ഇതേ തുടര്‍ന്ന് രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കളെ തിരിച്ചയക്കുകയായിരുന്നു. പ്രതിപക്ഷ നേതാക്കളെല്ലാം ഇക്കാര്യത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി. രാഹുല്‍ ഗാന്ധിക്കൊപ്പം സി.പി.ഐ സെക്രട്ടറി ഡി.രാജ, സി.പി.എം സെക്രട്ടറി സീതാറം യെച്ചൂരി, ശരദ് യാദവ്, ഗുലാം നബി ആസാദ്, കെ.സി.വേണുഗോപാല്‍ തുടങ്ങി 12 ഓളം നേതാക്കളാണ് ഉണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."