ചെങ്ങോടുമല ഖനനാനുമതി നിലനില്‍ക്കില്ലെന്ന് ഡി.എഫ്.ഒ റിപ്പോര്‍ട്ട്
പേരാമ്പ്ര: ചെങ്ങോടുമല കരിങ്കല്‍ ഖനനത്തിനു നല്‍കിയ പാരിസ്ഥിതികാനുമതി നിയമപരമായി നിലനില്‍ക്കില്ലെന്നു കാണിച്ച് കോഴിക്കോട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍ സുനില്‍ കുമാര്‍ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. 1986ലെ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം വന്യജീവി സങ്കേതത്തില്‍ നിന്ന് 10 കിലോമീറ്റര്‍ പരിധിയിലുള്ള സ്ഥലങ്ങളില്‍ ഖനനം നടത്തണമെങ്കില്‍ ദേശീയ വന്യജീവി സംരക്ഷണ ബോര്‍ഡിന്റെ സ്റ്റാന്റിങ് കമ്മിറ്റിയുടെ അനുമതി വേണം.
കേരള ഹൈക്കോടതിയുടെ 2018 ജൂണ്‍ 13, 25 തിയതികളിലെ ഉത്തരവില്‍ ഇതു വ്യക്തമാക്കുന്നതായി ഡി.എഫ്.ഒ ചൂണ്ടിക്കാണിക്കുന്നു.
കൂടാതെ കേന്ദ്ര പരിസ്ഥിതി വനംവകുപ്പിന്റെ 2009 ലെയും 2011 ലെയും മെമ്മോറാണ്ടതിലും ഇതു വ്യക്തമാക്കുന്നുണ്ട്. മലബാര്‍ വന്യജീവി സങ്കേതത്തില്‍ നിന്ന് എട്ടു കിലോമീറ്റര്‍ ദൂരപരിധിയിലാണു ചെങ്ങോടുമല സ്ഥിതി ചെയ്യുന്നതെന്നും അതുകൊണ്ട് ചെങ്ങോടുമല ഉള്‍പ്പെടെ ജില്ലയിലെ എട്ടു ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ പാരിസ്ഥിതികാനുമതി അനുമതി റദ്ദാക്കണമെന്നുമാണ് ഡി.എഫ്.ഒയുടെ റിപ്പോര്‍ട്ട്.
മലബാര്‍ വന്യജീവി സങ്കേതത്തിന്റെ ഇക്കോ സെന്‍സിറ്റീവ് സോണിനെ കുറിച്ച് ഇതുവരെ അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ലാത്തതിനാല്‍ ഈ വന്യജീവി സങ്കേതത്തിന്റെ 10 കിലോമീറ്റര്‍ പരിധിയില്‍ സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിക്കുന്നതിന് 1972 ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതി വേണം.
എന്നാല്‍ ചെങ്ങോടുമലക്ക് ഈ അനുമതിയൊന്നും ലഭിച്ചിട്ടില്ല. മലബാര്‍ വന്യജീവി സങ്കേതത്തില്‍ കണ്ടുവരുന്ന നിരവധി ജീവികളുടെ ആവാസ കേന്ദ്രമാണു ചെങ്ങോടുമല.
ചെങ്ങോടുമല ഖനനത്തിനു പാരിസ്ഥിതികാനുമതി നല്‍കിയ ജില്ലാ കലക്ടര്‍ ചെയര്‍മാനായ സമിതിയിലെ അംഗമാണ് ഡി.എഫ്.ഒ. ഇവിടെ വിദഗ്ധ പഠനം നടത്താത്തതിനാല്‍ ഡി.എഫ്.ഒ നേരത്തെ തന്നെ പാരിസ്ഥിതികാനുമതി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നെങ്കിലും അദ്ദേഹം തള്ളുകയായിരുന്നു.
ഫോറസ്റ്റ് ഓഫിസറുടെ ഈ റിപ്പോര്‍ട്ട് കൂടി വന്നതോടെ ചെങ്ങോടുമല ഖനനത്തിന് അനധികൃതമായാണ് അനുമതി നല്‍കിയതെന്ന വാദം ബലപ്പെടുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."