ഒരു ഇന്ത്യന്‍ വിജയകഥ, ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് 318 റണ്‍സ് ജയം
ആന്റിഗ്വ: ഞായറാഴ്ച വെസ്റ്റ് ഇന്‍ഡീസിന് ചെറുത്തു നില്‍പ്പിന് പോലും അവസരം നല്‍കാതെ എത്രയും പെട്ടെന്ന് കഥ കഴിക്കാന്‍ ഒടുവില്‍ ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറ തന്നെ വേണ്ടി വന്നു. രണ്ടാം ഇന്നിങ്‌സില്‍ 8 ഓവറില്‍ വെറും ഏഴു റണ്‍സ് വഴങ്ങിയാണ് താരം അഞ്ചു വിക്കറ്റ് സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റുമായി ഇശാന്ത് ശര്‍മയാണ് വിന്‍ഡീസ് ബാറ്റിങ് നിരയെ തകര്‍ത്തതെങ്കില്‍ രണ്ടാം ഇന്നിങ്‌സില്‍ ആ നിയോഗം ജസ്പ്രീത് ബുംറയ്ക്കായിരുന്നു. ഇതോടെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ 318 റണ്‍സിന്റെ ഉഗ്രന്‍ ജയം സ്വന്തമാക്കുകയും ചെയ്തു. സ്‌കോര്‍ ഇന്ത്യ 297, ഏഴിന് 343ന് ഡിക്ലയര്‍ഡ്. വിന്‍ഡീസ് 222, 100.
വിദേശ പിച്ചില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന റണ്‍ മാര്‍ജിനിലുള്ള ജയം കൂടിയാണിത്. ജയത്തോടെ വെസ്റ്റ് ഇന്‍ഡീസിനെതിരേ ടി20യും ഏകദിനവും നേരത്തേ സ്വന്തമാക്കിയതിന് പിന്നാലെ ടെസ്റ്റ് പരമ്പരയും കൈക്കലാക്കി നാട്ടിലേക്ക് മടങ്ങാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ഇനി അടുത്ത മത്സരം കൂടി ജയിച്ചാല്‍ വിന്‍ഡീസ് മണ്ണില്‍ കരീബിയന്‍സ് ചാരം.
നേരത്തേ 419 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വിന്‍ഡീസ് 100 റണ്‍സിന് പുറത്താകുകയായിരുന്നു. രണ്ട് വിക്കറ്റ് വീതം വീഴ്ത്തി ഇഷാന്ത് ശര്‍മയും മുഹമ്മദ് ഷമിയും കരീബിയന്‍ ടീമിന്റെ പതനത്തിന് ആക്കം കൂട്ടി. 38 റണ്‍സെടുത്ത വാലറ്റക്കാരന്‍ കെമര്‍ റോച്ചാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍.
രണ്ട് ഇന്നിങ്‌സിലും ഇന്ത്യക്കായി സെഞ്ചുറി യും അര്‍ധ സെഞ്ചുറിയും നേടിയ അജിന്‍ക്യ രഹാനെയാണ് കളിയിലെ താരം. ആദ്യ ഇന്നിങ്‌സില്‍ നിര്‍ണായകമായ 81 റണ്‍സുമായി ഇന്ത്യയെ കരകയറ്റിയ രഹാനെ രണ്ടാം ഇന്നിങ്‌സില്‍ 102 റണ്‍സെടുത്ത് ഒരിക്കല്‍ കൂടി വരവറിയിച്ചു. യുവതാരം ഹനുമാ വിഹാരിയും (91,32) കെ.എല്‍ രാഹുലും (44,38) ആദ്യ ടെസ്റ്റില്‍ മോശമാക്കിയില്ല.
രണ്ടാം ഇന്നിങ്‌സില്‍ ഇറങ്ങിയ വിന്‍ഡീസ് നിരയില്‍ വെറും മൂന്നു പേര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാന്‍ കഴിഞ്ഞത്.
ധോണിയുടെ
റെക്കോര്‍ഡിനൊപ്പമെത്തി
കോഹ്‌ലി
ആന്റിഗ്വ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിലെ വിജയത്തിന് പിന്നാലെ ടെസ്റ്റ് ക്യാപ്റ്റന്‍സിയില്‍ പുതിയ റെക്കോര്‍ഡ് സ്വന്തമാക്കി വിരാട് കോഹ്‌ലി. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിദേശ വിജയങ്ങള്‍ നേടിയ ഇന്ത്യന്‍ ക്യാപ്റ്റനെന്ന റെക്കോഡില്‍ മുന്നിലുള്ള എം.എസ് ധോണിയുടെ റെക്കോര്‍ഡിനൊപ്പമെത്തി കോഹ്‌ലി. അതേസമയം, വിദേശ മത്സരങ്ങളില്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലിയെ കോഹ്‌ലി പിന്നിലാക്കി. വിദേശ പിച്ചില്‍ ഗാംഗുലി 28 ടെസ്റ്റില്‍നിന്ന് 11 വിജയങ്ങള്‍ നേടിയപ്പോള്‍ 26 ടെസ്റ്റില്‍നിന്ന് കോഹ്‌ലിയുടെ 12ാം വിജയമായിരുന്നു ഇന്നലത്തേത്.
ധോണി 60 ടെസ്റ്റ് മത്സരങ്ങളില്‍ 27 ജയങ്ങള്‍ നേടിയപ്പോള്‍ കോഹ്‌ലിക്ക് ഇത്രയും വിജയങ്ങളിലെത്താന്‍ 47 ടെസ്റ്റുകളേ വേണ്ടിവന്നുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."