മൂന്ന് കസ്റ്റംസ് ഇന്സ്പെക്ടര്മാര്കൂടി ഡി.ആര്.ഐയുടെ പിടിയില്‍
കൊച്ചി: കണ്ണൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ സഹായം നല്‍കിയെന്ന കേസില്‍ മൂന്ന് കസ്റ്റംസ് ഇന്‍സ്പെക്ടര്‍മാരെക്കൂടി ഡയരക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്.ഐ) കൊച്ചി യൂനിറ്റ് അറസ്റ്റ് ചെയ്തു. ഡല്‍ഹി സ്വദേശികളായ രോഹിത് കുമാര്‍ ശര്‍മ, കൃഷന് കുമാര്‍, ജാര്‍ഖണ്ഡ് സ്വദേശി സകേന്ദ്ര പാസ്വാന്, എന്നിവരാണ് പിടിയിലായത്. ഇവരെ എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ ദിവസം അറസ്റ്റിലായ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഇന്‍സ്പെക്ടര്‍ രാഹുല്‍ പണ്ഡിറ്റിന്റെ കൂട്ടാളികളാണിവര്. ഇതോടെ കേസില്‍ പിടിയിലാകുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരുടെ എണ്ണം നാലായി. ഈ മാസം 19 ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ നാലുകോടിയിലേറെ രൂപ വിലമതിക്കുന്ന 11 കിലോഗ്രാം സ്വര്‍ണവുമായി മൂന്നുപേര്‍ പിടിയിലായ കേസിലാണ് നടപടി. രോഹിത് കുമാര്‍ ശര്‍മ, സകേന്ദ്ര പാസ്വാന്, കൃഷന് കുമാര്‍ എന്നിവരെ ഡി.ആര്.ഐ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്തതിനു ശേഷം ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തി. വടക്കന്‍ കേരളത്തിലെ ജ്വല്ലറികളിലേക്ക് സ്വര്‍ണമെത്തിക്കുന്ന കോഴിക്കോട്ടെ സ്വര്‍ണക്കടത്ത് സംഘത്തിന് വേണ്ടിയാണ് നാലുപേരും പ്രവര്‍ത്തിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കള്ളക്കടത്ത് റാക്കറ്റില്‍നിന്ന് ലഭിക്കുന്ന പ്രതിഫലം ഇവര്‍ വീതിച്ചെടുക്കുകയായിരുന്നു. അറസ്റ്റിലായ നാലുപേരും 2015ല്‍ ഒരേ ബാച്ചിലാണ് സര്‍വിസില്‍ കയറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."