നിയമം പോകുന്നത് അതിന്റെ വഴിക്കു തന്നെയോ?
യമം നിയമത്തിന്റെ വഴിക്കു പോകുമെന്നതു രാഷ്ട്രീയ നേതാക്കളില്‍ നിന്നു കേട്ടുപഴകിയ പ്രസ്താവനയാണ്. പ്രതിപക്ഷത്തിരിക്കുന്ന ഏതെങ്കിലും നേതാവ് കേസിലകപ്പെടുകയും അതിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന ആരോപണമുയരുകയും ചെയ്യുന്ന ഘട്ടങ്ങളില്‍ ഭരണപക്ഷ നേതാക്കളാണു പൊതുവായി ഈ പ്രസ്താവന നടത്തുന്നത്. കേസില്‍ സര്‍ക്കാര്‍ ഇടപെടലുകളൊന്നുമില്ലെന്നും നിയമാനുസൃതമുള്ള സ്വാഭാവിക നടപടിയാണ് കേസെന്നുമൊക്കെയാണ് ഈ പ്രസ്താവനയിലൂടെ അവര്‍ ഉദ്ദേശിക്കുന്നത്.
എന്നാല്‍, തനിക്കെതിരേ കേസോ കോടതി ഉത്തരവോ ഒക്കെ വരുമ്പോള്‍ അവരുടെ ഭാവം മാറും. കേസിനു പിന്നില്‍ രാഷ്ട്രീയ ശത്രുക്കളുടെ ഇടപെടലുകളുണ്ടെന്നും അതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും എന്നൊക്കെയായിരിക്കും അത്തരം സന്ദര്‍ഭങ്ങളിലെ പ്രസ്താവനകള്‍. നിയമം അങ്ങനെ അതിന്റെ വഴിക്കു പോകേണ്ട എന്നു തന്നെയായിരിക്കും അതിന്റെ അര്‍ഥം. അതെന്തൊക്കെയായാലും അധികാരവുമായും രാഷ്ട്രീയ നേതാക്കളുമായും ബന്ധമുള്ള കേസുകള്‍ അത്ര സ്വതന്ത്രമായി അതിന്റേതു മാത്രമായ വഴിക്കു സഞ്ചരിക്കാറില്ലെന്നതാണ് സത്യം.
കേരള രാഷ്ട്രീയത്തില്‍ ഏറെ ചലനങ്ങള്‍ സൃഷ്ടിച്ച സോളാര്‍ തട്ടിപ്പു കേസിന്റെ സഞ്ചാരപഥവും അധികമൊന്നും സുതാര്യമായിരുന്നില്ലെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില്‍ യു.ഡി.എഫിനെതിരേ എല്‍.ഡി.എഫ് ഏറ്റവും ശക്തമായ പ്രചാരണായുധമാക്കിയ ഈ കേസില്‍ തട്ടിപ്പിനെക്കാളധികം അതുമായി ബന്ധപ്പെട്ട ലൈംഗികാരോപണങ്ങളിലായിരുന്നു പലര്‍ക്കും താല്‍പര്യം. കോണ്‍ഗ്രസിലെ ചില പ്രമുഖ നേതാക്കള്‍ക്കെതിരേയുള്ള ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏറെ സാധ്യതകളുള്ളതായിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേസിലെ പുതിയ നടപടി ചര്‍ച്ചാവിഷയമാകുന്നത്. കേസിലെ പ്രതി സരിത എസ്. നായര്‍ നേതാക്കള്‍ക്കെതിരേ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് സംഘത്തെ നിയോഗിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.
ഒരു വര്‍ഷത്തിലേറെക്കാലം ഒതുക്കിവച്ചിരുന്ന അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൊടിതട്ടിയെടുത്ത് അന്വേഷണത്തിലേക്കു നീങ്ങുന്നത് ഏറെ രാഷ്ട്രീയപ്രാധാന്യമുള്ള ഒരു സന്ദര്‍ഭത്തിലാണ്. ബ്രൂവറിയും ഡിസ്റ്റിലറിയും സ്ഥാപിക്കാന്‍ ക്രമവിരുദ്ധമായി അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ കാര്യമായ തോതില്‍ പ്രതിച്ഛായനഷ്ടം സംഭവിച്ചു നില്‍ക്കുന്നൊരു ഘട്ടത്തിലാണ് സര്‍ക്കാര്‍ ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിംകോടതി വിധിയെന്ന പുലിവാല്‍ പിടിക്കുന്നത്.
വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ നടത്തിയ നീക്കങ്ങളിലുണ്ടായ അവധാനതയില്ലായ്മയും അയ്യപ്പഭക്തരില്‍നിന്നുയര്‍ന്ന കടുത്ത പ്രതിഷേധവും ഭരണപക്ഷത്തിനു ചെറുതല്ലാത്ത ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞടുപ്പ് അടുത്തുവരുന്ന സന്ദര്‍ഭത്തിലാണ് ഇതെല്ലാം സംഭവിക്കുന്നത്. അതിനോടൊപ്പം അപ്രതീക്ഷിതമായി മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പും വരുന്നു. സാഹചര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയിരിക്കെ ഈ അന്വേഷണത്തിന്റെ ഉദ്ദേശ്യശുദ്ധിയെ ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാകില്ല.
സോളാര്‍ തട്ടിപ്പിനെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ അവസാനമാണ്. സരിത നല്‍കിയ മൊഴികള്‍ അതേപടി എഴുതിവച്ച റിപ്പോര്‍ട്ടില്‍ കാര്യമായ കണ്ടെത്തലുകളൊന്നുമില്ലെന്ന് അന്നു തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. സരിതയുടെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരേ ലൈംഗിക പീഡനത്തിനടക്കം കേസെടുക്കുമെന്നു സര്‍ക്കാര്‍ അന്നു പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എടുക്കുന്ന കേസിനു നിയമപരമായ നിലനില്‍പ്പുണ്ടാകില്ലെന്ന് സുപ്രിംകോടതി മുന്‍ ജഡ്ജി അരിജിത് പസായത്തിന്റെ നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്ന് ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു.
കമ്മിഷന്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ട സന്ദര്‍ഭത്തിനുമുണ്ടായിരുന്നു രാഷ്ട്രീയപ്രാധാന്യം. വേങ്ങര നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ദിനത്തിലാണ് അത് പുറത്തുവിട്ടത്. പിന്നീട് രാജ്യസഭാ സീറ്റിന്റെ പേരില്‍ കോണ്‍ഗ്രസില്‍ ഭിന്നിപ്പുണ്ടായ ഘട്ടത്തിലും ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പ് വേളയിലുമൊക്കെ സോളാര്‍ കേസില്‍ പുതിയ നടപടികളുണ്ടായേക്കുമെന്ന തരത്തില്‍ വാര്‍ത്ത വന്നു. എന്നാല്‍ അതൊന്നും വാര്‍ത്തക്കപ്പുറത്തേക്കു നീങ്ങിയില്ല. ഇങ്ങനെയൊക്കെയുള്ള ഒരു കേസില്‍ വീണ്ടുമൊരു തെരഞ്ഞെടുപ്പിന്റെ കേളികൊട്ടുയരുന്ന ഘട്ടത്തില്‍ നടപടികളുണ്ടാകുന്നതിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണം തീര്‍ത്തും തള്ളിക്കളയാനാകില്ല.
ഭരണം നടത്താന്‍ ജനങ്ങള്‍ ചുമതലപ്പെടുത്തിയവരില്‍ നിന്ന് അഴിമതിയോ നിയമ ലംഘനമോ സദാചാര വിരുദ്ധതയോ ഒക്കെ ഉണ്ടായതായി ആരോപണം ഉയര്‍ന്നാല്‍ അതിന്റെ സത്യാവസ്ഥ അന്വേഷിച്ച് പുറത്തു കൊണ്ടുവരേണ്ടതുണ്ട്. അക്കാര്യത്തില്‍ ആര്‍ക്കുമുണ്ടാകില്ല ഭിന്നാഭിപ്രായം. എന്നാല്‍ അത്തരം കേസുകള്‍ ഒതുക്കിവയ്ക്കുകയും രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടാകുമ്പോള്‍ എടുത്തു പ്രയോഗിക്കുകയും ചെയ്യുന്നത് മാന്യമോ നീതിയുക്തമോ ആയ ഒരു ഭരണരീതിയല്ല. ഒരു പരാതി ഉയര്‍ന്നാല്‍ അത് എത്രയും പെട്ടെന്ന് അന്വേഷിച്ച് തീര്‍പ്പുണ്ടാക്കുന്നതിനു പകരം സൗകര്യപൂര്‍വം നടപടികള്‍ ദീര്‍ഘിപ്പിച്ച് പൊതുപ്രവര്‍ത്തകരെ തുടര്‍ച്ചയായി വ്യക്തിഹത്യ ചെയ്യാന്‍ ഉപയോഗപ്പെടുത്തുന്നത് ജനാധിപത്യ മര്യാദകള്‍ക്കു നിരക്കുന്ന ചെയ്തിയുമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."