മാടക്കാല്‍ തൂക്കുപാലം: അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന പ്രവൃത്തി പാതിവഴിയില്‍
തൃക്കരിപ്പൂര്‍: മാടക്കാല്‍ തൂക്കുപാലത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന പ്രവൃത്തി പാതിവഴിയില്‍ നിലച്ചു. പ്രവൃത്തി ഉപേക്ഷിച്ച് കരാറുകാര്‍ സ്ഥലം വിട്ടതോടെ കോണ്‍ക്രീറ്റ് മാലിന്യങ്ങള്‍ കവ്വായിക്കായലില്‍ കുന്നുകൂടി കിടക്കുകയാണ്. അഞ്ചുവര്‍ഷം മുന്‍പ് കവ്വായിക്കായലില്‍ തകര്‍ന്നുവീണ മാടക്കാല്‍ തൂക്കുപാലത്തിന്റെനീക്കം ചെയ്യുന്നത് അനിശ്ചിതത്വത്തിലായി. ബോട്ടു സര്‍വീസിനും, മത്സ്യത്തൊഴിലാളികള്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന കായലിലുള്ള പാലത്തിന്റെ അവശിഷ്ടങ്ങള്‍ പൊളിച്ചുമാറ്റി കരയിലെത്തിക്കാനായിരുന്നു കരാര്‍. എന്നാല്‍ കരാറുകാര്‍ പ്രവൃത്തി പാതി വഴിയില്‍ ഉപേക്ഷിച്ച നിലയിലാണ്. പാലത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിന് പാലത്തിന്റെ കരാറുകാരായിരുന്ന കെല്‍ നിയോഗിച്ച കരാറുകാരില്‍ നിന്നും ഉപകരാറെടുത്തവരാണ് പ്രവൃത്തി നിര്‍ത്തിവെച്ചത്. കഴിഞ്ഞ ഒരു മാസമായി പ്രവൃത്തി നടക്കുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
കായലിന്റെ അടിത്തട്ടില്‍ കിടക്കുന്ന ഇരുമ്പ് പലകകളും കമ്പികളും ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ചുമാറ്റുന്നതിന് എറണാകുളത്തെ ഒരു സ്ഥാപനവും കോണ്‍ക്രീറ്റ് തൂണുകള്‍ തകര്‍ത്ത് കരയിലെത്തിക്കുന്നതിന് കലാസി സംഘവുമാണ് ഉപകരാറെടുത്തത്. പടിഞ്ഞാറുഭാഗത്തെ കോണ്‍ക്രീറ്റ് തൂണ്‍ തകര്‍ത്തതിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും കായലില്‍ തന്നെ കിടക്കുകയാണ്. പാലത്തിന്റെ റോപ്പ്, സ്ലാബ് തുടങ്ങിയ കരയിലെത്തിച്ച് മുഴുവന്‍ ഇരുമ്പ് ഭാഗങ്ങളും കടത്തികൊണ്ടുപോവുകയും ചെയ്തു. എന്നാല്‍ കോണ്‍ക്രീറ്റ് പില്ലറുകള്‍ നീക്കം ചെയ്യാന്‍ കരാറില്‍ വ്യവസ്ഥയില്ലാത്തതിനാല്‍ പ്രവൃത്തി പൂര്‍ത്തിയാക്കിയാണ് കരാറുകാര്‍ മടങ്ങിയതെന്ന് ആരോപണവും ഉയരുന്നുണ്ട്.
മത്സ്യത്തൊഴിലാളികള്‍ക്കും ബോട്ടുസര്‍വിസിനും ബാധിക്കുന്നതിനാലാണ് പാലത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ നടപടിയുണ്ടായതെങ്കിലും കായലില്‍ കുന്നുകൂടി കിടക്കുന്ന കോണ്‍ക്രീറ്റ് മാലിന്യങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ക്കും ബോട്ടുസര്‍വിസിനും ഇപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."