സ്വീഡന്റെ ഒളിംപിക് മെഡല്‍ സ്വപ്‌നങ്ങളിലേക്ക് തൂവല്‍തട്ടി അശ്വതി പിള്ള
തിരുവനന്തപുരം: ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ എതിരാളികളെ വട്ടംകറക്കുന്ന കിടിലന്‍ സ്മാഷുകളുമായി കളംനിറഞ്ഞാടുന്ന സ്വീഡന്റെ ദേശീയ ചാംപ്യനായ മലയാളി താരത്തിന് ഒരു ലക്ഷ്യം മാത്രമാണുള്ളത്. ടോക്കിയോ ഒളിംപിക്‌സില്‍ സ്വീഡന്റെ ജഴ്‌സിയില്‍ ബാഡ്മിന്റണ്‍ കോര്‍ട്ടിലിറങ്ങണം. എതിരാളികളെ വീഴ്ത്തി സ്വീഡന് ഒളിംപിക് മെഡല്‍ സമ്മാനിക്കണം. യൂത്ത് ഒളിംപിക്‌സിലെ മെഡല്‍ നേട്ടവുമായി അശ്വതി ഒളിംപിക് സ്വപ്നങ്ങളിലേക്ക് തൂവല്‍ തട്ടുകയാണ്. അശ്വതി പിള്ളയെന്ന മലയാളി പെണ്‍കുട്ടി യൂത്ത് ഒളിംപിക്‌സില്‍ തന്റെ വരവറിയിച്ചുതന്നെയാണ് അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസിലെ ടെക്‌നോപൊളിസ് ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ നിന്ന് മടങ്ങിയത്.
കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് സ്വീഡന് വേണ്ടി കളിക്കാനിറങ്ങിയ മലയാളിയെന്ന അപൂര്‍വ നേട്ടവും സ്വന്തമാക്കിയാണ് അശ്വതി അര്‍ജന്റീനയില്‍ നിന്ന് മടങ്ങിയത്. തിരുവനന്തപുരം തക്കല ഇരണിയല്‍കോണം മാനസയില്‍ വിനോദ് പിള്ളയുടെയും ഗായത്രിയുടെയും മകളായ അശ്വതി ബാഡ്മിന്റണ്‍ മിക്‌സഡ് ടീം ഇനത്തില്‍ ഇന്ത്യന്‍ പങ്കാളിയായ ലക്ഷ്യ സെന്നിനൊപ്പം സുവര്‍ണ നേട്ടത്തിലേക്ക് സ്മാഷ് ഉതിര്‍ത്താണ് മടങ്ങിയത്. ലക്ഷ്യ സെന്നിനൊപ്പം മിക്‌സഡ് ഡബിള്‍സില്‍ റാക്കറ്റേന്തിയ അശ്വതി, അമേരിക്കക്കാരി ജെന്നി ഗായ്‌ക്കൊപ്പം വനിതാ ഡബിള്‍സിലും കളിച്ചു.
വനിതാ സിംഗിള്‍സിലും സ്വീഡനെ പ്രതിനിധീകരിച്ചു. തന്റെ ഏഴാം വയസില്‍ 2009ല്‍ ആയിരുന്നു അശ്വതി സ്വീഡിഷ് ക്ലബ്ബായ ടാബി ബാഡ്മിന്റണില്‍ പരിശീലനത്തിന് തുടക്കമിടുന്നത്. ഐ.ടി ജീവനക്കാരനായ അച്ഛന്‍ വിനോദ് പതിനൊന്ന് വര്‍ഷം മുന്‍പു സ്വീഡനിലേക്ക് ചുവടുമാറ്റിയതോടെയാണ് അശ്വതി സ്വീഡിഷ് പൗരയായി മാറിയത്.
കഠിനാധ്വാനം ചെയ്യാനുള്ള മനസ് അശ്വതിയെ സിംഗിള്‍സ് കോര്‍ട്ടുകളിലെ ശ്രദ്ധേയതാരമാക്കി വളര്‍ത്തി. സ്വീഡിഷ് അണ്ടര്‍ 13, 15, 17 ജൂനിയര്‍ വിഭാഗങ്ങളില്‍ കിരീടം ചൂടി ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ തന്റെ വരവറിയിച്ചു. ഒളിംപിക്‌സ് മെഡല്‍ ലക്ഷ്യമിട്ടു സ്വീഡന്‍ നടപ്പാക്കുന്ന പദ്ധതിയിലേക്ക് ഈ വിജയങ്ങള്‍ അശ്വതിക്ക് വഴികാട്ടിയായി. 2012-13 ല്‍ സ്വീഡനിലെ മികച്ച ബാഡ്മിന്റണ്‍ താരത്തിനുള്ള പുരസ്‌കാരവും അശ്വതിയെ തേടിയെത്തി. കിടിലന്‍ സ്മാഷുകളിലൂടെ എതിരാളികളെ വീഴ്ത്തി ഈ വര്‍ഷം സ്വീഡനിലെ വനിതാ വിഭാഗം ചാംപ്യന്‍പട്ടവും അശ്വതി നേടി. സീനിയര്‍ ചാംപ്യന്‍ഷിപ്പില്‍ ദേശീയ ചാംപ്യയാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവുമായി.
ഒളിംപിക്‌സ് കോര്‍ട്ടിലേക്കുള്ള മികച്ച അവസരമായാണ് യൂത്ത് ഒളിംപിക്‌സ് വിജയത്തെ അശ്വതി കാണുന്നത്. യുവപ്രതിഭകളെ വളര്‍ത്തിയെടുക്കാനുള്ള സ്വീഡിഷ് സര്‍ക്കാരിന്റെ പദ്ധതികളിലെല്ലാം അശ്വതിയുണ്ട്. ഡബിള്‍സ് ടീം ഇനത്തില്‍ സ്വര്‍ണ മെഡല്‍ നേട്ടവുമായി സ്വീഡനിലേക്ക് മടങ്ങിയ അശ്വതിയുടെ അടുത്ത ലക്ഷ്യം 2019 ലെ യൂറോപ്യന്‍ ഗെയിംസ് യോഗ്യതയാണ്. ആഴ്ചയില്‍ ശരാശരി 25 മണിക്കൂറിലേറെയാണ് പരിശീലനത്തിനായി അശ്വതി മാറ്റിവയ്ക്കുന്നത്. ടാബി ബാഡ്മിന്റണ്‍ ക്ലബില്‍ ഇന്തോനേഷ്യക്കാരനായ റിയോ വിലാന്റോനാണ് അശ്വതിയെ പരിശീലിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."