ആരോഗ്യ കേരളം പുരസ്‌കാരം: ശ്രീകൃഷ്ണപുരം പഞ്ചായത്ത് സംസ്ഥാനത്ത് മൂന്നാം സ്ഥാനത്ത്
ശ്രീകൃഷ്ണപുരം: ദേശീയ ആരോഗ്യ ദൗത്യം പരിപാടിയുടെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് ആരോഗ്യമേഖലയില്‍ മികച്ച ഇടപെടലുകള്‍ നടത്തുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരമായ ആരോഗ്യ കേരളം പുരസ്‌കാരം ശ്രീകൃഷ്ണപുരത്തിന്. ജൂണ്‍ 12 വൈകിട്ട് അഞ്ചിന് തിരുവനന്തപുരത്ത് വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം വിതരണം ചെയ്യും. പാലക്കാട് ജില്ലയില്‍നിന്ന് ശ്രീകൃഷ്ണപുരം സംസ്ഥാന തലത്തില്‍ മൂന്നാം സ്ഥാനവും പുതുക്കോട് ജില്ലയില്‍ ഒന്നാം സ്ഥാനവും നേടി. മുന്‍വര്‍ഷത്തില്‍ ജില്ലയിലെ ഒന്നാം സ്ഥാനക്കാരായ ശ്രീകൃഷ്ണപുരം ഇത്തവണ ഒരുപടി കൂടി മുന്നേറി. ആരോഗ്യമേഖലക്കായി മാറ്റിവെച്ച സംഖ്യ, അവയുടെ ചിലവഴിക്കല്‍, പാലിയേറ്റിവ് പ്രവര്‍ത്തനം, ഭിന്നശേഷിക്കാര്‍ക്കുള്ള പുനരധിവാസം, പ്രതിരോധ കുത്തിവെപ്പുകള്‍, ആയുര്‍വേദ ഡിസ്‌പെന്‍സറി എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍, ജനകീയ സഹകരണത്തോടെയുള്ള വിവിധ കര്‍മപരിപാടികള്‍ എന്നിവയെല്ലാം ഈ പുരസ്‌കാരത്തിനായി പരിഗണിക്കപ്പെട്ടു. സംസ്ഥാനത്തെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടിയ ശ്രീ കൃഷ്ണപുരത്തിന് ഏറ്റവും മികച്ച ഐ.സി.ഡി.എസ് പ്രവര്‍ത്തനം നടത്തുന്നതിനുള്ള പുരസ്‌കാരം കഴിഞ്ഞ ആഴ്ചയാണ് ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."