ഏഴ് കിലോ കഞ്ചാവുമായി മൂന്നുപേര്‍ അറസ്റ്റില്‍
കാട്ടാക്കട: നിരവധി കേസുകളിലെ പ്രതികള്‍ ഉള്‍പ്പെടെ മൂന്നു പേര് ഏഴ് കിലോ കഞ്ചാവുമായി പിടിയില്‍. തിരുവനന്തപുരം റൂറല്‍ ഷാഡോ പൊലിസ് സംഘമാണ് കഞ്ചാവ് വേട്ട നടത്തിയത്. ആഡംബര കാറില്‍ വിദഗ്ദമായി ഒളിപ്പിച്ച് കടത്തിയ കഞ്ചാവാണ് സാഹസികമായി പൊലിസ് സംഘം പിടികൂടിയത്.
കല്ലറ തണ്ണിയം സുറുമിലാ മന്‍സിലില്‍ നിന്നും പള്ളിക്കല്‍ മൂതല താമസിക്കുന്ന ജാഫര്‍ (34), കല്ലറ കിഴക്കിന്‍കര പുത്തന്‍വീട്ടില്‍ വിഷ്ണു രാജ് (22), കൊല്ലം പള്ളിമുക്ക് ഉലവന്റഴികം മാളിക വീട്ടില്‍ അമീര്‍ (23) എന്നിവരാണ് പിടിയിലായത്. ഇതില്‍ ജാഫറും വിഷ്ണുരാജും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്.
മാല പിടിച്ചുപറി, മോഷണ കേസിലെ പ്രതിയാണ് അമീര്‍. ഇയാളുടെ പേരില്‍ കൊല്ലം, കൊട്ടിയം, ഇരവിപുരം, കുണ്ടറ പൊലിസ് സ്റ്റേഷനുകളില്‍ മോഷണക്കേസുകള്‍ നിലവിലുണ്ട്. ഇയാള്‍ പിടിയിലായതോടെ പള്ളിക്കല്‍, കുണ്ടറ പൊലിസ് സ്റ്റേഷന് പരിധികളില്‍ നടന്ന പല പിടിച്ചുപറി കേസുകളും തെളിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇയാളുടെ കൂട്ടാളി മോഷണ സ്വര്‍ണം വില്‍ക്കുന്നതിനിടെ പാലക്കാട് പിടിയിലായെങ്കിലും അമീര്‍ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു.
ആഡംബര കാറുകള്‍ വാടകക്ക് എടുത്താണ് സംഘം കഞ്ചാവ് കടത്തി വന്നിരുന്നത്. സമീപകാലത്തെ തിരുവനന്തപുരം റൂറല്‍ പൊലിസിന്റെ വലിയ കഞ്ചാവ് വേട്ടയാണിത്. തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലിസ് മേധാവി പി. അശോക് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നെടുമങ്ങാട് എ.എസ്.പി എസ്. സുജിത് ദാസ്, കാട്ടാക്കട പൊലിസ് ഇന്‍സ്പെക്ടര്‍ വി.കെ വിജയരാഘവന്, ഷാഡോ എസ്.ഐ സിജു കെ.എല്‍ നായര്‍, അഡി. എസ്.ഐ വിനോദ് കുമാര്‍, എ.എസ്.ഐ ഫിറോസ്, ഷാഡോ ടീം അംഗങ്ങളായ ദിലീപ്, ബിജുകുമാര്‍, റിയാസ്, സുനിലാല്‍ തുടങ്ങിയവര്‍ പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."