പ്രകൃതിദുരന്തങ്ങള്‍ നേരിടാന്‍ ജനകീയ ദുരന്ത പ്രതിരോധസേന
തിരുവനന്തപുരം: സംസ്ഥാനത്ത് അപ്രതീക്ഷിതമായി ഉണ്ടാകുന്ന പ്രകൃതിദുരന്തങ്ങളും അപകടങ്ങളും നേരിടാന്‍ അഗ്‌നിരക്ഷാ സേവന വകുപ്പിനു കീഴില്‍ സംസ്ഥാനത്ത് സന്നദ്ധസേവകരെ ഉള്‍പ്പെടുത്തി ജനകീയ ദുരന്തപ്രതിരോധ സേന (സിവില്‍ ഡിഫന്‍സ്) രൂപീകരിക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
പ്രളയവും മണ്ണിടിച്ചിലും ചുഴലിക്കാറ്റും പോലുള്ള പ്രകൃതിദുരന്തങ്ങള്‍ അടിക്കടി ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് ജനകീയ സേന രൂപീകരിക്കാന്‍ തീരുമാനിച്ചത്. പ്രകൃതിദുരന്ത വേളയിലെ അടിയന്തര സേവനങ്ങള്‍ക്കു പുറമെ വാഹനാപകടങ്ങള്‍ പോലുള്ള ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ പെട്ടെന്ന് സഹായം എത്തിക്കാനും സിവില്‍ ഡിഫന്‍സ് പ്രയോജനപ്പെടുത്തും.
കുട്ടികളുടെയും വയോജനങ്ങളുടെയും സുരക്ഷയ്ക്കും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന സേനയായി ഇതിനെ മാറ്റാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ആധുനിക കംപ്യൂട്ടര്‍, മൊബൈല്‍ നെറ്റുവര്‍ക്കുകളുടെ സഹായത്തോടെ സിവില്‍ ഡിഫന്‍സിന്റെ പ്രവര്‍ത്തനം കൂടുതല്‍ വിപുലമാക്കും.
കേരളത്തിലെ 124 ഫയര്‍ ആന്‍ഡ് റെസ്‌ക്യു സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചാണ് സിവില്‍ ഡിഫന്‍സ് യൂനിറ്റുകള്‍ രൂപീകരിക്കുക. തിരഞ്ഞെടുക്കപ്പെടുന്ന സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാര്‍ക്ക് തൃശൂര്‍ സിവില്‍ ഡിഫന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലും വിയ്യൂര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് അക്കാദമിയിലും പരിശീലനം നല്‍കും.
പ്രകൃതിദുരന്ത മുന്നറിയിപ്പുകള്‍ ജനങ്ങളില്‍ എത്തിക്കുക, ആവശ്യമെങ്കില്‍ നടപടികള്‍ സ്വീകരിക്കാന്‍ അധികാരികളോട് ആവശ്യപ്പെടുക, ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ പൊലിസിനും മറ്റു ബന്ധപ്പെട്ട അധികാരികള്‍ക്കും വേഗത്തില്‍ അറിയിപ്പ് നല്‍കുക, രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നതുവരെയുള്ള ഇടവേളയില്‍ പ്രാദേശികമായി ചെയ്യാവുന്ന ഒരുക്കങ്ങള്‍ നടത്തുക, ദുരന്തവേളയില്‍ നാട്ടുകാരെ ഒഴിപ്പിക്കാനും ക്യാംപുകളില്‍ എത്തിക്കാനും അധികാരികളെ സഹായിക്കുക, പ്രഥമ ശുശ്രൂഷ തുടങ്ങിയവയാണ് സിവില്‍ ഡിഫന്‍സ് സേനയുടെ ചുമതലകള്‍.
പരിശീലനം പൂര്‍ത്തിയാക്കുന്ന വോളന്റിയര്‍മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും. ജില്ലയിലെ ജില്ലാ ഫയര്‍ഫോഴ്‌സ് ഓഫിസര്‍മാരായിരിക്കും വോളന്റിയര്‍മാരെ തെരഞ്ഞെടുക്കുന്ന നോഡല്‍ ഓഫിസര്‍.
ഓണ്‍ലൈന്‍ വഴി ഇതിനുള്ള അപേക്ഷകള്‍ സ്വീകരിക്കും. മികച്ച സേവനം നടത്തുന്ന വോളന്റിയര്‍മാരെ സര്‍ക്കാര്‍ ആദരിക്കും. ഡിഫന്‍സ് സേന രൂപീകരിക്കുന്നതിന്റെ ഭാഗമായി അഗ്‌നിരക്ഷാ സേവന വകുപ്പില്‍ ഏഴു തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."