പ്രവാസികള്‍ കേരളത്തിന്റെ കരുത്ത്; എന്‍.ആര്‍.ഐ നിക്ഷേപ കമ്പനി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി
കൊച്ചി: പ്രവാസികള്‍ കേരളത്തിന്റെ ഏറ്റവും വലിയ കരുത്താണെന്നും അവര്‍ക്ക്് മാതൃകാപരമായ പ്രവര്‍ത്തനം നടത്തുന്നതിനാണ് സംസ്ഥാനം ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിനെ ഇന്നത്തെ നിലയില്‍ നിലനിര്‍ത്തുന്നതിന് വലിയ സഹായമാണ് പ്രവാസികളുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എറണാകുളം എം.ജി റോഡ് മെട്രോ സ്‌റ്റേഷന്‍ കൊമേഴ്‌സ്യല്‍ ബില്‍ഡിങ്ങില്‍ നോര്‍ക്ക റൂട്‌സിന്റെ റീജ്യനല്‍ ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പ്രവാസി മലയാളികളെ നാടിന്റെ വികസനത്തില്‍ നേരിട്ട് പങ്കാളികളാക്കുന്ന ലോകകേരള സഭയുടെ രണ്ടാം സമ്മേളനം 2020 ജനുവരിയില്‍ നടക്കും. നാടിന്റെ വികസനത്തിന് സംസ്ഥാനത്ത് എന്‍.ആര്‍.ഐ നിക്ഷേപ കമ്പനി രൂപീകരിക്കും. മാവേലിക്കരയില്‍ ലോക കേരള കേന്ദ്രം സ്ഥാപിക്കാനും പ്രവാസികളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്താനുമുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
ലോകമെമ്പാടുമുള്ള പ്രവാസികളുടെ ക്ഷേമത്തിനായി പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതും നിലവിലുള്ളവ വിപുലീകരിക്കേണ്ടതുമുണ്ട്. പ്രവാസികളെ പ്രയോജനപ്രദമായി ഉപയോഗിക്കുമ്പോഴാണ് ഈ പദ്ധതികളൊക്കെ ഫലപ്രാപ്തിയിലെത്തുന്നത്. ലോകത്ത് എവിടെയുള്ള മലയാളികള്‍ക്കും നോര്‍ക്കയുമായി ബന്ധപ്പെടാന്‍ വിപുലമായ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിലൂടെ ലഭ്യമാകുന്ന മിസ്ഡ്‌കോള്‍ പദ്ധതി ഇതിന് ഉദാഹരണമാണ്. ലോകത്ത് തന്നെ ഇത്തരത്തില്‍ സൗകര്യങ്ങള്‍ ലഭ്യമാകുന്ന ഏകനാടാണ് കേരളം. പ്രവാസജീവിതം കഴിഞ്ഞ് മടങ്ങിയെത്തുന്നവര്‍ക്കുള്ള സാന്ത്വനം പദ്ധതിയിലൂടെ കഴിഞ്ഞ വര്‍ഷം 25 കോടി രൂപയാണ് സംസ്ഥാനത്ത് വിതരണം ചെയ്തത്. കേരളത്തില്‍ നിക്ഷേപം നടത്താന്‍ താല്‍പ്പര്യമുള്ള പ്രവാസി സംരംഭകര്‍ക്ക് സഹായമൊരുക്കാന്‍ നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററും പ്രവര്‍ത്തിക്കുന്നുണ്ട്.
നിസാര കേസുകളില്‍പ്പെട്ട് വിദേശ ജയിലുകളില്‍ കഴിയുന്ന പ്രവാസികളുടെ നിയമപരമായ മോചനത്തിനായി വിദേശമന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഇത്തരം കേസുകളില്‍ പെട്ടവര്‍ക്ക് നിയമസഹായം നല്‍കാനും നോര്‍ക്കയിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. മടങ്ങിവരുന്ന പ്രവാസികള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാന്‍ 13 ധനകാര്യസ്ഥാപനങ്ങളിലെ 4000ല്‍പരം ശാഖകളിലൂടെ വായ്പാസൗകര്യം ഒരുക്കിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഡോക്ടര്‍, നഴ്‌സ്, പാരാമെഡിക്കല്‍ സ്റ്റാഫ്, മറ്റു ഗാര്‍ഹിക ജോലിക്കാരായി പോകാനുദ്ദേശിക്കുന്നവര്‍ നോര്‍ക്കയുടെ സേവനം പ്രയോജനപ്പെടുത്തിയാല്‍ തട്ടിപ്പുകളില്‍നിന്ന് രക്ഷ നേടാനാകും. നെതര്‍ലാന്‍ഡ്‌സിലെ 40000 ഒഴിവുകളില്‍ നഴ്‌സുമാരെ നിയമിക്കാന്‍ നെതര്‍ലാന്‍ഡ്‌സ് സര്‍ക്കാരുമായി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. കുടിയേറ്റം നിയമപരമായും സുരക്ഷിതമായും നടപ്പാക്കാന്‍ നടപടികള്‍ സ്വീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ആദ്യ പ്രവാസി സംരംഭത്തിനുള്ള ലെറ്റര്‍ ഓഫ് അവാര്‍ഡ് പ്രവാസി സംരംഭകനായ തയ്യില്‍ ഹബീബീന് മുഖ്യമന്ത്രി നല്‍കി. ഹൈബി ഈഡന്‍ എം.പി അധ്യക്ഷനായി.
മുന്‍ എം.പി പി.രാജീവ്, കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.ടി കുഞ്ഞുമുഹമ്മദ്, ജി.സി.ഡി.എ ചെയര്‍മാന്‍ വി.സലീം, കെ.എം.ആര്‍.എല്‍ പ്രോജക്ട് ഡയറക്ടര്‍ തിരുമാന്‍ അര്‍ജുനന്‍, നോര്‍ക്ക റൂട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ കെ.ഹരികൃഷ്ണന്‍ നമ്പൂതിരി, റസിഡന്റ് വൈസ് ചെയര്‍മാന്‍ കെ.വരദരാജന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."