കണ്ണൂര്‍ ടൗണ്‍ പൊലിസ് സ്റ്റേഷന്‍ അഥവാ വാഹന ഷോറൂം
കണ്ണൂര്‍: പിടിച്ചെടുത്ത വാഹനങ്ങള്‍ ലേലം ചെയ്യാത്തതിനാല്‍ നിന്നുതിരിയാന്‍പോലും സൗകര്യമില്ലാതെ കണ്ണൂര്‍ ടൗണ്‍ പൊലിസ് സ്റ്റേഷന്‍. 10 സെന്റ് സ്ഥലത്ത് സ്ഥിതിചെയ്യുന്ന സ്റ്റേഷനില്‍ 40 ബൈക്കുകളാണ് വിവിധ കേസുകളില്‍പെട്ട് പിടികൂടി സൂക്ഷിച്ചിരിക്കുന്നത്. 16 വര്‍ഷം മുമ്പു പിടിച്ചെടുത്ത വാഹനങ്ങള്‍ വരെ ഇവിടെയുണ്ട്. ഇരുചക്ര വാഹനങ്ങള്‍ കൂടാതെ തുരുമ്പെടുത്തു നശിക്കുന്നവയില്‍ കാറുകളും ഓട്ടോറിക്ഷകളും പെടും. മോഷണം, കള്ളക്കടത്ത്, അബ്കാരി കേസുകള്‍, അപകടങ്ങള്‍ തുടങ്ങിയവയിലുള്‍പ്പെട്ട വാഹനങ്ങളാണ് ഇതിലേറെയും. മണല്‍കടത്തലില്‍ പിടികൂടിയ എട്ടു ലോറികളും ഇവിടെയുണ്ട്. കേസുകള്‍ തീര്‍പ്പാക്കാന്‍ വൈകുന്നതും ലേല നടപടികള്‍ വര്‍ഷങ്ങളുടെ ഇടവേളകളില്‍ മാത്രം നടക്കുന്നതുമാണ് സ്റ്റേഷന്‍ വളപ്പും പരിസരവും വാഹനങ്ങളുടെ ശവപ്പറമ്പായി മാറാന്‍ കാരണമായത്. സ്റ്റേഷന്റെ പ്രവര്‍ത്തനത്തെപോലും തടസപ്പെടുത്തുന്ന നിലയിലാണ് വാഹനങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. ഇനി പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ എവിടെ നിര്‍ത്തിയിടും എന്ന വിഷമത്തിലാണ് പൊലിസുകാര്‍.
സ്റ്റേഷനിലെത്തിക്കുന്ന വാഹനങ്ങള്‍ കോടതി നടപടി കഴിയുമ്പോള്‍ ലേലം ചെയ്യണമെന്ന സംസ്ഥാന പൊലിസ് മേധാവി രണ്ട് വര്‍ഷം മുമ്പ് ഇറക്കിയ ഉത്തരവ് നടപ്പാകുന്നില്ല. കേസില്‍പെട്ട വാഹനത്തിന്റെ മതിപ്പുവില ബോണ്ടായി കോടതിയില്‍ കെട്ടിവച്ചാലേ തിരിച്ചെടുക്കാനാകൂ. ഇപ്പോള്‍ 60 വാഹനങ്ങള്‍ ലേലം ചെയ്യാനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണ്. പലവാഹനത്തിനും യഥാര്‍ഥ രജിസ്‌ട്രേഷന്‍ നമ്പര്‍ ഇല്ല. തിരുവനന്തപുരത്തെ ആര്‍.ടി.ഒ സെല്ലില്‍ നിന്ന് അറിയിപ്പ് ലഭിച്ചാലേ അത്തരം വാഹനങ്ങളും പുതിയ നമ്പര്‍ നല്‍കി ലേലം ചെയ്യാനാകൂവെന്ന് അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."