അഫ്ഗാനില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനിടെ പരക്കെ അക്രമം
കാബൂള്‍: അഫ്ഗാനിസ്താനില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനിടെ പരക്കെ അക്രമം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോളിങ് സ്റ്റേഷനുകളിലുണ്ടായ ഭീകരാക്രമണത്തില്‍ അന്‍പതോളം പേര് കൊല്ലപ്പെട്ടിട്ടുണ്ട്. ഇതേതുടര്‍ന്ന് പലയിടത്തും വോട്ടെടുപ്പ് ഇന്നത്തേക്ക് നീട്ടി. അതിനു പുറമെ പുതുതായി അവതരിപ്പിച്ച ബയോമെട്രിക് സംവിധാനം പലയിടത്തും പണിമുടക്കുകയും ചെയ്തു.
250 സീറ്റിലേക്കാണു തെരഞ്ഞെടുപ്പ് നടക്കുന്നത്. 2,500 പേര് മത്സരരംഗത്തുണ്ട്. 2016ല്‍ നടക്കേണ്ട തെരഞ്ഞെടുപ്പാണു പല കാരണത്താല്‍ ഇത്രയും വൈകിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ തന്നെ വോട്ടര്‍ ഐ.ഡി കാര്‍ഡ് വിതരണകേന്ദ്രങ്ങളിലും മറ്റും ഭീകരാക്രമണങ്ങള്‍ പതിവായിരുന്നു.
വിവിധ ആക്രമണങ്ങളിലായി ഇതിനകം 10 സ്ഥാനാര്‍ഥികള്‍ കൊല്ലപ്പെടുകയും ചെയ്തു. കഴിഞ്ഞ ദിവസം കാണ്ടഹാറില്‍ ഭീകരര്‍ ഹോട്ടല്‍ ആക്രമിച്ച് മുതിര്‍ന്ന പൊലിസ് കമാന്‍ഡറെ വധിച്ചിരുന്നു. രാജ്യത്തെ തന്നെ ഏറ്റവും പ്രമുഖനായ പൊലിസ് തലവനായ ജനറല്‍ അബ്ദുല്‍ റാസിഖ് ആണ് ഭീകരരുടെ വെടിയേറ്റ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് കാണ്ടഹാര്‍ പ്രവിശ്യയില്‍ തെരഞ്ഞെടുപ്പ് അടുത്തയാഴ്ചത്തേക്കു മാറ്റിവച്ചിട്ടുണ്ട്.
തലസ്ഥാനമായ കാബൂളിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 15 പേര് കൊല്ലപ്പെട്ടു. കാബൂളിലെ തന്നെ മറ്റൊരു സംഭവത്തില്‍ മൂന്നു പേര് കൊല്ലപ്പെടുകയും 30ലേറെ പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. കാബൂളിന്റെ വടക്കുപടിഞ്ഞാറന്‍ മേഖലയിലെ പോളിങ് സ്റ്റേഷനു പരിസരത്തു സ്ഥാപിച്ചിരുന്ന സ്ഫോടകവസ്തു നിര്‍വീര്യമാക്കാനുള്ള ശ്രമത്തിനിടെ രണ്ട് പൊലിസുകാര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.
വടക്കന്‍ നഗരമായ കുന്ദുസില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. 50ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. നംഗര്‍ഹാറില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. മധ്യ ഘോര്‍ പ്രവിശ്യയില്‍ പൊലിസ് ഉദ്യോഗസ്ഥരടക്കം നാലുപേര്‍ക്കു ജീവന് നഷ്ടപ്പെട്ടു. ഇവിടെ 11 പേര് കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
തെരഞ്ഞെടുപ്പില്‍ അക്രമഭീഷണിയെ തുടര്‍ന്ന് 70,000ത്തിലേറെ സുരക്ഷാ ജീവനക്കാരെ വിവിധ ഭാഗങ്ങളിലായി വിന്യസിച്ചിരുന്നു. പക്ഷെ, മൂന്നിലൊന്ന് പോളിങ് കേന്ദ്രങ്ങളും ഇന്നലെ സുരക്ഷാ പ്രശ്നങ്ങളെ തുടര്‍ന്ന് തുറന്നിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."