കാണിക്കാരുടെ പരമ്പരാഗത സന്ദേശവിനിമയ രീതിയ്ക്ക് പുതുജീവന്‍ വെക്കുന്നു
കാട്ടാക്കട: കാണിക്കാരുടെ പഴയക്കാലത്തെ സന്ദേശവിനിമയരീതിയായ പത്തായക്കെട്ടിനും മൂക്കമ്പറക്കട്ടിനും പുതുജീവന്‍ വെക്കുന്നു. ആദിവാസികളായ കാണിക്കാര്‍ക്ക് വരമൊഴി പാടില്ലെന്നാണ് പഴയ ആചാരം. വാമൊഴിയേ ആകാവൂ. അഗസ്ത്യമുനി നല്‍കിയ വരമാണ് വാമൊഴിയെന്നാണ് അവരുടെ ചാറ്റുപാട്ടില്‍ പറയുന്നത്. അതിന് കാണിക്കാര്‍ കണ്ടെത്തിയ രീതിയാണ് ഇത്. ശുഭകാര്യങ്ങള്‍ അറിയിക്കാന്‍ പത്തായക്കെട്ട്.
മരണം പോലുള്ളവ അറിയിക്കാന്‍ മൂക്കമ്പറക്കെട്ട്. എഴുത്തു പഠിക്കാത്ത കാണിക്കാര്‍ എല്ലാമെല്ലാം വാമൊഴിയിലൂടെയാക്കി. ഓരോ ഊരിലേയും വിവരങ്ങള്‍ അടുത്ത ഊരില്‍ അറിയിക്കാന്‍ വിളികാണിയെ ചുമതലപ്പെടുത്തി. വിളി കാണിയാണ് ഈ കെട്ടുകള്‍ നല്‍കുന്നത്. കല്യാണം വിളിക്കാനെത്തുന്ന വിളികാണി ആദ്യം മൂട്ടുകാണിയ്ക്ക് വെറ്റിലയും പാക്കും (അടയ്ക്ക) നല്‍കും. തുടര്‍ന്ന് പത്തായക്കെട്ട് നല്‍കും. പിന്നീടാണ് ശുഭകാര്യങ്ങള്‍ പറയുന്നത്. മൂട്ടുകാണി പത്തായക്കെട്ട് വാങ്ങി തൊഴുത് ഓലപ്പുരയിലെ ഭസ്മ ഉറിയില്‍ കൊളുത്തിയിട്ടാല്‍ വിളിക്കാണിയ്ക്ക് പോകാം. അശുഭകാര്യമാണെങ്കിലും മുറുക്കാന്‍ പതിവാണ്. ഇതിന് മൂക്കമ്പറക്കെട്ട് നല്‍കണം.
വിവരമറിഞ്ഞ് മൂക്കമ്പറക്കെട്ട് തലകീഴായി തൂക്കിയിടും. കാണിക്കാര്‍ തലമുറകളായി പാലിച്ചു വന്ന ഈ ആചാരം ഏറെകാലമായി വംശനാശം വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും പുനരവതരിച്ചിരിക്കുകയാണ്. മൂട്ടുകാണിയും പ്ലാത്തിയും (മന്ത്രവാദി) വിളികാണിയും അടങ്ങുന്ന സമൂഹമാണ് ആചാരങ്ങള്‍ പാലിച്ചുകൊണ്ടിരുന്നത്. പുതിയ തലമുറയ്ക്കും ഇതിനോടുള്ള വിരക്തി മാറ്റാനാണ് സന്ദേശങ്ങള്‍ കൈമാറാന്‍ മൊബൈല്‍ തരംഗം വരെയുള്ളപ്പോള്‍ പോലും പാരമ്പര്യരീതി തുടങ്ങി വയ്ക്കാന്‍ പഴയ തലമുറ തീരുമാനിച്ചതും.
കാട്ടില്‍ കാണപ്പെടുന്ന മുരിത്തന്‍മരത്തിന്റെ തോല്‍ ഉപയോഗിച്ചാണ് ഈ സന്ദേശക്കെട്ടുകള്‍ ഒരുക്കുന്നത്.
മരത്തിന്റെ പുറംതോട് പൊളിച്ച് കയറു പോലെ പിരിച്ചെടുക്കും. പിന്നീട് പത്തായക്കെട്ടിനും മൂക്കമ്പറക്കെട്ടിനും കെട്ടുകളും ചുഴികളും ചേര്‍ത്ത് നിര്‍മിക്കും. പിന്നീട് വാലുപോലെ ഒന്ന്. അതാണ് കുലത്തെ സൂചിപ്പിക്കുന്നത്. ഇതൊക്കെ നിര്‍മിക്കാനും ഉപയോഗിക്കാനും ആര്‍ക്കും താല്‍പ്പര്യമില്ല.
കാണിക്കാരുടെ പഴയ മൂട്ടുകാണിമാര്‍ക്ക് മാത്രം അറിയാവുന്ന ഒന്നായി മാറിയിരിക്കുകയാണ് ഈ വിദ്യ. ഒരുകാലത്ത് കാണി സമൂഹത്തിന് ഒഴിവാക്കാന്‍ ആകാത്ത ഈ ആചാരം പടിയിറങ്ങിയാല്‍ ഗോത്രസംസ്‌കാരവും വേരറ്റുപോകുകയാണ് എന്ന ആശങ്കയില്‍ നിന്നാണ് ഇതിനെ പുനരുജ്ജീവിപ്പിക്കാന്‍ കര്‍മ പദ്ധതി തയാറാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."