റഷ്യയുമായുള്ള ആണവ കരാറില്‍നിന്ന് പിന്‍മാറുമെന്ന് ട്രംപ്
വാഷിങ്ടണ്‍: ശീതയുദ്ധകാലത്ത് യു.എസും റഷ്യയും തമ്മില്‍ ധാരണയിലെത്തിയ ആണവ കരാറില്‍ (ഐ.എന്‍.എഫ്) നിന്ന് പിന്‍വാങ്ങുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യയുടെ ഭാഗത്തുനിന്ന് കരാര്‍ ലംഘനമുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് യു.എസിന്റെ മുന്നറിയിപ്പ്. മുന്‍ യു.എസ് പ്രസിഡന്റ് റൊനാള്‍ഡ് റീഗണും സോവിയറ്റ് നേതാവ് മിഖായെല്‍ ഗോര്‍ബച്ചേവും തമ്മില്‍ 1987ല്‍ ആണ് കരാറില്‍ ഒപ്പുവച്ചത്.
കാരാറിലെ ധാരണയനുസരിച്ച് ഹ്രസ്വ, ദീര്‍ഘദൂര ആണവായുധങ്ങളുടെ ഉപയോഗവും നിര്‍മാണവും ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നു. ദൗര്‍ഭാഗ്യവശാല്‍ കരാറിനെ റഷ്യ പരിഗണിക്കുന്നില്ലെന്നും അതിനാല്‍ ഉടമ്പടയില്‍നിന്ന് തങ്ങള്‍ പിന്മാറാന്‍ പോവുകയാണെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. കരാറില്‍നിന്ന് പിന്‍വാങ്ങുന്നത് സംബന്ധിച്ച് ബറാക് ഒബാമ എന്തുകൊണ്ട് ചര്‍ച്ച ചെയ്തില്ലെന്ന് അദ്ദേഹം ചോദിച്ചു.
എന്നാല്‍ ആണവ കരാറില്‍നിന്ന് പിന്‍വാങ്ങാനുള്ള യു.എസ് നീക്കത്തെ റഷ്യ അപലപിച്ചു. ഇത് വളരെയധികം അപകടകരമായ നീക്കമായിരിക്കുമെന്ന് റഷ്യന്‍ വിദേശകാര്യ ഉപമന്ത്രി സെര്‍ജി റെയ്ബ്‌കോവ് പറഞ്ഞു. തീര്‍ച്ചയായും ഇത് അന്താരാഷ്ട്ര സമൂഹത്തെ ഭയപ്പെടുത്താനുള്ള ശ്രമമല്ല.
ഗുരതരമായ നടപടികള്‍ക്ക് പ്രേരിപ്പിക്കുന്നതാണിത്. അന്താരാഷ്ട്ര സമൂഹത്തിന്റെ സുരക്ഷക്കും ആണവായുധങ്ങളില്‍ നിന്നുള്ള സുരക്ഷിത അന്തരീക്ഷത്തിനുമായാണ് ഉടമ്പടിയില്‍ എത്തിയത്. ബ്ലാക്ക് മെയിലിലൂടെ കീഴടക്കാനുള്ള യു.എസ് ശ്രമം അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു. മോശവും ക്രൂരവുമായ നീക്കം തുടരുകയും ഉടമ്പടയില്‍നിന്ന് യു.എസ് പിന്‍മാറുകയും ചെയ്യുകയാണെങ്കില്‍ തങ്ങളുടെ മുന്നില്‍ മാറ്റു മാര്‍ഗങ്ങളില്ല, അതേ മാര്‍ഗത്തില്‍ തിരിച്ചടിക്കും. ഇതിനായി സൈനിക സാങ്കേതി വിദ്യ ഉള്‍പ്പെടെയുള്ളവ ഉപയോഗിക്കും. ഇത്തരത്തിലുള്ള ഘട്ടത്തില്‍ എത്താന്‍ തങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഐ.എന്‍.എഫ് ഉടമ്പടിയിലെ തീരുമാനങ്ങള്‍ റഷ്യ ലംഘിക്കുന്നുണ്ടെന്ന് 2014ല്‍ ബറാക് ഒബാമ ആരോപിച്ചിരുന്നു. എന്നാല്‍ യൂറോപ്യന്‍ യൂനിയന്റെ സമ്മര്‍ദത്തെ തുടര്‍ന്ന് ഉടമ്പടിയില്‍നിന്ന് പിന്‍വാങ്ങാന്‍ അദ്ദേഹം തയാറായില്ല. കരാറില്‍ നിന്നുള്ള പിന്‍മാറ്റം ലോകത്ത് വീണ്ടും ആയുധ മത്സരത്തിലേക്ക് നയിക്കുമെന്നായിരുന്നു യൂനിയന്റെ വിലയിരുത്തല്‍. യു.എസ് ദേശീയ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍ ഈ ആഴ്ച റഷ്യ സന്ദര്‍ശിക്കുന്നതോടെ കരാറിലെ പിന്‍മാറ്റം സംബന്ധിച്ച് ചര്‍ച്ച നടത്തും.
മധ്യദൂര മിസൈലായ എസ്.എസ്.സി നിര്‍മാണത്തോടെ റഷ്യ കരാര്‍ ലംഘിച്ചുവെന്നാണ് യു.എസ് ആരോപണം. നാറ്റോ രാജ്യങ്ങളിലേക്ക് ആണവാക്രമണങ്ങള്‍ നടത്താന്‍ ഇതിലൂടെ സാധ്യമാവും. ഈ മിസൈല്‍ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ റഷ്യ തയാറായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."