ഇതരസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് ലഹരി വസ്തുക്കള്‍ വ്യാപകമായി കടത്തുന്നു
കഞ്ചിക്കോട്: അതിര്‍ത്തി ചെക്‌പോസ്റ്റുകളിലും മറ്റും വാഹനപരിശോധന കര്‍ശനമായതോടെ കള്ളക്കടത്ത് സംഘങ്ങളുടെ മാര്‍ഗം ഊടുവഴികളായി. കഞ്ചാവ്, നിരോധിത പുകയില ഉല്‍പന്നങ്ങള്‍, സ്പിരിറ്റ്, സ്വര്‍ണ്ണം, വെള്ളി എന്നിവയാണ് നികുതിവെട്ടിച്ച് കൂടുതലായും കടത്തുന്നത്. ഇതരസംസ്ഥാന തൊഴിലാളികളെ കാരിയര്‍മാരാക്കിയാണ് ഇപ്പോള്‍ ലഹരിവസ്തു കടത്തുന്നത്. ഇവര്‍ക്ക് ഇത്തരം പുകയില ഉല്‍പന്നങ്ങള്‍ അത്യാവശ്യമായതിനാല്‍ ദൗര്‍ബല്യം മുതലെടുത്ത് അവരെ ഉപയോഗിക്കുന്നു.
എക്‌സൈസ് ചെക്‌പോസ്റ്റുകളില്‍ വേണ്ടത്ര സൗകര്യമില്ലാത്തത് ജീവനക്കാരെ കുഴയ്ക്കുന്നതായും പരാതിയുണ്ട്. ജീവനക്കാര്‍ക്ക് മതിയായ സുരക്ഷയോ പരിശോധനക്ക് ആധുനിക സംവിധാനമോ ഇല്ല. ഇപ്പോഴും ചരക്കു വാഹനങ്ങളില്‍ പ്രാകൃതമായ കുത്തിപ്പരിശോധനയാണ് എല്ലാ എക്‌സൈസ് ചെക്‌പോസ്റ്റുകളിലുമുള്ളത്. ഇത് പരിഷ്‌കരിച്ചാല്‍ ചെക്‌പോസ്റ്റുകളിലെ തിരക്കും പ്രതിസന്ധിയും ഒഴിവാക്കാമെന്ന് ജീവനക്കാര്‍ പറയുന്നു. കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള അന്തര്‍സംസ്ഥാന സര്‍വീസുകളിലാണ് കഞ്ചാവും നിരോധിത പുകയില ഉല്‍പന്നങ്ങളും കടത്തുന്നത്.
ഇത് തടയാന്‍ എല്ലാ അന്തര്‍ സംസ്ഥാന ബസുകളും കര്‍ശനപരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ടെങ്കിലും കള്ളക്കടത്ത് വര്‍ധിച്ചുവരികയാണ്. ഇതിനു പുറമെ ബൈക്കുകളിലും കഞ്ചാവ് കടത്ത് സജീവമാണ്.
തമിഴ്‌നാട്ടിലെ കമ്പം, തേനി എന്നിവിടങ്ങളില്‍നിന്ന് പുകയില ഉല്‍പന്നങ്ങളും കഞ്ചാവും കേരള അതിര്‍ത്തിയിലെത്തിച്ച് അവിടെനിന്നാണ് ബൈക്കുകളില്‍ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ വില്‍പ്പനയ്‌ക്കെത്തിക്കുന്നത്.
കഴിഞ്ഞ ദിവസം പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപത്തുനിന്ന് രണ്ടുകിലോ കഞ്ചാവ് പിടികൂടിയത് ബൈക്കില്‍ കൊണ്ടുപോകുമ്പോഴാണ്. ജില്ലയിലെ 20 എക്‌സൈസ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതരസംസ്ഥാന തൊഴിലാളികളുടെ താമസകേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് നടത്തുന്ന ഓപ്പറേഷന്‍ ഭായ് എന്ന പേരിലുള്ള റെയ്ഡിനെ തുടര്‍ന്ന് മൂന്നുദിവസത്തിനകം 160 കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞുവെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.
വാണിജ്യനികുതി ചെക്‌പോസ്റ്റില്‍ നികുതി വരുമാനം കൂടി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മൂന്ന് ശതമാനം നികുതി വര്‍ധന ഉണ്ടായതായാണ് അധികൃതര്‍ നല്‍കുന്ന സൂചന. 12 ശതമാനത്തില്‍നിന്ന് 15 ആയി ഉയര്‍ന്നു. നികുതിവരവ് കൂട്ടുന്നതോടൊപ്പം ലഹരി വസ്തുക്കളുടെ വന്‍തോതിലുള്ള കടന്നുവരുവും കുറയ്ക്കാനായെന്ന് എക്‌സൈസ് അധികൃതര്‍ പറയുന്നു. ഇറച്ചിക്കോഴി കടത്താണ് നികുതി നഷ്ടം വരുത്തുന്ന മറ്റൊരു കള്ളക്കടത്ത്.
കേരളത്തില്‍ ഇറച്ചിക്കോഴിക്ക് 14 ശതമാനം നികുതിയാണ് ഈടാക്കുന്നത്. ഇത് തടയാന്‍ വാണിജ്യ നികുതി വകുപ്പിന്റെ എട്ട് സ്‌ക്വാഡുകള്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പരിശോധനയ്ക്ക് നിലയുറപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."