ഉപ്പാലവളപ്പ് തോടിന് ശാപമോക്ഷം: ശുചീകരണപ്രവൃത്തി തുടങ്ങി
കണ്ണൂര്‍: ആയിക്കരയിലെ ഉപ്പാലവളപ്പ് തോട്ടില്‍ കാലങ്ങളായി അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന പ്രവൃത്തിക്ക് തുടക്കമായി. പി.കെ ശ്രീമതി എം.പിയുടെ ശ്രമഫലമായി മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്ന് ലഭ്യമാക്കിയ 25 ലക്ഷം രൂപ ഉപയോഗിച്ചാണ് തോട്ടിലെ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളും ചെളിയും നീക്കം ചെയ്ത് സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
പി.കെ ശ്രീമതി എം.പി, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി തുടങ്ങിയവര്‍ സ്ഥലത്തെത്തി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. തോടിന്റെ മാലിന്യം നിറഞ്ഞ ഭാഗങ്ങളും സന്ദര്‍ശിച്ചു.മാലിന്യങ്ങള്‍ കുന്നുകൂടിയത് കാരണം വേലിയേറ്റ സമയത്ത് കടലിലെ വെള്ളം ഉയര്‍ന്ന് പ്രദേശത്തെ ജനവാസകേന്ദ്രങ്ങളില്‍ ദുര്‍ഗന്ധം വമിക്കുന്ന മലിനജലം കയറുക പതിവായിരുന്നു.
ശുചീകരണത്തിന് ശേഷവും തോട്ടില്‍ മാലിന്യം നിറയുന്നത് തടയാന്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നും ഇതേക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമായി ഉപ്പാലവളപ്പ് പ്രദേശവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും പ്രത്യേക യോഗം വിളിക്കുമെന്നും എം.പി പറഞ്ഞു. കടലിനോടു ചേര്‍ന്നു കിടക്കുന്ന ഭാഗംവരെ 700 മീറ്ററോളമാണ് ശുചീകരണ പ്രവൃത്തികള്‍ നടക്കുന്നത്.
മാലിന്യവും ചെളിയും നീക്കം ചെയ്യുന്നതോടൊപ്പം തോടിന്റെ ഇരുവശങ്ങളും മതില്‍കെട്ടി ശക്തിപ്പെടുത്തും. നീക്കംചെയ്യുന്ന മാലിന്യങ്ങള്‍ പ്രത്യേക കുഴിയെടുത്ത് സംസ്‌ക്കരിക്കാനാണ് പദ്ധതി. ആവശ്യമായ സ്ഥലങ്ങളില്‍ സ്ലാബിടാനും പദ്ധതിയുണ്ട്. കണ്ണൂര്‍ കോര്‍പറേഷനാണ് ശുചീകരണ പ്രവൃത്തിയുടെ ചുമതല. ആയിക്കര കൗണ്‍സിലര്‍ സി. സമീര്‍, കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും സന്ദര്‍ശക സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."